റിയാദിൽ വിനോദയാത്ര പോയ വാഹനം മറിഞ്ഞ് മുംബൈ സ്വദേശിനിയും എരിത്രിയൻ ഡ്രൈവറും മരിച്ചു
text_fieldsറിയാദ്: വിനോദയാത്രക്ക് പുറപ്പെട്ട ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം റിയാദ് നഗരപ്രാന്തത്തിലെ മരുഭൂ പാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം. രണ്ടുപേർക്ക് പരിക്ക്. മുംബൈ സ്വദേശിനി സരിഗ ജിതേന്ദ്ര അവാദി (41), എരിത്രിയക്കാരനായ ഡ്രൈവർ അബ്ദുസലാം ഇബ്രാഹിം (50) എന്നിവരാണ് മരിച്ചത്. സരിഗയുടെ ഭർത്താവ് മഹാരാഷ്ട്ര കോലാപ്പൂർ സ്വദേശിയും ജുബൈൽ സദാറ കമ്പനിയിൽ കെമിക്കൽ ലാബ് ടെക്നീഷ്യനുമായ ജിതേന്ദ്ര ഭാണ്ഡുരാംഗ് അവാദി (49), ഇളയ മകനും ജുബൈൽ ഇന്ത്യൻ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിയുമായ സർവേഷ് ജിതേന്ദ്ര (17) എന്നിവർക്കാണ് പരിക്കേറ്റത്. മൂത്ത മകനും ഡൽഹി നേതാജി സുഭാഷ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ അവസാന വർഷ എൻജിനീയറിങ് വിദ്യാർഥിയുമായ നയാൻ ജിതേന്ദ്ര (21) പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. റിയാദ് നഗര മധ്യത്തിൽനിന്ന് 70ഓളം കിലോമീറ്ററകലെ പ്രകൃതി വിസ്മയമായ ‘എഡ്ജ് ഓഫ് ദി വേൾഡി’ലേക്കുള്ള മരുഭൂ പാതയിൽ ചൊവ്വാഴ്ച വൈകീട്ട് നാലിനും അഞ്ചിനുമിടയിലായിരുന്നു അപകടം.
ആറ് ദിവസം മുമ്പാണ് മകൻ നയാൻ സന്ദർശക വിസയിൽ ജുബൈലിൽ എത്തിയത്. മകൻ വന്നത് പ്രമാണിച്ച് ജിതേന്ദ്ര ഭാര്യയെയും മക്കളെയും കൂട്ടി എഡ്ജ് ഓഫ് ദി വേൾഡ് കാണാൻ സ്വന്തം കാറിൽ റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് റിയാദിലെത്തിയ ഇവർ തങ്ങളുടെ കാർ മരുഭൂമിയിലൂടെയുള്ള ഓഫ് റോഡ് യാത്രക്ക് അനുയോജ്യമല്ലാത്തതിനാൽ ഖസീം റോഡിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട ശേഷം പരിചയക്കാരനായ എരിത്രിയൻ ഡ്രൈവറുടെ ജീപ്പ് റാംഗ്ലർ വാടകക്ക് വിളിച്ച് എഡ്ജ് ഓഫ് ദി വേൾഡിലേക്ക് പുറപ്പെടുകയായിരുന്നു. ദുർഘടമായ വഴിയിലൂടെ യാത്ര തുടരുന്നതിനിടെ ലക്ഷ്യസ്ഥാനത്തിന് ഏതാനും വാര ഇപ്പുറത്തുവെച്ച് നിയന്ത്രണം വിട്ട് കറങ്ങി മറിഞ്ഞായിരുന്നു അപകടം. മുൻവശത്തെ സീറ്റിൽ ബെൽറ്റിട്ടിരുന്ന നയാൻ ഒഴികെ ബാക്കി നാലുപേരും പുറത്തേക്ക് തെറിച്ചുവീണു. സരിഗ തെറിച്ചുപോയി തല ഒരു പാറയിൽ ഇടിച്ചാണ് വീണത്. ഡ്രൈവറും സമാനമായ രീതിയിൽ തെറിച്ചുവീണു. രണ്ടുപേരും തൽക്ഷണം മരിച്ചു. ജിതേന്ദ്രയുടെ തോളെല്ലും വാരിയെല്ലും പൊട്ടി. ഇളയ മകൻ സർവേഷിന് നിസാര പരിക്കേറ്റു. നയാൻ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
(യാത്രക്കിടെ എടുത്ത ഫോട്ടോയിൽ ഡ്രൈവർ (മധ്യത്തിൽ), നയൻ, സർവേഷ്)
ഈ സമയം അതുവഴി പോയ മറ്റ് യാത്രക്കാർ അറിയിച്ചത് പ്രകാരം ഉടൻ പൊലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഹുറൈമില ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമല്ലാത്തതിനാൽ അവിടെ അഡ്മിറ്റ് ചെയ്തില്ല. തുടർന്ന് രാത്രി തന്നെ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഹുറൈമില എത്തി രണ്ടുപേരെയും റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജിതേന്ദ്രയെ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. പരിക്കുകൾ ഭേദമായി വരുന്നു. സർവേഷും സുഖം പ്രാപിക്കുന്നു.
ഹുറൈമില ആശുപത്രി മോർച്ചറിയിലുള്ള സരിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ശിഹാബ് കൊട്ടുകാടിെൻറ നേതൃത്വത്തിൽ പൂർത്തിയാകുന്നു. ശിഹാബിനോടൊപ്പം സഹായികളായി മുംബൈ സ്വദേശികളായ ഉമേഷ്, ഭാരത്, പരിഷിത്ത്, സന്തോഷ്, സുദർശൻ, സൗദി പൗരൻ മുഹമ്മദ് അൽ അജ്മി, തമിഴ്നാട് സ്വദേശി ലോക്നാഥ് എന്നിവരുമുണ്ട്.
ജിതേന്ദ്രയും കുടുംബവും ഒമ്പത് വർഷമായി ജുബൈലിൽ താമസിക്കുന്നു. മരിച്ച സരിഗയുടെ പിതാവ് ഭാനുദാസ്. മാതാവ്: ജഗു ബായി. മൃതദേഹം കോലാപ്പൂരിലുള്ള ഭർതൃവീട്ടിലേക്കാണ് കൊണ്ടുപോകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.