നാല് ലക്ഷത്തിലേറെ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ അധികം -പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍
text_fieldsജിദ്ദ: കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാല് ലക്ഷത്തിലേറെ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ ഇത്തവണ എത്തിയതായി സൗദി പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മേജർ സുലൈമാൻ അൽ യഹ്യ പറഞ്ഞു. 17,35391 വിദേശ ഹാജിമാരാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4,10019 തീര്‍ഥാടകരാണ് അധികം. ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍.
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. അനധികൃതമായി മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 143 പേരെ ശിക്ഷിച്ചു. 17 ലക്ഷം റിയാല്‍ പിഴ ഏര്‍പ്പെടുത്തുകയും ചെയ്തു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങളുടെ വരവ് അവസാനിച്ചു. ഇനി സംഘത്തിൽ പെടാത്തവരും വരുന്നവരും മറ്റുമാണ് വരാനുള്ളത്. വിവിധ കാരണങ്ങളാല്‍ നേരത്തെ നിശ്ചയിച്ച യാത്ര മുടങ്ങിയ തീര്‍ഥാടകര്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ വരെ സൗദിയിലെത്താം. ഖത്തറില്‍ നിന്നുള്ള 1500 ഒാളം പേര്‍ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീര്‍ഥാടകരുടെ വരവുമായി ബന്ധപ്പെട്ട് ജിദ്ദ, മദീന വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്പോയിൻറുകളിലും പാസ്പോര്‍ട്ട് വിഭാഗം ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിജയകരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എമിഗ്രേഷന്‍ നടപടികള്‍ അവരവരുടെ സ്വന്തം രാജ്യങ്ങളില്‍ നിന്നു തന്നെ പൂര്‍ത്തിയാക്കുന്ന നടപടി പരീക്ഷണാര്‍ഥം നടപ്പാക്കിയിരുന്നു. രണ്ടായിരത്തോളം മലേഷ്യന്‍ തീര്‍ഥാടകര്‍ക്കാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിനായി നിരവധി ഉദ്യോഗസ്ഥര്‍ ക്വോലാലമ്പൂർ എയര്‍പോര്‍ട്ടില്‍ സേവനമനുഷ്ഠിച്ചിരുന്നു.
കൂടുതല്‍ വിലയിരുത്തലുകള്‍ക്ക് ശേഷം ഇത് വ്യാപിപ്പിക്കുന്നത് പരിശോധിക്കും. വ്യാജ പാസ്പോര്‍ട്ടും വ്യാജ രേഖകളുമായി എത്തിയ 64 തീര്‍ഥാടകരെ തിരിച്ചയച്ചതായും അദ്ദേഹം പറഞ്ഞു. അനധികൃത തീര്‍ഥാടകര്‍ക്കായി വരും ദിവസങ്ങളില്‍ പരിശോധന കർശനമായി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.