ഫറസാൻ ദ്വീപിൽ കൂടുതൽ പുരാവസ്തുക്കൾ കണ്ടെത്തി
text_fieldsജിദ്ദ: പ്രവാചകനും മൂന്നും നാലും നൂറ്റാണ്ടുമുമ്പ് സൗദിയിൽ ജനങ്ങൾ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കണ്ടെത്തി. ജീസാൻ നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെ ചെങ്കടലിലെ ഫറസാൻ ദ്വീപുകളിലാണ് പുതിയ പുരാവസ്തുക്കൾ കണ്ടെത്തിയതെന്ന് സൗദി പുരാവസ്തു അതോറിറ്റി അറിയിച്ചു. പാരിസ് സർവകലാശാലയുടെ സഹകരണത്തോടെ സൗദി-ഫ്രഞ്ച് ശാസ്ത്രസംഘം നടത്തുന്ന ഗവേഷണ, ഖനന പ്രവർത്തനങ്ങളിലാണ് കണ്ടെത്തൽ.
എ.ഡി രണ്ടും മൂന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള അന്നത്തെ വാസ്തുവിദ്യ ശൈലികൾ വെളിപ്പെടുത്തുന്ന വസ്തുക്കളടക്കമാണ് കണ്ടെത്തിയത്. രാജ്യത്തെ പൈതൃകസ്ഥലങ്ങളിൽ സർവേയും ഖനനവും നടത്തുന്നതിനും അവ സംരക്ഷിക്കുന്നതിനും സാംസ്കാരികവും സാമ്പത്തികവുമായ വിഭവമെന്ന നിലയിൽ അവയെ രാജ്യത്തിന് പ്രയോജനപ്രദമാക്കി മാറ്റുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
ചെമ്പുകൊണ്ട് നിർമിച്ച റോമൻ കവചം, റോമൻ കാലഘട്ടത്തിൽ ഒന്നാം നൂറ്റാണ്ടു മുതൽ മൂന്നാം നൂറ്റാണ്ടുവരെ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന 'ലോറിക്ക സ്ക്വാമാറ്റ' എന്ന വസ്തു തുടങ്ങിയവ കണ്ടെത്തിയ അപൂർവ വസ്തുക്കളുടെ കൂട്ടത്തിലുണ്ടെന്ന് ശാസ്ത്രസംഘം വെളിപ്പെടുത്തി.
കിഴക്കൻ റോമാ സാമ്രാജ്യത്തിലെ പ്രമുഖനായൊരു ചരിത്രപുരുഷെൻറ പേരിലുള്ള റോമൻ ലിഖിതം, ചെറിയൊരു ശിലാപ്രതിമയുടെ തല എന്നിവയും കണ്ടെത്തിയതിലുൾപ്പെടും.2005ൽ സൗദി-ഫ്രഞ്ച് സംഘം ഫറസാൻ ദ്വീപിൽ നിരീക്ഷണ-പര്യവേക്ഷണ യാത്രകൾ നടത്തിയിരുന്നു. 2011ൽ ദ്വീപിൽ സർവേ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞു. 2011-2020 കാലഘട്ടത്തിൽ നടത്തിയ മുൻ കണ്ടുപിടിത്തങ്ങൾ നിരവധി വാസ്തുവിദ്യ, പുരാവസ്തു കണ്ടെത്തലുകളിലേക്ക് നയിച്ചു. ഈ സ്ഥലങ്ങൾ ബി.സി 1400വരെ പഴക്കമുള്ളതാണെന്നാണ് സൂചന.
ഫറസാൻ ദ്വീപുകളുടെ പുരാവസ്തു മേഖലകളിലെ സർവേ പ്രവർത്തനങ്ങൾ നിരവധി പുരാവസ്തു സ്ഥലങ്ങളും വസ്തുക്കളും കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. രാജ്യത്തിെൻറ തെക്കുഭാഗത്തുള്ള ചരിത്ര തുറമുഖങ്ങളുടെ നാഗരിക സാംസ്കാരിക പ്രാധാന്യത്തെയും ചെങ്കടൽ വ്യാപാരത്തെ നിയന്ത്രിക്കുന്നതിൽ അവക്കുള്ള പങ്കിനെയും പുരാതന സമുദ്ര വാണിജ്യ ഗതാഗത പാതകളെയും കുറിച്ച് സുപ്രധാനമായ സൂചനകൾ ഈ പഠനങ്ങളിൽനിന്ന് ലഭിക്കുന്നു.
-ഈ പുരാവസ്തു കണ്ടെത്തലുകൾ ഫറസാൻ ദ്വീപുകളുടെ സാംസ്കാരികമായ ആഴവും വിവിധ നാഗരികതകളുടെ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിെൻറ പ്രാധാന്യവും അതിെൻറ തന്ത്രപ്രധാനമായ സ്ഥാനവും സ്ഥിരീകരിക്കുന്നു. സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും അവ സംരക്ഷിക്കുന്നതിനും അവയിൽനിന്ന് പ്രയോജനം നേടുന്നതിനും നിരന്തരമായ ശ്രമങ്ങൾ പുരാവസ്തു അതോറിറ്റി തുടരുകയാണ്.
ഫറസാൻ ദ്വീപുകളിൽനിന്ന് കണ്ടെത്തിയ പുരാവസ്തുക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.