'കുടുംബാംഗങ്ങളെ കാണാതായി, ഒടുവിൽ അച്ഛന്റെ മൃതദേഹം കിട്ടിയെന്ന് വിവരം'; ഉള്ളുരുകി പ്രവാസി യുവാവ്
text_fieldsദമ്മാം: അച്ഛനും അമ്മയും കൂടപിറപ്പുകളും മുത്തശ്ശിയും ഉൾപ്പടെ കുടുംബത്തിലെ എട്ടുപേരെ കാണാതായി, വീടടക്കം ഒലിച്ചുപോയി... ഒടുവിൽ അച്ഛൻ്റെ മൃതദേഹം കിട്ടിയെന്ന് വിവരം....
കടലിനിക്കരെയിരുന്ന് ഉള്ളുരുകുയാണ് ജിഷ്ണു. അതിരാവിലെ വിവരം അറിഞ്ഞത് മുതൽ ഫോണെടുത്ത് വിളിച്ചു കൊണ്ടിരുന്നതാണ്. വീട്ടിലുള്ള ഓരോരുത്തരുടേയും ഫോണുകളിലേക്ക് മാറിമാറി വിളിച്ചുകൊണ്ടിരുന്നു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് ജിഷ്ണു രാജൻ.
മുണ്ടക്കൈയിലെ പുഞ്ചിരിവട്ടത്താണ് ജിഷ്ണുവിൻ്റെ വീടും മാതാപിതാക്കളും മുത്തശ്ശിയും സഹോദരങ്ങളും വീട്ടുകാരുമുള്ളത്. പിതാവ് രാജൻ, അമ്മ മരുതായ്, മൂത്ത സഹോദരൻ ജിനു (27), ഇളയ സഹോദരങ്ങളായ ഷിജു (25), ജിബിൻ (18), ആൻഡ്രിയ (16), ജിനുവിെൻറ ഭാര്യ പ്രിയങ്ക (25), മുത്തശ്ശി നാഗമ്മ എന്നിവരാണ് പുഞ്ചിരിമറ്റം ഹൗസിൽ താമസിച്ചിരുന്നത്. ഉരുൾപൊട്ടിയെന്ന വാർത്ത എത്തിയതോടെ രാത്രി മുഴുവൻ നാട്ടിലെ അറിയാവുന്ന നമ്പരുകളിലൊക്കെ വിളിച്ചിട്ടും ആരെയും കിട്ടിയില്ല. ചൊവ്വാഴ്ച വൈകീട്ടായിട്ടും ഒരു വിവരവും കിട്ടിയില്ല. തൻ്റെ വീടിരുന്നിടുത്ത് അതില്ലെന്ന് മാത്രം അറിഞ്ഞു.
വൈകീട്ടായപ്പോൾ അച്ഛൻ രാജൻ്റെ മൃതദേഹം കിട്ടി എന്നൊരു വിവരം അറിഞ്ഞു. ചാനലിൽ കാണുകയും ചെയ്തു. അപകടമേഖലയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ കൂട്ടത്തിൽ സഹോദരൻ ഷിജുവിൻ്റെയും അമ്മയുടേയും മൃതദേഹങ്ങൾ കണ്ടതായി സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയാതെ കുഴയുകയാണ് ജിഷ്ണു ജോലിചെയ്യുന്ന സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനായ പൊതുപ്രവർത്തകൻ കൂടിയായ പ്രസാദ് കരുനാഗപ്പള്ളിയും സഹപ്രവർത്തകരും. ചൊവ്വാഴ്ച രാത്രിയിലെ ഇൻഡിഗോ വിമാനത്തിൽ ജിഷ്ണു നാട്ടിലേക്ക് തിരിച്ചു.
26 കാരനായ ജിഷ്ണു നാട്ടിൽ നിന്നും അൽ അഹ്സയിൽ ജോലിക്കെത്തിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ. വയനാട്ടിൽ കനത്ത മഴയുണ്ടെന്നും സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പും വാർത്തയുമൊക്കെ വന്നതോടെ ജോലി സ്ഥലത്തും താമസസ്ഥലത്തുമൊക്കെ കടുത്ത അസ്വസ്ഥതയിലായിരുന്നു ജിഷ്ണു. രണ്ടുവർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട മുന്നനുഭവമുണ്ട് ജിഷ്ണുവിന്. അന്ന് വീടിെൻറ ഒരു ഭാഗം പൂർണമായും തകർന്നിരുന്നു. എങ്കിലും ജിഷ്ണുവും കൂടുംബവും വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.
കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന പിതാവ് ശാരീരിക അവശതകളെ തുടർന്ന് പണിക്കൊന്നും പോകുന്നില്ലായിരുന്നു. മാതാവ് അർബുദം ബാധിച്ച് തുടർചികിത്സയിലാണ്. മൂന്ന് മാസം മുമ്പാണ് മൂത്ത സഹോദരൻ ജിനുവിെൻറയും പ്രിയങ്കയുടേയും വിവാഹം. ഗർഭിണിയായ പ്രിയങ്ക സ്വന്തം വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഇളയവരിൽ ഷിജു സീരിയൽ ഷൂട്ടിങ് കാമറാരംഗത്ത് പ്രവർത്തിക്കുന്നു. ജിബിൻ നാട്ടിലെ സ്വകാര്യ റിസോർട്ടിലാണ് ജോലി ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥിനിയാണ് ഏറ്റവും ഇളയവളായ ആൻഡ്രിയ.
ഫോട്ടോ: 1. മൂത്ത സഹോദരൻ ജിനുവിെൻറ വിവാഹ ഫോട്ടോ, കണ്ണടധരിച്ച യുവാവ് ഒഴികെ ബാക്കിയെല്ലാരെയും ഉരുൾപൊട്ടലിൽ കാണാതായി, 2. ജിഷ്ണു രാജൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.