ഹജ്ജ് കർമത്തിന് ഇനി മൂന്നാഴ്ച; ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സൗദിയിലെത്തി
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സൗദിയിലെത്തി. വിമാനമാർഗമാണ് ഇത്രയും തീർത്ഥാടകർ സൗദിയിലെത്തിയത്. തിങ്കളാഴ്ച വരെ 99,884 തീർത്ഥാടകരാണ് രാജ്യത്ത് എത്തിയത്. തിങ്കളാഴ്ച മാത്രം രാജ്യത്തെത്തിയ തീർത്ഥാടകരുടെ എണ്ണം 17,132 ആണ്. മദീനയിലെ പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളം വഴി തിങ്കളാഴ്ച 13,123 തീർത്ഥാടകരെത്തി. നേരത്തെ മദീന വഴി 73,891 തീർത്ഥാടകർ എത്തിയിരുന്നു. 9,131 തീർത്ഥാടകർ മദീനയിൽ നിന്ന് മക്കയിൽ എത്തിയിട്ടുണ്ട്.
മദീനയിൽ തീർത്ഥാടകരുടെ പാർപ്പിടത്തിന്റെ നിലവാരവും ഗുണനിലവാരവും വിലയിരുത്തുന്നതിന് 189 പരിശോധനാ ടൂറുകൾ അധികൃതർ ഇതിനോടകം നടത്തി. വഴി തെറ്റിയ 121 തീർത്ഥാടകർക്ക് അവരുടെ താമസ്ഥലം കണ്ടെത്തുന്നതിന് സഹായം ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച തീർത്ഥാടകരുടെയടുത്ത് 13 പരിശോധനാ സന്ദർശനങ്ങളും സേവനദാതാക്കളുടെ പ്രകടനം വിലയിരുത്താൻ 86 സന്ദർശനങ്ങളും നടത്തി. തീർത്ഥാടകരുടെ താമസ സൗകര്യം വിലയിരുത്തുന്ന പരിശോധന 75 ശതമാനം പൂർത്തിയാക്കി. ഇതുവരെ ഒരു തീർത്ഥാടകരെയും കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏജൻസി അറിയിച്ചു.
തീർത്ഥാടകർ വിമാനത്താവളത്തിലെത്തുമ്പോൾ അവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയം വേഗത്തിലാക്കാനും ഏജൻസി ശ്രമിക്കുന്നു. 2019 വർഷത്തെ ഹജ്ജ് വേളയിൽ ഒരു തീർത്ഥാടകന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിമാനത്താവളത്തിൽ 36 മിനിറ്റാണ് എടുത്തിരുന്നതെങ്കിൽ ഈ വർഷം അത് ശരാശരി 29 മിനിറ്റായി കുറഞ്ഞിട്ടുണ്ട്. ഒരു തീർത്ഥാടകന്റെ വിശ്രമമുറിക്കകത്തും പുറത്തുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ശരാശരി സമയം ഈ വർഷത്തെ ഹജ്ജിന് 102 മിനിറ്റാണ്. 2019 ൽ ഇത് 127 മിനിറ്റായിരുന്നു. മക്ക റോഡ് ഇനീഷ്യേറ്റീവിന് കീഴിൽ ഒരു തീർത്ഥാടകന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ശരാശരി സമയം ഈ വർഷം 55 മിനിറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.