മലയാളിയുടെ കൊലപാതകം: ജിസാനിലെ പ്രവാസി സമൂഹത്തിന് ഞെട്ടൽ
text_fieldsജിസാൻ: മിനി സൂപർമാർക്കറ്റിൽ ജീവനക്കാരനായ മലയാളി ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിെൻറ ഞെട്ടലിൽ ജീസാനിലെ പ്രവാസി സമൂഹം. ധാരാളം മലയാളികളുള്ള ജീസാൻ നഗരത്തിൽ നിന്ന് 30 കിലോമീറ്ററകലെ അബു അരീഷിൽ നടന്ന കൊലപാതക വാർത്ത കേട്ടാണ് ബുധനാഴ്ച പ്രവാസികൾ ഉണർന്നത്. മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിൽ (52) കഴുത്തിന് കത്തികൊണ്ടുള്ള വെേട്ടറ്റ് മരിച്ചെന്നും കവർച്ചക്കെത്തിയവരാണ് അത് ചെയ്തതെന്നുമുള്ള വിവരം കടകളിൽ ജോലി ചെയ്യുന്നവരുൾപ്പെടെ എല്ലാവരെയും നടുക്കിക്കളഞ്ഞു.
മുഹമ്മദലി ജോലി ചെയ്യുന്ന കട രാത്രി 12 മണിയോടെ അടക്കുന്നതാണ് പതിവ്. എന്നാൽ വാതിൽ അകത്തു നിന്ന് പൂട്ടിയതിന് ശേഷം പച്ചക്കറി വിതരണക്കാർ വരുന്നതുവരെ കടയിലിരുന്ന് സാധനങ്ങൾ അടുക്കിവെക്കുകയും മറ്റും ചെയ്യും. പരിചയക്കാർ ആരെങ്കിലും എന്തെങ്കിലും അത്യാവശ്യ സാധനം വാങ്ങാൻ വന്ന് മുട്ടുകയാണെങ്കിൽ മാത്രം സി.സി ടി.വിയിൽ നോക്കി ആളിനെ മനസിലാക്കി സാധനം എടുത്തു നൽകും. പച്ചക്കറി വണ്ടി എത്തിയാൽ അത് വാങ്ങി വെച്ചതിനു ശേഷം കടപൂട്ടി റൂമിൽ പോകും. അതാണ് പതിവ്. മുഹമ്മദലിയും സഹോദരങ്ങളായ അശ്റഫും ഹൈദരലിയുമാണ് കടയിൽ ജോലി ചെയ്യുന്നത്. എന്നാൽ ഇവർ ഉൗഴമനുസരിച്ചാണ് കടയിൽ ജോലിക്കെത്തുന്നത്. ഇതിൽ അശ്റഫ് അവധിക്ക് നാട്ടിലാണ്. അതിനാൽ മുഹമ്മദലിയും ഹൈദരലിയുമാണ് മാറിമാറി കടയുടെ ചുമതല നോക്കുന്നത്. വെളുപ്പിനെ മൂന്ന് മണിയോടെ പതിവ് പോലെ പച്ചക്കറിയുമായി വന്നവർ ഷട്ടർ അടച്ചിരിക്കുന്നത് കണ്ടു മുട്ടിയെങ്കിലും തുറന്നില്ല. പൂട്ടാതെ കിടന്ന ഷട്ടർ ഉയർത്തി പച്ചക്കറിയുമായി അകത്തേക്ക് കടന്നപ്പോൾ മുഹമ്മദലി കഴുത്തിന് വെട്ടേറ്റ് ചോരവാർന്ന് മരിച്ചു കിടക്കുന്നതാണ് അവർ കണ്ടത്. ഉടൻ തന്നെ തൊട്ടടുത്ത ഫാർമസി ജീവനക്കാരെ വിവരം അറിയിക്കുകയും അവർ പൊലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു.
പൊലീസ് എത്തിയാണ് റൂമിൽ ഉറങ്ങുകയായിരുന്ന സഹോദരൻ ഹൈദർ അലിയെ വിവരം അറിയിച്ചത്. കടയിലെ സി.സി ടി.വി ഉപകരണങ്ങൾ എല്ലാം നഷ്ടപെട്ടിട്ടുണ്ട്. പണവും മറ്റ് സാധനങ്ങളും നഷ്ടപ്പെേട്ടാ എന്ന വിവരങ്ങൾ അറിവായിട്ടില്ല. വളരെ തിരക്കേറിയ അബൂ അരിഷ് - സബിയ റോഡിൽ പെട്രോൾ പമ്പ്, ഫാർമസി, എ.ടി.എം എന്നിവയുടെ സമീപം ഇങ്ങനെ ഒരു ദാരുണ സംഭവം നടന്നത് ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. അബു അരീഷിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി ഊർജിത അന്വേഷണം ആരംഭിച്ചു. പരിസരത്തുള്ള കാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിദേശികൾ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു വരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന പ്രകൃതമായിരുന്നു മുഹമ്മദലിക്ക്. 25 വർഷം മുമ്പ് ത്വാഇഫിൽ പ്രവാസം തുടങ്ങിയ ബാപ്പുട്ടി എന്ന മുഹമ്മദലി ജീസാനിൽ എത്തിയിട്ട് 15 വർഷമായി. ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി എത്തിയത്. കഴിഞ്ഞ ദിവസം കണ്ടപ്പോഴും എത്രയും പെട്ടെന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനുള്ള തീരുമാനത്തിലാണെന്ന് പറഞ്ഞതായി കെ.എം.സി.സി അബു അരിഷ് ഘടകം പ്രസിഡൻറ് ഖാലിദ് പട്‌ല പറഞ്ഞു. പുലർച്ചെ തന്നെ മൃതദേഹം ആശുപത്രിയിലെത്തിയെന്നും മലയാളിയാണെന്ന് അറിഞ്ഞത് പിന്നീടാണെന്നും അബൂ അരീഷ് ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് മലയാളിയായ ഷീബ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.