സൗദിയിൽ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം
text_fieldsജിദ്ദ: വിദേശ തൊഴിലാളികൾ സൗദി അറേബ്യയിലെ കൂടുതൽ തൊഴിൽ മേഖലകളിൽനിന്ന് പുറത്താവും. കൂടുതൽ തൊഴിലുകളും തൊഴിൽ മേഖലകളും സ്വദേശിവത്കരിക്കാൻ തീരുമാനിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയായിരിക്കും ഇത് നടപ്പാക്കുക. ഒരു കൂട്ടം തൊഴിലുകളുടെ സ്വദേശിവത്കരണം ഇതിനകം നടപ്പായതായും മന്ത്രാലയം പറഞ്ഞു.
പ്രോജക്ട് മാനേജ്മെന്റ്, പ്രൊക്യുർമെന്റ്, സെയിൽസ്, ചരക്ക് പ്രവർത്തനങ്ങൾക്കും ചരക്ക് ബ്രോക്കർമാർക്കും സേവനങ്ങൾ നൽകുന്ന ഔട്ട്ലറ്റുകൾ, ലേഡീസ് അലങ്കാര തയ്യൽ പ്രവർത്തനങ്ങൾക്കുമുള്ള ഔട്ട്ലറ്റുകൾ എന്നിവ സ്വദേശിവത്കരിക്കുന്നതിലുൾപ്പെടും. രാജ്യത്തുടനീളം പല ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. സൗദി പൗരന്മാർക്ക് കൂടുതൽ കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം ഉയർത്തുക എന്നീ ലക്ഷ്യത്തോടെയാണിതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
പ്രോജക്ട് മാനേജ്മെൻറ് ജോലികളുടെ സ്വദേശിവത്കരണത്തിൽ പ്രോജക്ട് മാനേജ്മെൻറ് മാനേജർ, പ്രോജക്ട് മാനേജ്മെൻറ് സ്പെഷലിസ്റ്റ് എന്നിവ ഉൾപ്പെടും. രണ്ട് ഘട്ടങ്ങളിലായി മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ആദ്യഘട്ടം 35 ശതമാനവും രണ്ടാംഘട്ടത്തിൽ 40 ശതമാനവും സ്വദേശിവത്കരിക്കാനാണ് പദ്ധതി. മൂന്നോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പ്രോജക്ട് മാനേജ്മെന്റ് ജോലികൾക്ക് തീരുമാനം ബാധകമായിരിക്കും. 6,000 റിയാലാണ് ഈ തസ്തികകളിലെ കുറഞ്ഞ വേതനം.
മൂന്നോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ പ്രൊക്യുർമെൻറ് ജോലികൾ 50 ശതമാനം സ്വദേശിവത്കരിക്കും. പ്രൊക്യുർമെന്റ് ജോലികളിൽ പർച്ചേഴ്സിങ് മാനേജർ, പർച്ചേഴ്സിങ് റപ്രസന്റേറ്റിവ്, കരാർ മാനേജർ, സ്വകാര്യ ലേബൽ പ്രൊക്യുർമെന്റ് സ്പെഷലിസ്റ്റ്, ബിഡ്ഡിങ് സ്പെഷലിസ്റ്റ് എന്നിവ ഉൾപ്പെടും.
അഞ്ച് അല്ലെങ്കിൽ അതിൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവത്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സെയിൽസ് പ്രഫഷനുകളിൽ സെയിൽസ് മാനേജർ, ഇന്റേണൽ സെയിൽസ് ആൻഡ് കസ്റ്റമർ സർവിസ് മാനേജർ, പേറ്റന്റ് സ്പെഷലിസ്റ്റ്, മാർക്കറ്റിങ് സെയിൽസ് എക്സ്പെർട്ട്, പ്രിന്റർ ആൻഡ് കോപ്പിയിങ് എക്യുപ്മെന്റ് സെയിൽസ്മാൻ, കമ്പ്യൂട്ടർ സെയിൽസ്പേഴ്സൻ, സെയിൽസ് റപ്രസന്റേറ്റിവ്, റീട്ടെയിൽ സെയിൽസ് മാനേജർ, ഹോൾസെയിൽ സെയിൽസ് മാനേജർ, കമേഴ്സ്യൽ സ്പെഷലിസ്റ്റ്, സെയിൽസ് സ്പെഷലിസ്റ്റ് എന്നീ ജോലികൾ ഉൾപ്പെടും.
ചരക്ക് പ്രവർത്തനങ്ങൾക്കും ചരക്ക് ബ്രോക്കർമാർക്കും സേവനങ്ങൾ നൽകുന്ന ഔട്ട്ലറ്റുകളിൽ 14 ജോലികൾ സ്വദേശിവത്കരിക്കും. ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രാലയത്തിന്റെയും പൊതുഗതാഗത അതോറിറ്റിയുടെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക. ലേഡീസ് അലങ്കാര, തയ്യൽ സേവനങ്ങൾ നൽകുന്ന ഔട്ട്ലറ്റുകളിലെ അഡ്മിനിസ്ട്രേഷൻ ജോലികൾ പൂർണമായും സ്വദേശിവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ ഔട്ട്ലറ്റുകളിലെ സാങ്കേതിക തൊഴിലുകളിൽ പത്തോ അതിലധികമോ സ്ത്രീ തൊഴിലാളികളെ നിയമിക്കുമ്പോൾ സാങ്കേതിക തൊഴിലുകളിൽ ഒരു സൗദി വനിത തൊഴിലാളി ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുകയെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. തപാൽ, പാഴ്സൽ ഗതാഗത മേഖലയിലെ സ്വദേശിവത്കരണം രണ്ടാംഘട്ടം നടപ്പാക്കുന്നത് ഏപ്രിൽ ഒന്നു മുതൽ ആരംഭിച്ചതായും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.