വംശനാശഭീഷണി നേരിടുന്ന 1500ലധികം മൃഗങ്ങളെ അൽഉലയിൽ പുനരധിവസിപ്പിക്കും
text_fieldsറിയാദ്: വംശനാശഭീഷണി നേരിടുന്ന 1500ലധികം മൃഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുമായി അൽഉല റോയൽ കമീഷൻ. ഈ ശൈത്യകാലം അവസാനിക്കുന്നതിനു മുമ്പ് അഞ്ചു ഘട്ടങ്ങളായാണ് രാജ്യത്തെ മലമ്പ്രദേശങ്ങളിൽനിന്നും യു.എ.ഇയിൽനിന്നും എത്തിച്ച മൃഗങ്ങളെ തുറന്നുവിടുക. 650 അറേബ്യൻ മാനുകൾ, 550 മരുഭൂ മാനുകൾ, 280 കലമാനുകൾ, 100 മലയാടുകൾ എന്നിവയെ ശഅറാൻ, വാദി നഖ്ല, ഗറാമീൽ എന്നീ പ്രകൃതിസംരക്ഷണ മേഖലകളിൽ പുനരധിവസിപ്പിക്കുന്നത്. ഇതുവരെ 80 മൃഗങ്ങളെ വിട്ടയച്ചതായി റോയൽ കമീഷൻ സ്ഥിരീകരിച്ചു.
ജീവിവർഗങ്ങളുടെ പുനരധിവാസം, ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ, സംരക്ഷിത പ്രദേശ പരിപാലനം, അറേബ്യൻ പുള്ളിപ്പുലി സംരക്ഷണം എന്നിവയുൾപ്പെടെയുള്ള ജൈവവൈവിധ്യ സംരംഭങ്ങളിലാണ് തങ്ങൾ ശ്രദ്ധയൂന്നുന്നതെന്ന് അൽഉല റോയൽ കമീഷൻ വൈൽഡ് ലൈഫ് ആൻഡ് നാച്വറൽ ഹെറിറ്റേജ് എക്സിക്യൂട്ടിവ് ഡയറക്ടർ സ്റ്റീഫൻ ബ്രൗൺ പറഞ്ഞു. അൽഉലയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ പുനരുജ്ജീവന പദ്ധതിയുമായി തങ്ങൾ മുന്നേറുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. 2030നു മുമ്പായി അറേബ്യൻ പുള്ളിപ്പുലിയെ അൽഉലയിലെ സംരക്ഷിത മേഖലയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്മാർട്ട് സോഫ്റ്റ്വെയർ വഴിയുള്ള കാമറ സംവിധാനം, സാറ്റലൈറ്റ് ട്രാക്കിങ് കോളറുകൾ എന്നിവ ഉപയോഗിച്ച്, പുതുതായി തുറന്നുവിട്ട മൃഗങ്ങളെ നിരീക്ഷിക്കും. ജീവജാലങ്ങളെ നിരീക്ഷിക്കാനും സംരക്ഷിക്കാനും സൗരോർജ സംവിധാനം ഉപയോഗിക്കുന്നത് അൽഉലയിൽ ഇതാദ്യമാണ്. തുറന്നുവിടുന്നതിനു മുമ്പ് മൃഗങ്ങളുടെ കായികക്ഷമത ഉറപ്പാക്കാൻ വിപുലമായ ജനിതക, ശാരീരിക പരിശോധന നടത്തുന്നുണ്ട്. രാജ്യത്തിന്റെ വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റിവ്, ഗ്രീൻ മിഡിലീസ്റ്റ് ഇനിഷ്യേറ്റിവ് എന്നിവക്കനുസൃതമായാണ് അൽഉല റോയൽ കമീഷന്റെ പാരിസ്ഥിതിക, വന്യജീവി സംരക്ഷണ പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.