ഇന്ത്യൻ എംബസിയിലെ ജനകീയ മുഖം എം.ആർ. സജീവ് വിരമിക്കുന്നു
text_fieldsറിയാദ്: പ്രവാസി പ്രശ്നങ്ങളിലെ സജീവ ഇടപെടലുകളിലൂടെ ജനകീയനായി മാറിയ ഇന്ത്യൻ എംബസി സാമൂഹികക്ഷേമ വിഭാഗം മേധാവി എം.ആർ. സജീവ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. വിദേശ സർവിസിലെ 38 വർഷം നീണ്ട ദൗത്യനിർവഹണത്തിനാണ് ഈ മാസം 30-ന് വിരാമം കുറിക്കുന്നത്. കോവിഡ് കാലത്തിന് തൊട്ട് മുമ്പ് റിയാദിലെത്തി ആദ്യം ഹെഡ് ഓഫ് ചാൻസറിയും പിന്നീട് വെൽഫെയർ വിങ് കോൺസുലറുമായി ചുമതല വഹിച്ച അദ്ദേഹം ഇന്ത്യൻ പ്രവാസികൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട കാലത്ത് പ്രശ്നങ്ങൾ ലഘൂകരിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കോവിഡ് കാലത്ത് ആളുകളെയും മൃതദേഹങ്ങളും നാട്ടിൽ അയക്കാൻ ഇന്ത്യൻ മിഷെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. റെസിഡൻറ് പെർമിറ്റ് പുതുക്കാനാവാതെയും ‘ഹുറൂബ്’ എന്ന നിയമകുരുക്കിലായും അനധികൃതരായി കഴിഞ്ഞ നിരവധി ആളുകൾക്ക് നാടണയാൻ സൗകര്യമൊരുക്കി. രോഗികളെ യഥാസമയം നാട്ടിലെത്തിക്കാനും ദുരിതത്തിലകപ്പെടുന്ന വീട്ടുവേലക്കാരികളെയും മറ്റും രക്ഷപ്പെടുത്താനുമുള്ള എംബസിയുടെ പ്രവർത്തനം ത്വരിതപ്പെടുത്താനും പരമാവധി അദ്ദേഹം ശ്രമിച്ചു.
ആവലാതികളുമായി എംബസിയിലെത്തുന്ന സാധാരണക്കാരായ തൊഴിലാളികളെ ചിരി നിറഞ്ഞ മുഖവുമായി എതിരേൽക്കുന്ന അദ്ദേഹം അത്തരം ദുരിത ജീവിതങ്ങൾക്ക് ആശ്വാസം പകർന്നു. സന്നദ്ധപ്രവർത്തകരെ അദ്ദേഹം പരമാവധി പ്രോത്സാഹിപ്പിക്കുകയും അധികാരിയെന്ന നിലയിൽ തനിക്ക് ചെയ്തുകൊടുക്കാൻ കഴിയുന്നത്ര സഹായവും സഹകരണവും അവർക്ക് നൽകുകയും ചെയ്തു. അതിെൻറ ഗുണഫലങ്ങൾ സാധാരണക്കാരായ പ്രവാസികൾക്ക് ലഭിച്ചു. ഔദ്യോഗിക കാലം സമൂഹത്തിന് സാർഥകവും ഗുണപ്രദവുമായ നിലയിൽ ചെലവഴിക്കാനായി എന്ന സംതൃപ്തിയോടെയാണ് വിരമിക്കുന്നത്.
േകാട്ടയം തിരുവഞ്ചൂർ സ്വദേശിയായ അദ്ദേഹം ഇപ്പോൾ പാലക്കാട്ടാണ് സ്ഥിരതാമസം. 1985-ലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ നിയമനം ലഭിക്കുന്നത്. ലോകത്ത് വിവിധയിടങ്ങളിൽ നയതന്ത്രദൗത്യ നിർവഹണത്തിെൻറ ഭാഗമായി. വിവിധ പദവികളിൽ വിയറ്റ്നാം (ഹാനോയ്), ഐവറി കോസ്റ്റ് (അബിജാൻ), ബെലാറസ് (മിൻസ്ക്), ചൈന (ഗാങ്സൗ), ദക്ഷിണാഫ്രിക്ക (പെട്രോഷ്യ), ആസ്ട്രിയ (വിയന്ന), യു.എ.ഇ (അബൂദബി) തുടങ്ങി നിരവധി രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചു. അബൂദാബിയിലെ ഇന്ത്യൻ എംബസിയിലായിരിക്കെയാണ് റിയാദിലെത്തുന്നത്.
മൂന്ന് വർഷത്തോളം റിയാദിൽ കർമനിരതനായി. ഏറ്റവും സാധാരണക്കാരായ പ്രവാസി ഇന്ത്യാക്കാർ കൂടുതലുള്ള രാജ്യമായ സൗദി അറേബ്യയിൽ കൂടി സേവനം ചെയ്ത ശേഷം വിരമിക്കാൻ അവസരം കിട്ടിയത് സന്തോഷം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ വിവിധ എംബസികളിലെ സേവനകാലത്ത് പൊളിറ്റിക്കൽ, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, വാണിജ്യം, പാസ്പോർട്ട്, കോൺസുലാർ തുടങ്ങിയ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തു. ഭാര്യ: നിഷ, മക്കൾ: ദൃശ്യ (എം.ബി.എ വിദ്യാർഥിനി), ദിവ്യ (ബി.എസ്സി സൈക്കോളജി വിദ്യാർഥിനി).
അടുത്ത മാസം ഒന്നിന് അദ്ദേഹം റിയാദിൽനിന്ന് സകുടുംബം സ്വദേശത്തേക്ക് മടങ്ങും. റിയാദിലെ ആൾ ഇന്ത്യ സ്റ്റിയറിങ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് റിയാദ് ഡിപ്ലോമാറ്റിക് കോർട്ടറിലെ മൾട്ടി പർപ്പസ് ഹാളിൽ യാത്രയയപ്പ് ചടങ്ങ് ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടക സമിതിയംഗം ശിഹാബ് കൊട്ടുകാട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.