മൊറോക്കോ ഭൂകമ്പം: പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കി സൗദി എംബസി
text_fieldsയാംബു: വെള്ളിയാഴ്ച രാത്രി മൊറോക്കോയെ പിടിച്ചുലച്ച ഭൂകമ്പത്തിൽ സൗദി പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തി എംബസി. മൊറോക്കോയിലെ ചരിത്രനഗരമായ മറാകിഷിലും സമീപത്തുള്ള അഞ്ച് പ്രവിശ്യകളിലുമാണ് പ്രാദേശിക സമയം രാത്രി 11.11ന് റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആയിരത്തിലേറെ പേർ മരിക്കുകയും അതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂകമ്പത്തിന്റെ ഇരകളിൽ വിവിധ രാജ്യക്കാരായ നിരവധിപേർ ഉള്ളതായാണ് വിവരം. പൈതൃക കേന്ദ്രമായതിനാൽ നിരവധി വിദേശ സഞ്ചാരികൾ എത്തുന്ന സ്ഥലത്താണ് ഭൂകമ്പം ഉണ്ടായത്.
ദുരന്തത്തിൽ തങ്ങളുടെ പൗരന്മാരധികവും സുരക്ഷിതരായിരിക്കുന്നുവെന്ന് സൗദി എംബസി വൃത്തങ്ങൾ അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽനിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ എംബസി മൊറോക്കൻ ഭരണകൂടവുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും സുരക്ഷ ഒരുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തുകയാണെന്നും അധികൃതർ പറഞ്ഞു.
പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ ഭൂകമ്പ ദുരന്തങ്ങളിലൊന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന മൊറോക്കോക്ക് എല്ലാ വിധ പിന്തുണയും സഹായവും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂചലനത്തിന്റെ അനന്തരഫലങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സൗദി എംബസി അറിയിച്ചു.
സൗദി പൗരന്മാരുടെ സുരക്ഷ എംബസി സ്ഥിരീകരിക്കുകയും പ്രതിസന്ധി ഘട്ടത്തിൽ മൊറോക്കോ ഭരണകൂടത്തിന്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. മൊറോക്കോ സർക്കാരിനും ജനങ്ങൾക്കും സൗദി എംബസി അനുശോചനവും എല്ലാവിധ പിന്തുണയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.