മഹാമാരിയുടെ മുറിവേറ്റവരില്‍ കൂടുതലും കുടുംബിനികളും കുട്ടികളും –ഹംന മറിയം
text_fieldsജിദ്ദ: കോവിഡ് മഹാമാരി ഏല്പിച്ച വിവരണാതീതമായ പ്രയാസങ്ങളുടെ ഏറ്റവും വലിയ ഇരകളായ കുടുംബിനികളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ യഥാവിധി മനസ്സിലാക്കി പരിഹാരം കാണാനും ആത്മവിശ്വാസം പകര്ന്നുനല്കി അവരെ ചേര്‍ത്തുനിര്‍ത്താനും കൂട്ടായ ശ്രമം അനിവാര്യമാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ഹംന മറിയം പറഞ്ഞു.
'മഹാമാരിയുടെ മുറിവുണക്കാം' എന്ന വിഷയത്തില്‍ ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യെറ്റിവ് (ജി.ജി.ഐ) ജിദ്ദ നാഷനല്‍ ഹോസ്പിറ്റലുമായി (ജെ.എന്‍.എച്ച്) ചേര്‍ന്ന് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
മഹാമാരിയുടെ കാലത്ത് മാസങ്ങളോളം വീടിെൻറ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുകയും വിശ്രമമില്ലാതെ കഠിനമായി ജോലി ചെയ്യേണ്ടിവരുകയും മക്കളുടെയും ജീവിതപങ്കാളിയുടെയും പ്രയാസങ്ങളും പരിഭവങ്ങളും സ്വയം പേറേണ്ടി വരുകയും ചെയ്ത പ്രവാസി വീട്ടമ്മമാര്‍ നേരിടുന്ന കടുത്ത മാനസികപിരിമുറുക്കത്തില്‍നിന്ന് അവര്‍ക്ക് രക്ഷയേകേണ്ടതും ആശ്വാസം പകരേണ്ടതും സാമൂഹികബാധ്യതയായി മാറിയിരിക്കുകയാണെന്ന് ഹംന ചുണ്ടിക്കാട്ടി. സൗദിയിലെ ഇന്ത്യന്‍ വൈദ്യശാസ്ത്ര വിദഗ്ധര്‍ പാനല്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ജെ.എന്‍.എച്ച് മാനേജിങ് ഡയറക്ടര്‍ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ശിശുരോഗവിദഗ്ധനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. എം.എസ്. കരീമുദ്ദീന്‍ (ഇനിയെങ്ങനെ ക്രിയാത്മകജീവിതം തുടരാം), അബീര്‍ മെഡിക്കല്‍ ഗ്രൂപ് വൈസ് പ്രസിഡൻറ് ഡോ. ജംഷീദ് അഹ്മദ് (ആരോഗ്യപ്രവര്‍ത്തര്‍ മഹാമാരിയെ നേരിട്ടവിധം), മനോരോഗ വിദഗ്ധനായ ഡോ. ഫ്രാന്‍സിസ് സേവ്യര്‍ (കോവിഡുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങള്‍), ഡോ. ഇന്ദു ചന്ദ്രശേഖരന് (വാക്സിനുമായി ബന്ധപ്പെട്ട ആശങ്കകള്‍), ഡോ. ശമീര്‍ ചന്ദ്രോത്ത് (മഹാമാരി പോരാട്ടത്തിലെ പാഠങ്ങള്‍), ഡോ. വിനീതാ പിള്ള (സ്ത്രീകളുടെ മാനസികസംഘര്‍ഷം എങ്ങനെ ദുരീകരിക്കാം), ജെ.എന്‍.എച്ച് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഷ്ക്കാത്ത് മുഹമ്മദ് അലി (വിജയകരമായ പോരാട്ടത്തിെൻറ ബാക്കിപത്രം), ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ സ്റ്റുഡന്‍സ് കൗണ്‍സലര്‍ റംസീന മൗഷ്മി (കുട്ടികളുടെ മാനസികസംഘര്‍ഷം ഇല്ലായ്മ ചെയ്യാം) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. മഹാമാരി ഏല്പിച്ച മാനസിക ആഘാതത്തില്‍നിന്നും പ്രവാസികുടുംബങ്ങളെ കരകയറ്റുന്നതിെൻറ നാനാവഴികളെയും വെല്ലുവിളികളെയും പ്രതിവിധികളെയുംകുറിച്ച് പാനലിസ്റ്റുകള്‍ വിശകലനം നടത്തി.
ജെ.എന്‍.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജി.ജി.ഐ പ്രസിഡൻറ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഹസന് ചെറൂപ്പ സ്വാഗതവും അഷ്റഫ് പട്ടത്തില്‍ നന്ദിയും പറഞ്ഞു. ഇബ്രാഹിം ശംനാട് ഖിറാഅത്ത് നടത്തി. എച്ച് ആൻഡ് ഇ ലൈവ് ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂരിന് ഹംന മറിയം ഉപഹാരം സമ്മാനിച്ചു. അബ്ബാസ് ചെമ്പൻ, കബീര്‍ കൊണ്ടോട്ടി, ജലീല്‍ കണ്ണമംഗലം, അബ്ദുല്ലക്കുട്ടി ചെട്ടിപ്പടി, സാദിഖലി തുവ്വൂര്‍, നൗഫല്‍ പാലക്കോത്ത്, മന്‍സൂര്‍ വണ്ടൂര്‍, ഗഫൂര്‍ കൊണ്ടോട്ടി, സി.ടി മന്‍സൂര്‍, ആലുങ്ങല്‍ ചെറിയ മുഹമ്മദ്, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, റഹ്മത്ത് ആലുങ്ങല്‍, ഹബീറ മന്‍സൂര്‍, റഹ്മത്ത് നൗഫല്‍, നാസിറ സുല്‍ഫിക്കര്‍, ശബ്ന കബീര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.