സിനിമാമോഹങ്ങൾ ബാക്കി; നാലു പതിറ്റാണ്ടിനുശേഷം ഗംഗൻ വള്ളിയോട്ട് നാടണയുന്നു
text_fieldsദമ്മാം: ആദ്യം പ്രവാസിയായെത്തിയ കൊൽക്കത്തയിൽനിന്ന് ഏറ്റവും വലിയ മോഹമായ സിനിമ നിർമിക്കാനുള്ള പണമുണ്ടാക്കാൻ കടൽ കടന്ന ചെറുപ്പക്കാരൻ മോഹങ്ങൾ ബാക്കിയാക്കി സൗദി അറേബ്യയിലെ നാലു പതിറ്റാണ്ട് നീണ്ട പ്രവാസത്തിനൊടുവിൽ മടങ്ങുന്നു.
65 വയസ്സിനുള്ളിൽ ഏതാണ്ട് 50 വർഷവും കണ്ണൂർ തളിപ്പറമ്പിൽ വള്ളിയോട്ട് വീട്ടിൽ ഗംഗൻ പ്രവാസത്തിലായിരുന്നു. പത്താം ക്ലാസ് പഠനം കഴിഞ്ഞ് ഒരു വർഷം കൊണ്ട് ടൈപിങ്ങും ഷോർട്ട് ഹാൻഡ് കോഴ്സും പാസായതോടെ ജോലി അന്വേഷിച്ച് ഗംഗൻ കൊൽക്കത്തയിലെത്തി. സ്റ്റെനോഗ്രാഫറായി ഭേദപ്പെട്ട ശമ്പളത്തിൽ ജോലി കിട്ടിയതോടെ ഈവനിങ് ക്ലാസിൽ പോയി ബി.എ ബിരുദമെടുത്തു.
ചെറുപ്പത്തിലേ ഉള്ളിൽ കുടിയേറിയ സിനിമ സ്വപ്നങ്ങളാണ് തൊഴിൽ തേടി കൊൽക്കത്തയിൽ പോകാൻ ഗംഗനെ പ്രേരിപ്പിച്ചത്. അവിടെ എത്തിയതോടെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൽ സജീവമായി. വിശ്രുത ചലച്ചിത്രകാരൻ സത്യജിത് റായ് അതിന്റെ തലപ്പത്തെത്തിയതോടെ അദ്ദേഹത്തിന്റെ വീട്ടിലെ നിത്യസന്ദർശകനും അടുത്ത അനുയായിയുമായി. പഥേർ പാഞ്ചാലിയെക്കുറിച്ചൊക്കെ അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് അഭിപ്രായങ്ങൾ പറയാൻ ഗംഗന് ഭാഗ്യമുണ്ടായി.
വർഷംതോറും നടക്കുന്ന ചലച്ചിത്രമേളകളിൽ പങ്കെടുക്കാൻ എത്തുന്ന മലയാള ചലച്ചിത്ര പ്രതിഭകളായ അടൂരും പത്മരാജനുമൊക്കെ ഗംഗന്റെയും പ്രിയപ്പെട്ടവരായി. അന്ന് മലയാളനാട് വാരികയിൽ കൊൽക്കത്തയിൽ നിന്നുള്ള സിനിമാവിശേഷങ്ങളുമായി ഗംഗൻ വള്ളിയോട്ടിന്റെ കുറിപ്പുകൾ ഇടക്കിടക്ക് പ്രത്യക്ഷപ്പെടുമായിരുന്നു.
നടൻ രാഘവനുമായുള്ള ആത്മബന്ധം ഒരു സിനിമ നിർമിക്കുക എന്ന മോഹത്തിലേക്ക് കൊണ്ടെത്തിച്ചു. ഒരു സുഹൃത്തിനൊപ്പം അതിന്റെ ചർച്ചകളും കഥയെഴുത്തും ഒക്കെയായി മുന്നോട്ടുപോയി. ഷൂട്ടിങ് ആരംഭിക്കാനുള്ള ഒരുക്കത്തിലേക്ക് എത്തിയപ്പോഴേക്കും പണം മുടക്കാമെന്നേറ്റ സുഹൃത്ത് പിന്തിരിഞ്ഞു.
ഇതോടെ നിരാശനായ ഗംഗൻ എങ്ങനെയും പണമുണ്ടാക്കി സ്വന്തമായി പടം പിടിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് മുംബൈയിലെത്തി ട്രാവൽ ഏജൻസി വഴി 1982ൽ സൗദി കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിലുള്ള അലി അൽമുഅല്ലം കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സെക്രട്ടറി ജോലിക്ക് എത്തുന്നത്.
