ജിദ്ദ വിമാനത്താവളത്തിലേക്കുള്ള ബസ് സർവിസുകൾ കൂട്ടും
text_fieldsജിദ്ദ: ജിദ്ദ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള അതിവേഗ ബസ് സർവിസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി വ്യക്തമാക്കി. ജിദ്ദ എയർപോർട്ട് കമ്പനിയുടെയും സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുടെയും (സാപ്റ്റ്കോ) സഹകരണത്തോടെയാണ് വിമാനത്താവളത്തിലെ ‘നോർത്ത് ടെർമിനൽ ഒന്നു’മായി ബന്ധിപ്പിച്ചുള്ള അതിവേഗ ബസ് സർവിസ് ആരംഭിച്ചിരിക്കുന്നത്.
കോർണിഷ് സ്റ്റേഷനിൽനിന്ന് (ബലദ്) വിമാനത്താവളത്തിലെ നോർത്ത് ടെർമിനലിലേക്കും തിരിച്ചുമുള്ള അതിവേഗ ഗതാഗത പാതയുടെ ആകെ നീളം 104 കിലോമീറ്ററാണ്. വിമാനത്താവളം, സാപ്റ്റ്കോ സ്റ്റേഷനുകൾ എന്നിവക്കു പുറമേ മൂന്നു സ്റ്റോപ്പുകൾ ഈ റൂട്ടിലുണ്ട്.
ആദ്യത്തേത് ഫ്ലമിംഗോ മാളിനു സമീപവും രണ്ടാമത്തേത് അൽഅന്തലുസ് മാളിനു സമീപവും മൂന്നാമത്തേത് അൽമദീന റോഡിൽ അൽബഗ്ദാദിയ ഡിസ്ട്രിക്ടിലുമാണ്. വിമാനത്താവളത്തിലേക്കുള്ള അതിവേഗ ബസ് സർവിസ് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി പറഞ്ഞു.
ബസ് ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള സംയുക്ത സഹകരണ പദ്ധതിയുടെ ഭാഗമായാണിത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും താങ്ങാൻ കഴിയുന്ന 20 റിയാലാണ് ചാർജ്. യാത്രക്കാർക്ക് കൂടുതൽ സേവനം നൽകുന്നതിനും വിമാനത്താവളത്തിലേക്കും തിരിച്ചും യാത്രക്ക് വിവിധ ഓപ്ഷനുകൾ നൽകുന്നതിനുമാണ് ഇങ്ങനെയൊരു ബസ് സർവിസ് ആരംഭിച്ചത്. വിമാനത്താവള അതിവേഗ ബസ് സർവിസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.