മരണത്തിലും പിരിയാതെ മക്കളെ ചേർത്ത് പിടിച്ച് മുഹമ്മദ് ജാബിറും ഷബ്നയും
text_fieldsദമ്മാം: ആഴ്ചകളായി ഒരു യാത്രയുടെ ഒരുക്കത്തിലായിരുന്നു മുഹമ്മദ് ജാബിറും ഷബ്നയും. പക്ഷെ ഒരിക്കലും തിരിച്ചു വരാത്ത യാത്രയായിരുക്കുമെന്ന് സുഹൃത്തുക്കളോ ബന്ധുക്കളോ കരുതിയില്ല.
17 കൊല്ലം ജീവിച്ച ജുബൈലിൽ നിന്ന് സൗദിയുടെ തന്നെ മറ്റൊരു ഭാഗമായ ജിസാനിലേക്ക് യാത്ര പറഞ്ഞ് പിരിയുമ്പോൾ ജാബിറിനും കുടുംബത്തിനും വലിയ സങ്കടമുണ്ടായിരുന്നു. അനിയൻ അൻവറിനേയും കുടുംബത്തിനെയും ഉൾപ്പെടെ തങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട പലരേയും ഒഴിവാക്കിയാണ് പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നത്.
അവിടെയെത്തി പുതിയ ബന്ധങ്ങൾ ഒരുക്കിയെടുക്കുന്നതുവരെയുള്ള ആശങ്ക സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. ജിസാൻ, അസീർ, നജ്റാൻ മേഖലകളിലെ ഫീൽഡ് ഓഫീസറായി ഒരാഴ്ചക്ക് മുമ്പ് തന്നെ അദ്ദേഹം ജോലിയിൽ പ്രവേശിച്ചിരുന്നു. ജിസാനിൽ അദ്ദേഹത്തിന് നല്ലൊരു സൗഹൃദം ലഭിക്കുകയും ചെയ്തിരുന്നു. അവരുടെ സഹായത്തോടെ ജിസാനിലെ അബൂഹാരിസിൽ താമസ സ്ഥലം ഒരുക്കിയതിന് ശേഷം ജുബൈലിലുള്ള കുടുംബത്തെ കൂട്ടിവരാൻ ജാബിർ തിരികെയെത്തുകയായിരുന്നു.
വിധിയുടെ അലംഘനീയ തീരുമാനത്തിന് മുന്നിൽ മനുഷ്യന് ഒന്നും മാറ്റിവെക്കാനാവില്ല എന്നതുപോലെ നാട്ടിലുള്ള കുടുംബം ഒരു മാസം മുമ്പാണ് തിരികെയെത്തിയത്. രണ്ട് മാസങ്ങൾക്ക് മുമ്പ് മുഹമ്മദ് ജാബിർ അവധിക്ക് നാട്ടിലെത്തിയിരുന്നു. ഭാര്യയുടേയും ഇളയ മകളുടേയും താമസ വിസ മാത്രം നിലനിർത്തി മറ്റ് രണ്ട് കുട്ടികളേയും എക്സിറ്റടിച്ച് നേരത്തെ നാട്ടിലയച്ചിരുന്നു. ഇവർക്കുള്ള സന്ദർശക വിസയുമായാണ് ജാബിർ നാട്ടിലെത്തിയത്.
ഒരു മാസത്തെ അവധിക്കാലത്ത് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടേയുമൊക്കെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. അപ്പോഴൊന്നും ഇതൊരു അവസാന യാത്ര പറച്ചിലാകുമെന്ന് ആരും കരുതിയില്ല. തിരിച്ചെത്തി ഒരു മാസം കഴിഞ്ഞാണ് കുടുംബം ദുബൈ വഴി സൗദിയിലെത്തിയത്.
ദുബൈയിൽ 14 ദിവസം ക്വാറന്‍റീൻ ഉൾപ്പെടെയുള്ള സംവിധാനമൊരുക്കിയാണ് ജാബിർ കുടുംബത്തെ തിരികെയെത്തിച്ചത്. സൗദിയിലെ പ്രശസ്തമായ അബ്ദുൾ ലത്തീഫ് അൽ ജമീൽ കമ്പനിയിൽ ജോലിചെയ്യുന്ന മുഹമ്മദ് ജാബിനെക്കുറിച്ച് സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും പങ്കുവെക്കാൻ നല്ലത് മാത്രമേയുള്ളു. സൗമ്യ പ്രകൃതൻ. ശാന്തശീലൻ, സ്നേഹ സമ്പന്നൻ. ഒരു ആൾക്കൂട്ടത്തിലും ആളാകാനില്ലാതെ ജീവിതത്തെ ശാന്തമായി കൊണ്ടു നടന്ന ആൾ. കുടുംബം തന്‍റെ ലോകമാക്കിമാറ്റിയ മുഹമ്മദ് ജാബിർ ജീവകാരുണ്യ പ്രവർത്തകരുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.
ജുബൈലിൽ നിന്ന് യാത്ര പറഞ്ഞ് പോകുന്നതിനുള്ള ഒരുക്കം ആരംഭിക്കുന്നത് രണ്ടാഴ്ചകൾക്ക് മുമ്പാണ് അടുത്ത സുഹൃത്തുക്കളോടെല്ലാം ജാബിറും കുടുംബവും യാത്ര പറഞ്ഞിരുന്നു. ജുബൈലിൽ താമസിച്ചിരുന്ന വീട്ടിലെ എല്ലാ സാധനങ്ങളും ഒരു ഡൈന വാഹനത്തിൽ കയറ്റി അയച്ചാണ് ജാബിറും കുടുംബവും വെള്ളിയാഴ്ച പുലർച്ചയോടെ ജിസാനിലേക്ക് തിരിച്ചത്. റിയാദ് വരെ തന്‍റെ വാഹനത്തിന്‍റെ തൊട്ടു പിറകിലായി ജാബിറിന്‍റെ കാറും ഉണ്ടായിരുന്നുവെന്നാണ് ഡൈന ഡ്രൈവർ പറഞ്ഞത്. പിന്നീട് അവരെ കാണാതായപ്പോഴും കൃത്യമായ ലൊക്കേഷൻ മാപ്പ് തന്നിരുന്നതിനാൽ അവരെ കാത്തുനിൽക്കാതെ അദ്ദേഹം സാധനങ്ങളുമായി നേരെ ജിസാനിലേക്ക് തന്നെ പോവുകയായിരുന്നു.
അവിടെയുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് സാധനങ്ങൾ ഇറക്കുന്നതിന് മുമ്പ് ജാബിറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് പല സാമൂഹിക പ്രവർത്തകരുമായും ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് അപകട വിവരം അറിയുന്നത്. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള റിയാൻ ജനറൽ ആശുപത്രിയിൽ മലയാളി നഴ്സുമാർ നഴ്സിങ് അസോസിയേഷന്‍റെ ഗ്രൂപ്പിൽ പങ്കുവെച്ച വിവരത്തെ തുടർന്നാണ് ഇവർ അപകടത്തിൽപ്പെട്ട വിവരം പുറം ലോകമറിഞ്ഞത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് സൗദി കുടുംബം സഞ്ചരിച്ചിരുന്ന ലാൻറ്ക്രൂയിസർ കാർ ഇടിച്ചു കയറുകയായിരുന്നു. കോഴിക്കോട് ബേപ്പുർ പാണ്ടികശാലക്കണ്ടി വീട്ടിൽ ആലിക്കോയയുടേയും ഹഫ്സയുടേയും മൂത്തമകനാണ് മുഹമ്മദ് ജാബിര്‍ (44), ഭാര്യ: ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.