ബഹുസ്വര സമൂഹത്തെ അണിനിരത്തി ഫാഷിസത്തെ ചെറുക്കണം -പി. മുജീബുറഹ്മാൻ
text_fieldsറിയാദ്: ബഹുസ്വര സമൂഹവുമായി സഹകരിച്ചും അവരെ അണിനിരത്തിയുമാണ് ഫാഷിസത്തെ ചെറുത്തുതോൽപിക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ അദ്ദേഹം തനിമ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച 'സൗഹൃദ സംഗമ'ത്തിൽ സംസാരിക്കുകയായിരുന്നു. മുസ്ലിം സമൂഹവും മറ്റു പിന്നാക്ക ജനവിഭാഗങ്ങളും അസ്തിത്വ പ്രതിസന്ധിയെയാണ് നേരിടുന്നത്. പൗരാവകാശങ്ങൾ ഹനിച്ചും ഭരണഘടന നൽകുന്ന ഉറപ്പുകൾ ലംഘിച്ചും അത് ബുൾഡോസർ രാജിലേക്കും അറുകൊലകളിലേക്കും വ്യാപിച്ചിരിക്കുന്നു. അധികാര കേന്ദ്രങ്ങളും നീതിന്യായ വ്യവസ്ഥയുമൊക്കെ വെറുപ്പ് ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
ലോകസമൂഹത്തിനു മുന്നിൽ നാണംകെട്ട അവസ്ഥയിലാണ് ഇപ്പോൾ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹത്തിന്റെ പാരമ്പര്യവും സംഭാവനകളും ഓർമിച്ചുകൊണ്ട് ചരിത്രബോധത്തോടെയും വിവേകത്തോടെയും ഇതിനെ അഭിമുഖീകരിക്കുകയാണ് വേണ്ടത്. ആത്മീയമായ ശക്തി കൈവരിച്ചും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വളർച്ച നേടിയും പൊതുസമൂഹവുമായി സഹകരിച്ച് വംശീയ ഉന്മൂലനത്തിനെതിരായി ധീരമായി പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ തനിമ ആക്ടിങ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. ഖലീൽ അബ്ദുല്ല ഖിറാഅത്ത് നടത്തി. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് അഡ്വ. ജലീൽ, പ്രവാസി ഫ്രൻറ്സ് ഓഫ് ഇന്ത്യ ചെയർമാൻ അസ്ലം പാലത്ത് എന്നിവർ സംസാരിച്ചു. അഷ്റഫ് കൊടിഞ്ഞി സ്വാഗതവും സിദ്ദീഖ് ബിൻ ജമാൽ നന്ദിയും പറഞ്ഞു.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.