കൊലപാതക കേസുകൾ; സൗദിയിൽ നാലുപ്രതികൾക്ക് വധശിക്ഷ നടപ്പാക്കി
text_fieldsറിയാദ്: വിവിധ കൊലപാതക കേസുകളിൽ പ്രതികളെന്ന് കണ്ടെത്തിയ നാലു പേർക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാർ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് മക്കയിൽ ഇന്നലെ വധശിക്ഷ നടപ്പാക്കി.
സൗദി വനിത ഹംദ ബിൻത് അഹ്മദ് ബിൻ മുഹമ്മദ് അൽഹർബിയെയും നാലു വയസ്സുകാരിയായ മകൾ ജൂദ് ബിൻത് ഹുസൈൻ ബിൻ ദഖീൽ അൽഹർബിയെയും കാർ കയറ്റി കൊലപ്പെടുത്തുകയും ഒരു വയസ്സുകാരിയായ മകളെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നായിഫ് ബിൻ ദഖീൽ ബിൻ അമൂർ അൽഹർബിക്ക് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.
കവർച്ച ലക്ഷ്യത്തോടെ സുഡാനിയെ അടിച്ച് കൊലപ്പെടുത്തിയ രണ്ടു പേർക്ക് കിഴക്കൻ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. സുഡാനി അബ്ദുൽമന്നാൻ അബ്ദുല്ല നൂറിനെ ഉറങ്ങിക്കിടക്കുന്നതിനിടെ വടി ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ശേഷം കവർച്ചക്ക് ശ്രമിക്കുന്നതിനിടെ ഒപ്പമുള്ള രണ്ടു പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഏതാനും വിദേശ തൊഴിലാളികളുടെ പണം പിടിച്ചുപറിക്കുകയും ഒരു വെയർഹൗസിൽ കവർച്ച നടത്തുകയും ചെയ്തു എന്നും പ്രതിയായ സൗദി പൗരൻ അലി ബിൻ ഖാലിദ് ബിൻ നാസിർ അൽഹുവയാൻ അൽബൈശി, സുഡാനി ദുൽകിഫ്ൽ അഹ്മദ് ബഖീത്ത് അൽഹാജ് എന്നിവർക്കെതിരെ കുറ്റങ്ങളായി കണ്ടെത്തിയിരുന്നു.
കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് ദക്ഷിണ പ്രവിശ്യയായ അസീറിലും വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ ഖബ്ലാൻ ബിൻ അബ്ദുല്ല ബിൻ ഖബ്ലാൻ അൽഖഹ്താനിയെ വെടിവെച്ചു കൊലപ്പെടുത്തിയ മുഹമ്മദ് ബിൻ ഹമദ് ബിൻ ശദീദ് അൽഹബാബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.