ഇ. സാദിഖലി നിസ്വാർഥനായ സേവകൻ -മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsറിയാദ്/തിരൂർ: അണിയറയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ അഹോരാത്രം യത്നിച്ച ഇ. സാദിഖലി നിസ്വാർഥനായ സേവകനായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ ഇക്കൊല്ലത്തെ സി. ഹാഷിം എൻജിനീയർ സ്മാരക പുരസ്കാരം ഇ. സാദിഖലിക്ക് മരണാനന്തര ബഹുമതിയായി കുടുംബത്തിന് സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. തിരൂരിലെ തറവാട് വീട്ടിലെത്തിയാണ് തങ്ങൾ പുരസ്കാരം കുടുംബത്തിന് കൈമാറിയത്. അഷ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു.
പാർട്ടിയെയും അതിന്റെ ചരിത്രത്തെയും തന്റെ തൂലികയിലൂടെ മനോഹരമായി വരച്ചുകാട്ടിയ സാദിഖലി എഴുത്തുകാർക്കിടയിലെയും വേറിട്ട വിശേഷണങ്ങൾക്ക് ഉടമയായിരുന്നുവെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. വിടപറഞ്ഞെങ്കിലും സാദിഖലിയെ ഓർത്തെടുത്ത് ആ പുരസ്കാരം കുടുംബത്തിന് നൽകാൻ മുന്നോട്ട് വന്ന സൗദി കെ.എം.സി.സിയെ തങ്ങൾ അഭിനന്ദിച്ചു. പരന്ന വായനയും രചനയും കൈമുതലാക്കി സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ മനസ്സിലിടം നേടി. ചരിത്ര ദൗത്യങ്ങളിൽ നിറഞ്ഞ പുഞ്ചിരിയുമായി സാദിഖലി പാർട്ടിക്കൊപ്പം മുന്നിലുണ്ടായിരുന്നു. എല്ലാവരെയും പെട്ടെന്ന് ആകർഷിക്കുന്ന വിധം സൗമ്യതയും വിനയവും നിറഞ്ഞൊഴുകിയ അപൂർവ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു സാദിഖലി.
അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും തീരാ നഷ്ടമാണുണ്ടാക്കിയതെന്നും തങ്ങൾ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി, കെ.എം.സി.സി നേതാക്കളായ ഖാദർ ചെങ്കള, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, എന്നിവർ പ്രസംഗിച്ചു. ബഷീർ മൂന്നിയൂർ സ്വാഗതവും റഫീഖ് പാറക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.