സൗദിയിൽ മുജാഹിദ് സംഘടനകൾ നാലായി
text_fieldsറിയാദ്: കേരളത്തിലെ മുജാഹിദ് െഎക്യം വീണ്ടും പ്രതിസന്ധിയിലായിരിക്കെ പ്രവാസി ഘടകത്തിൽ പിളർപ്പ്. കെ.എൻ.എം (മർക്കസു ദഅ്വ) യുടെ കീഴിലുള്ള സൗദി ഇന്ത്യൻ ഇസ്ലാഹി സെൻററിലാണ് പ്രശ്നം. റിയാദ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു എന്ന വാർത്തയിലൂടെയാണ് ആദ്യം വിമതസ്വരം കേട്ടത്. പുനഃസംഘടിപ്പിച്ച വാർത്ത അടിസ്ഥാനരഹിതമെന്നും ആകെയുള്ള 108 അംഗങ്ങളിൽ 12 പേർ മാത്രം വിഘടിച്ചുപോയി വേറെയുണ്ടാക്കിയതാണ് അതെന്നും മറുവിഭാഗം പ്രസ്താവനയിറക്കി.
തുടർന്ന് ഇരുകൂട്ടരും തമ്മിൽ പ്രസ്താവനാ യുദ്ധം തന്നെയുണ്ടായി. ഒടുവിൽ ഒരു കൂട്ടർ വാർത്താസമ്മേളനം നടത്തി മറുവിഭാഗം വിമതരാണെന്ന് പ്രഖ്യാപിച്ചു. ഫലത്തിൽ പുതിയൊരു സംഘടന കൂടിയായി. ഇതോടെ റിയാദിൽ മുജാഹിദ് സംഘടനകളുടെ എണ്ണം നാലായി. കെ.എൻ.എമ്മിെൻറ (സി.ഡി ടവർ) പ്രവാസി ഘടകമായ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ, നേരത്തെ ഇതിൽ നിന്ന് വിഘടിച്ചുണ്ടായ ഇസ്ലാഹി സെൻറർ കോ-ഒാഡിനേഷൻ കമ്മിറ്റി എന്നിവയാണ് മറ്റ് രണ്ടെണ്ണം.
കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ ആദ്യ പിളർപ്പുണ്ടായ 2002 ൽ തന്നെ ഹുസൈൻ മടവൂർ (മർക്കസ് ദഅ്വ) വിഭാഗത്തിെൻറ പ്രവാസി ഘടകമായി സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പിറവിയെടുത്തിരുന്നു. 2016ൽ മുജാഹിദ് െഎക്യമുണ്ടായെങ്കിലും ഇരുസംഘടനകളുടെയും സൗദി ഘടകങ്ങൾ ലയിക്കാൻ സന്നദ്ധമായിരുന്നില്ല. െഎക്യചർച്ച പലവട്ടം നടക്കുകയും െഎക്യ കെ.എൻ.എമ്മിെൻറ നേതാക്കളായ അബ്ദുറഹ്മാൻ സലഫി, എ. അസ്ഗർ അലി എന്നിവർ നാട്ടിൽ നിന്നെത്തി ചർച്ച നടത്തുകയും ചെയ്തിട്ടും ഫലമുണ്ടായില്ല.
ആദർശപരമായും സംഘടനാപരമായുമുള്ള കാരണങ്ങളാൽ യോജിപ്പ് സാധ്യമായില്ലെന്നാണ് വിശദീകരണം. എന്നാൽ െഎക്യം വേണം എന്ന ശക്തമായ അഭിപ്രായമുള്ളവർ ഇരുപക്ഷത്തുമുണ്ടായിരുന്നത്രെ. അതിലൊരു കൂട്ടരാണ് ഇപ്പോൾ വിമത സ്വരമുയർത്തിയത് എന്ന് അറിയിന്നു. ഇതിനിടയിൽ നാട്ടിലെ െഎക്യത്തിൽ വീണ്ടും വിള്ളലുണ്ടാവുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു.
തങ്ങൾക്കിടയിലെ പ്രശ്നത്തിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ വിമതർക്കൊപ്പം കക്ഷി ചേർന്നെന്ന മുറുമുറുപ്പ് മറുപക്ഷത്തിനുണ്ട്. വിമതരുടെ വാർത്തകൾ മാധ്യമങ്ങളിലേക്ക് അയച്ചുകൊടുക്കാനും മറ്റും ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് സഹായമുണ്ടായതായാണ് ആക്ഷേപം. ഇതിനിടെ നാട്ടിലെ െഎക്യത്തിൽ ഉണ്ടായ വിള്ളലുകൾക്കിടയിൽ കൗതുകം ജനിപ്പിക്കുന്ന ഒരു സംഭവവുമുണ്ട്. നേരത്തെ മർക്കസു ദഅ്വ നേതാവായിരുന്ന ഹുസൈൻ മടവൂർ ഇപ്പോൾ മറുചേരിയിലാണത്രെ. സി.പി ഉമർ സുല്ലമിയാണ് തങ്ങളുടെ നേതാവെന്നാണ് മർക്കസു ദഅ്വയുടെ സൗദി വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ആദ്യ മുജാഹിദ് പിളർപ്പിന് ശേഷം മടവൂർ വിഭാഗം എന്നാണിവർ അറിയപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.