വാനര വസൂരി: ആഫ്രിക്കൻ മൃഗങ്ങളുടെ ഇറക്കുമതിക്ക് താൽക്കാലിക വിലക്ക്
text_fieldsസാജിദ് ആറാട്ടുപുഴ
ദമ്മാം: വാനര വസൂരി (മങ്കിപോക്സ്) പടരുന്നതിനെ തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള മുയൽ, കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ ഇറക്കുമതിക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി സൗദി അറേബ്യ. മനുഷ്യരുമായി ഇടപഴകുന്ന മൃഗങ്ങൾക്കാണ് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം വിലക്ക് പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുടെ നിർദേശാനുസരണം പനി പടരുന്നത് തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമാണ് നടപടി. വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണമനുസരിച്ച് രോഗബാധിതനായ വ്യക്തിയുമായോ മൃഗവുമായോ അല്ലെങ്കിൽ വൈറസ് ബാധിച്ച വസ്തുക്കളുമായോ അടുത്തിടപഴകുന്നതിലൂടെയാണ് വാനര വസൂരി മനുഷ്യരിലേക്ക് പകരുന്നത്. മുറിവുകൾ, ശരീരസ്രവങ്ങൾ, ശ്വസനവായു, കിടക്ക എന്നിവയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
വാനര വസൂരി മൃഗങ്ങൾക്കിടയിലെ പകർച്ചവ്യാധിയാണ്. ഇത് പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകളിലാണ് കണ്ടുതുടങ്ങിയത്. മൃഗങ്ങളും മറ്റു പല വസ്തുക്കളുടെയും കയറ്റുമതി ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെ ഈ വൈറസ് മറ്റു പ്രദേശങ്ങളിലേക്കും പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വൈറസ് പടരുന്നത് തടയാൻ മൃഗവ്യാപാര നിയന്ത്രണത്തിനും വലിയ പങ്കുവഹിക്കാനുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ചില രാജ്യങ്ങൾ ഇതിനകം മനുഷ്യർ ഓമനമൃഗങ്ങളായി വളർത്തുന്നവയുടെ ഇറക്കുമതി താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
പനി ബാധിക്കാൻ സാധ്യതകൂടുതലുള്ള മൃഗങ്ങളെ മറ്റു മൃഗങ്ങളിൽനിന്ന് വേർതിരിച്ച് ഉടനടി ക്വാറന്റീനിൽ പാർപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ച മൃഗവുമായി സമ്പർക്കം പുലർത്തിയേക്കാവുന്ന ഏതെങ്കിലും മൃഗങ്ങളെ ക്വാറന്റീൻ ചെയ്യുകയും സാധാരണ മുൻകരുതലുകളോടെ കൈകാര്യം ചെയ്യുകയും 30 ദിവസത്തേക്ക് വാനര വസൂരി ലക്ഷണങ്ങൾ നിരീക്ഷിക്കുകയും വേണം.
വൈറസിനെക്കുറിച്ച് ലോക മൃഗാരോഗ്യ സംഘടന പങ്കുവെക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി വ്യാപാര രംഗത്ത് വേണ്ട നിയന്ത്രണങ്ങൾ വ്യക്തമാക്കി മന്ത്രാലയം ഫെഡറേഷൻ ഓഫ് ചേംബേഴ്സ് ഓഫ് കോമേഴ്സിന് കത്തയക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.