വൈകാരികമായ ആചാരങ്ങൾ കൊണ്ട് മാതൃഭാഷയെ രക്ഷിക്കാനാവില്ല -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
text_fieldsജിദ്ദ: മാതൃഭാഷയെ സ്നേഹിക്കുന്നതിനായി നടത്തുന്ന വൈകാരികവും യാന്ത്രികവുമായ ശ്രമങ്ങൾ സാംസ്കാരികരംഗത്ത് പലപ്പോഴും അനുഷ്ഠാനപരമായ ആചാരമായി മാറുകയാണെന്ന് പ്രശസ്ത എഴുത്തുകാരനും കഥാകൃത്തുമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ച ‘മൊഴിമലയാളം-2023’ വെർച്വൽ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോലിക്കുവേണ്ടി ഏതു ഭാഷയും പഠിക്കാൻ തയാറാകുന്ന ഒരു സമൂഹത്തിൽ ഭാഷ തൊഴിലധിഷ്ഠിതവും ജൈവികവുമായി നിലനിർത്താനുള്ള പ്രായോഗിക സമീപനമാണ് ആവശ്യം.
സർഗാത്മക രചനകളുടെ പൊതുവായനകളെ ഇല്ലാതാക്കി സിലബസിനു പുറത്തേക്ക് വിദ്യാർഥികൾക്ക് ചിന്തിക്കാൻ കഴിയാത്ത തരത്തിൽ, കോളജുകളിൽ പിന്തുടരുന്ന ഇപ്പോഴത്തെ സെമസ്റ്റർ സമ്പ്രദായം മാറിയിരിക്കുകയാണ്. കേരളത്തിലും പുറത്തുമായി ഓരോ മാസവും നിരവധി പുസ്തകമേളകൾ നടക്കുകയും ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും പുസ്തകങ്ങളുടെ ബാഹുല്യം നിമിത്തം ഗുണമേന്മയുള്ള പല കൃതികളും നല്ല എഴുത്തുകാരും തിരിച്ചറിയപ്പെടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ബുക്ക് എക്സിബിഷനുകളും ഒരു തരം പ്രകടന പരതയിലേക്ക് വഴിമാറുകയാണെന്ന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ചൂണ്ടിക്കാട്ടി. മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായ പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ രജിസ്ട്രാറും പ്രശസ്ത കവിയുമായ വിനോദ് വൈശാഖി മുഖ്യാതിഥിയായിരുന്നു.
കുട്ടികളോട് സംവദിച്ചും കവിത ചൊല്ലിക്കൊണ്ടും അദ്ദേഹം മാതൃഭാഷാ പ്രഭാഷണം നടത്തി. എം.ടി. വാസുദേവൻ നായർ എഴുതിയ മാതൃഭാഷാ പ്രതിജ്ഞ സൗദി ചാപ്റ്റർ പ്രവർത്തകസമിതി അംഗം റഫീഖ് പത്തനാപുരം ചൊല്ലിക്കൊടുത്തു.
നജിം കൊച്ചുകലുങ്ക്, എം. ഫൈസൽ, നന്ദിനി മോഹൻ, ബഷീർ വരോട്, ഇഖ്ബാൽ വെളിയങ്കോട് എന്നിവർ സംസാരിച്ചു. മലയാളം മിഷൻ വിദഗ്ധ സമിതി ചെയർപേഴ്സൻ ഷാഹിദ ഷാനവാസും അധ്യാപികയും ചാപ്റ്റർ വിദഗ്ധ സമിതി അംഗവുമായ ലീന കൊടിയത്തും അവതാരകരായിരുന്നു. മലയാളം മിഷൻ വിദ്യാർഥികളായ ശ്രാവൺ സുധീർ, റഫാൻ മുഹമ്മദ് റഫി, നേഹ പുഷ്പരാജ്, സിദ്ര സൈതലവി, അൽന എലിസബത്ത് ജോഷി, നാദിയ നൗഫൽ, മുഹമ്മദ് സിദാൻ, ജോസ്ന മേരി ഷാജി, സാധിക വിജീഷ് എന്നിവർ വൈലോപ്പിള്ളി ശ്രീധര മേനോന്റെയും ഒ.എൻ.വി കുറുപ്പിന്റെയും കവിതകൾ കോർത്തിണക്കി കൊണ്ടുള്ള കാവ്യാഞ്ജലി അവതരിപ്പിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് സ്വാഗതവും ചാപ്റ്റർ പ്രവർത്തക സമിതി അംഗം ഷാനവാസ് കളത്തിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.