കൊൽക്കത്തയിലെ ആർഭാടങ്ങളിൽനിന്ന് വികസനം പിച്ചവെച്ചിട്ടു പോലുമില്ലാത്ത സൈഹാത്തിലെത്തിയ ഗംഗന് പിടിച്ചുനിൽക്കാൻ ഏറെ പാടുപെടേണ്ടിവന്നു.
ഒന്ന് പരുവപ്പെട്ടുവരുമ്പോഴേക്കും വർഷങ്ങൾ പോയതറിഞ്ഞില്ല. മാത്രമല്ല, കമ്പനിയുടെ മൊത്തം ചുമതലക്കാരനും സൈഹാത്തിലെ ഫുട്ബാൾ ഗ്രൂപ്പിലെ മികച്ച കളിക്കാരനുമായി ഗംഗൻ മാറിയിരുന്നു. ഇതിനിടയിൽ സൈഹാത്തിലെ ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്ന ഗായകൻ ബ്രഹ്മാനന്ദന്റെ സഹോദരൻ പ്രദീപുമായുള്ള സൗഹൃദത്തിൽ ഏഴു മാസംകൊണ്ട് ഒരു ഹ്രസ്വസിനിമ നിർമിച്ച് തന്റെ സിനിമാമോഹത്തിന് താൽക്കാലിക ആശ്വാസം നൽകി.
‘അപശ്രുതിയെ’ന്നായിരുന്നു അതിന്റെ പേര്. ഏറെ പരിമിതികളുണ്ടായിരുന്ന സൗദി സാഹചര്യങ്ങളെ മറികടന്ന് ഈ ഹ്രസ്വസിനിമ യാഥാർഥ്യമാക്കാൻ നന്നായി പണിപ്പെടേണ്ടിവന്നു. സുഹൃത്തായ ചലച്ചിത്ര നിരൂപകൻ വിജയ്കൃഷ്ണന്റെ പ്രേരണയാൽ ഡോക്യുമെന്ററി സിനിമയുടെ നിർമാതാവുമായി.
വിവാഹം കഴിച്ച് കുട്ടികളായതോടെ ആഗ്രഹങ്ങൾ അടക്കിപ്പിടിച്ച് ഗംഗന് പ്രവാസം തുടരേണ്ടിവന്നു. അതിനിടയിൽ 40 വർഷം പിന്നിട്ടത് അറിഞ്ഞതേയില്ല. ഒ.ഐ.സി.സി, കണ്ണൂർ പ്രവാസി അസോസിയേഷൻ, വേൾഡ് മലയാളി ഫെഡറേഷൻ എന്നീ പ്രവാസി സംഘടനകളിൽ സജീവമായിരുന്നു. കണ്ണൂർ പ്രവാസി അസോസിയേഷനുവേണ്ടി നാടകമെഴുതി സംവിധാനം ചെയ്ത്, അഭിനയിച്ച് മറ്റൊരാഗ്രഹംകൂടി നിറവേറ്റി.
ഇന്ന് സൈഹാത്ത് ഏറെ വികസിച്ചതായി ഗംഗൻ പറയുന്നു. ഈ നഗരം വളർന്നത് എന്റെ കൺമുന്നിലാണ്. അന്ന് ഞങ്ങൾ ഫുട്ബാൾ കളി കഴിഞ്ഞ് കാൽ കഴുകാൻ പോയിരുന്നത് കടലിലായിരുന്നു. ഇന്ന് അവിടെയൊക്കെ വൻ കെട്ടിടങ്ങളാണ്. കവിതയെഴുത്തും വായനയും നല്ല സുഹൃത്തുക്കളുമാണ് ജീവിതത്തെ സന്തോഷിപ്പിക്കുന്നതെന്നും സൈഹാത്തിലെ പരിചയക്കാർക്കെല്ലാം ‘ഗംഗേട്ടൻ’ ആയ അദ്ദേഹം പറഞ്ഞു.
മകൻ വിശാൽ ആസ്ട്രേലിയയിൽ എം.ടെക്കിന് പഠിക്കുന്നു. മകൾ വർഷ ബി.ഡി.എസ് ഡോക്ടറാണ്. ഭാര്യ ശ്രീജയും മക്കളും പ്രവാസത്തിലും ഒപ്പമുണ്ടായിരുന്നു എന്നതാണ് ഏറെ സന്തോഷകരം. ഇനി ഞാൻ കാണാത്ത എന്റെ നാട്ടിൽ സമാധാനത്തോടെ ജീവിക്കണം -ഗംഗൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.