11 വർഷമായി നാട്ടിൽ പോയില്ല, മടങ്ങിയത് ചേതനയറ്റ ശരീരമായി
text_fieldsറിയാദ്: ഒരു പതിറ്റാണ്ടിലേറെയായി നാട്ടിൽ പോയിട്ടില്ല, പഞ്ചാബ് സ്വദേശി മുക്താർ (37) ഒടുവിൽ മടങ്ങിയത് ചേതനയറ്റ ശരീരമായി.
ആരും തിരിഞ്ഞുനോക്കാനില്ലാതെ മോർച്ചറിയിലും മരവിച്ചുകിടന്നു ഏറെനാൾ. അവകാശികളില്ലാതെ ഒരു ഇന്ത്യക്കാരന്റെ മൃതദേഹം മോർച്ചറിയിലുണ്ടെന്ന് റിയാദിലെ ശുമൈസി ആശുപത്രിയധികൃതരാണ് മലയാളി പൊതുപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ അറിയിച്ചത്. അദ്ദേഹത്തിന്റെ ഇടപെടലാണ് ഉറ്റവർക്ക് മൃതദേഹമെങ്കിലും ഒരുനോക്ക് കാണാൻ അവസരമൊരുക്കിയത്.
ഇഖാമ ഉൾപ്പെടെ രേഖകൾ വെച്ച് സിദ്ദീഖ് നടത്തിയ അന്വേഷണത്തിൽ മുക്താർ ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നെന്ന് മനസ്സിലായി. ഇന്ത്യൻ എംബസിയിൽ കേസ് റിപ്പോർട്ട് ചെയ്തശേഷം ഈ കമ്പനിയധികൃതരുമായി ബന്ധപ്പെട്ടു. ആറു വർഷംമുമ്പ് കമ്പനിയിൽനിന്ന് ഒളിച്ചോടിയതാണെന്ന് കണ്ടെത്തി. ജോലിക്ക് വരാത്തതിനെ തുടർന്ന് ആറു വർഷം മുമ്പ് കമ്പനി സൗദി ജവാസത്തിൽ (പാസ്പോർട്ട് വിഭാഗത്തിൽ) പരാതി നൽകി ഹുറൂബാക്കി.
കഴിഞ്ഞ ആറു വർഷമായി മുക്താറിനെ കുറിച്ച് കമ്പനിക്ക് ഒരു വിവരവുമില്ല. ദമ്മാമിൽനിന്ന് ഒളിച്ചോടിയ മുക്താർ റിയാദിലെത്തി സ്വന്തമായി തൊഴിലെടുക്കുകയായിരുന്നു എന്നാണ് നിഗമനം. കമ്പനിയിൽനിന്ന് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവരങ്ങൾ കിട്ടാൻ ശ്രമിച്ചപ്പോൾ മുക്താറുമായി ബന്ധപ്പെട്ട സൗദി രേഖകളല്ലാതെ മറ്റൊന്നുമില്ലായിരുന്നു കമ്പനിയിൽ. പൊലീസ് സ്റ്റേഷനിലെത്താനും ആവശ്യമായ സഹായങ്ങൾ നൽകാനും കമ്പനി തയാറായെങ്കിലും മുക്താറിന്റെ നാട്ടിലെ വിവരങ്ങൾ ലഭ്യമായില്ല.
തുടർന്ന് ഇന്ത്യൻ എംബസി വഴി നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. മൃതദേഹം കുടുംബത്തിലേക്ക് എത്തിക്കാനുള്ള രേഖകൾ ശരിയാക്കാൻ ഒരുങ്ങിയപ്പോഴാണ് സാമ്പത്തികം ഉൾപ്പെടെ അഞ്ചു കേസുകൾ മുക്താറിന്റെ പേരിലുള്ളതായി അറിയുന്നത്. പാസ്പ്പോർട്ടിൽ എക്സിറ്റ് സീൽ പതിച്ചുകിട്ടാൻ കേസുകളിലെല്ലാം തീർപ്പുണ്ടാകണം. മൃതദേഹം നാട്ടിലെത്തിക്കാൻ സിദ്ദീഖും എംബസിയും കമ്പനിയും ചേർന്ന് നടത്തിയ ശ്രമം വിഫലമായിരുന്നു.
ഒടുവിൽ എംബാം ചെയ്ത മൃതദേഹവുമായി റിയാദ് എയർപോർട്ടിലെ കാർഗോ സെക്ഷനിലെത്തി സിദ്ദീഖ് പാസ്പോർട്ട് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ അവസ്ഥ ബോധ്യപ്പെടുത്തുകയായിരുന്നു.
കാര്യം ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ രേഖകൾ ശരിയാക്കി പാസ്പോർട്ടിൽ എക്സിറ്റ് പതിച്ചതോടെ അവസാന യാത്രക്കുള്ള തടസ്സങ്ങൾ മാറി. സൗദിയില്‍ തന്നെ ഖബറടക്കാന്‍ കുടുംബത്തോട് അഭ്യര്‍ഥിക്കാന്‍ പലരും പറഞ്ഞപ്പോഴും ജീവനറ്റ ശരീരമെങ്കിലും ആ കുടുംബത്തെ കാണിക്കാന്‍ വേണ്ടിയായിരുന്നു ഇത്രയും കടമ്പകള്‍ കടന്നതെന്ന് സിദ്ദീഖ് പറഞ്ഞു. അമൃത് സറിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.