‘എം.ടി സ്മൃതി, കാലത്തിനപ്പുറം’; മലയാളം മിഷൻ അനുസ്മരണം
text_fieldsമലയാളം മിഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ച എം.ടി അനുസ്മരണ വെർച്വൽ പരിപാടി
ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ‘എം.ടി സ്മൃതി, കാലത്തിനപ്പുറം’ എന്ന പേരിൽ മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ വെർച്വൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ സൗന്ദര്യബോധത്തെ ഉണർത്തി മലയാളി ജീവിതത്തെയും പ്രകൃതിയെയും സംസ്കാരത്തെയും പ്രകാശമാനമാക്കിയ എം.ടി കാലത്തോട് പ്രതികരിച്ച മഹാനായ സർഗപ്രതിഭയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
നിള പോലെ സുന്ദരമായി ഒഴുകുന്ന വേറിട്ട ഒരു സാഹിത്യഭാഷ മലയാളത്തിന് സംഭാവന ചെയ്ത എം.ടിയുടെ ലളിതവും സുന്ദരവും കാവ്യാത്മകവുമായ ഭാഷയിലുള്ള മഹത്തായ രചനകൾ മനുഷ്യസ്നേഹവും മാനവികതയും നിറഞ്ഞൊഴുകുന്ന മഹാനദിയാണ്. എം.ടി എന്നത് രണ്ടക്ഷരങ്ങളല്ല, ഗുരുത്വം എന്ന മൂന്നക്ഷരമാണെന്നും താനടക്കമുള്ള എഴുത്തുകാരുടെ പല തലമുറകളെ വളർത്തിയെടുത്ത ഗുരുവും വഴികാട്ടിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യകാരൻ, സാംസ്കാരിക നായകൻ, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, പത്രാധിപർ എന്നീ നിലകളിലെല്ലാം ബഹുമുഖ പ്രതിഭയായി സൂര്യനെപ്പോലെ ജ്വലിച്ചുനിന്ന എം.ടി നമ്മുടെ സർഗമണ്ഡലത്തിൽ എക്കാലവും പ്രകാശനക്ഷത്രമായി തെളിഞ്ഞുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു.
വിദഗ്ധ സമിതി ചെയർപേഴ്സൻ ഷാഹിദ ഷാനവാസ് ആമുഖ പ്രഭാഷണം നടത്തി. ചാപ്റ്റർ ചെയർമാൻ താഹ കൊല്ലേത്ത്, എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, റജിയ വീരാൻ, ഇഖ്ബാൽ വെളിയങ്കോട്, കെ.എം.സി.സി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
മലയാളം മിഷൻ റിയാദ് മേഖല കോഓഡിനേറ്റർ വി.ആർ. ഷഹീബ അവതാരകയായിരുന്നു. മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ സ്വാഗതവും പ്രവർത്തക സമിതി അംഗം സീബ കൂവോട് നന്ദിയും പറഞ്ഞു.
എഴുത്തുകാരായ ബീന, എം. ഫൈസൽ, നജിം കൊച്ചുകലുങ്ക്, ആർ. ഷഹിന, സോഫിയ ഷാജഹാൻ, ലതിക അങ്ങേപ്പാട്ട്, മനോജ് കാലടി എന്നിവരും സൗദിയിലെ വിവിധ സാംസ്കാരിക സംഘടനാ നേതാക്കളും മലയാളം മിഷൻ പ്രവർത്തകരും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികളായ ഡോ. രമേശ് മൂച്ചിക്കൽ, റഫീഖ് പത്തനാപുരം, ഉബൈസ് മുസ്തഫ, അനുജ രാജേഷ്, കെ. ഉണ്ണികൃഷ്ണൻ, പി.കെ. ജുനൈസ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.