ഇംഗ്ലീഷ് ഭാഷാപഠനം മികവുറ്റതാക്കാൻ യു.എസ് ഗ്രൂപ്പുമായി ധാരണ
text_fieldsജുബൈൽ: സൗദി വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപഠനം മികവുറ്റതാക്കാൻ യു.എസ് ഗ്രൂപ്പുമായി സൗദി വിദ്യാഭ്യാസമന്ത്രി ഹമദ് അൽശൈഖ് ധാരണപത്രത്തിൽ ഒപ്പുവെച്ചു.
സൗദിയിലെ 50 പ്രൈമറി സ്‌കൂളുകളിൽ ഇംഗ്ലീഷ് ഭാഷ പാഠ്യപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇംഗ്ലീഷ് ഭാഷവിഭാഗവും യു.എസ് ഗ്രൂപ്പും ധാരണയായത്.
ഭാഷാധ്യാപന പുസ്‌തകങ്ങളും സാമഗ്രികളും സേവനങ്ങളും നൽകുന്നതിൽ വൈദഗ്ധ്യമുള്ള യു.എസ് ഏജൻസി എം.എം അമേരിക്കൻ പബ്ലിഷിങ് ഗ്രൂപ്പിന്റെ സി.ഇ.ഒ ജിയാനിസ് മാൽകോഗിയാനിസുമായാണ് വിദ്യാഭ്യാസമന്ത്രി കരാറിൽ എത്തിയത്.
ഇംഗ്ലീഷ് ഭാഷാ പാഠ്യപദ്ധതികൾ നൽകുന്നതിൽ സൗദി വിദ്യാഭ്യാസ മന്ത്രാലയവും എം.എം ഗ്രൂപ്പും തമ്മിലുള്ള സഹകരണം കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ചചെയ്തു.
നാലാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ സ്കൂളുകൾക്ക് ഗ്രൂപ്പ് മുമ്പ് ഇംഗ്ലീഷ് ഭാഷാ പാഠ്യപദ്ധതി തയാറാക്കി നൽകിയിട്ടുണ്ട്. ഡിജിറ്റൽ നൈപുണ്യ പാഠ്യപദ്ധതിയും എൻജിനീയറിങ് പാഠ്യപദ്ധതിയും നൽകുന്ന 'നറി ലോജിക്' കമ്പനിയും ഗ്രൂപ്പിന് സ്വന്തമാണ്.
മികച്ച ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വികസിപ്പിക്കുന്നതിലൂടെ ഈ മേഖലയിൽ യുവതക്ക് പുരോഗതി സൃഷ്ടിക്കുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് ത്വാഇഫിലെ മന്ത്രാലയത്തിലെ വിദ്യാഭ്യാസ മേൽനോട്ട വകുപ്പിന്റെ മുൻ ഡയറക്ടറും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ അഹ്മദ് അസിരി പറഞ്ഞു. യു.എസ് സ്പെഷലിസ്റ്റുകൾക്ക് ഈ പ്രായത്തിലുള്ളവരുമായി ഇടപഴകുന്നതിൽ പരിചയവും ഉയർന്ന അനുഭവവും ഉണ്ട്. മനോഹരമായ ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കുന്ന ഡിജിറ്റൽ പ്രോഗ്രാമുകളിലൂടെ അറിവ് കൈമാറുന്നതിന് അവർക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.