മരുഭൂമിയിൽ ഹരിതവത്കരണം: മുരളി തുമ്മാരുകുടി റിയാദ് സന്ദർശിച്ചു
text_fieldsറിയാദ്: ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനും മലയാളിയുമായ മുരളി തുമ്മാരുകുടി റിയാദ് സന്ദർശിച്ചു. സൗദിയിൽ തരിശ്ശായി കിടക്കുന്ന, എന്നാൽ കൃഷിയോഗ്യമായ ഭൂപ്രദേശങ്ങൾ ഹരിതവത്കരിക്കുന്നതിനും കൃഷിയോഗ്യമാക്കുന്നതിനുമുള്ള സൗദി ജലം-കാർഷിക-പരിസ്ഥിതി മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്.
അടുത്ത വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയിൽ മരുഭൂവത്കരണത്തിനെതിരെ പോരാടാനുള്ള പ്രോഗ്രാമിന്റെ ഡയറക്ടർ കൂടിയായ മുരളി തുമ്മാരുകുടി 'ഗ്രീനിങ് അറേബ്യ 2022', 'സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്' എന്നീ പ്രോഗ്രാമുകളുടെ ഭാഗമായ സമ്മേളനത്തിൽ പ്രഭാഷണം നിർവഹിച്ചു. മറ്റൊരു മലയാളി വിദഗ്ധനായ ജേക്കബും സമ്മേളനത്തിൽ പങ്കെടുത്തു.
സൗദിയുടെ സമഗ്ര പരിവർത്തന പദ്ധതിയായ വിഷൻ 2030ന് കീഴിലാണ് മരുഭൂമിയെ ഹരിതവത്കരിക്കാനുള്ള പ്രവർത്തനം നടക്കുന്നത്. 'അറേബ്യയെ ഹരിതാഭമാക്കുക' എന്ന സംരംഭത്തിന് കീഴിൽ തരിശ്ശായി കിടക്കുന്ന ഭാഗങ്ങളിൽ പച്ചപ്പ് സൃഷ്ടിക്കാൻ ആയിരം കോടി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം.
ഉച്ചകോടിക്ക് ശേഷം മുരളി തുമ്മാരുകുടി ഇന്ത്യൻ എംബസി സന്ദർശിക്കുകയും ഉപസ്ഥാനപതി രാംപ്രസാദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ജി20 ഉച്ചകോടി സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
റിയാദിൽ വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച പൊതുജനങ്ങളും സ്കൂൾ വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയിലും അദ്ദേഹം സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.