മലയാളി സംസ്കാരം പുതുതലമുറക്ക് പകരുന്നത് മാതൃഭാഷ -മുരുകൻ കാട്ടാക്കട
text_fieldsദമ്മാം: മാതൃഭാഷ പഠനം മലയാളികളുടെ സംസ്കാരത്തെ പുതിയ തലമുറക്ക് പകരുന്ന ദൗത്യമാണെന്ന് പ്രമുഖ കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന മാതൃഭാഷ പഠനം മാതൃകപരമാണെന്നും ലാഭേച്ഛയോ പ്രതിഫലമോ ഇല്ലാതെ മാതൃഭാഷ പഠിപ്പിക്കുന്ന അധ്യാപകരും പിന്നണി പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു.
മലയാളം മിഷൻ ദമ്മാം മേഖല പ്രവേശനോത്സവം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് സൗമ്യ ബാബു അധ്യക്ഷത വഹിച്ചു.
ചാപ്റ്റർ പ്രസിഡന്റ് എം.എം. നഈം, ലോക കേരളസഭ അംഗം പവനൻ മൂലക്കീൽ, മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, ദമ്മാം ഇന്ത്യൻ സ്കൂൾ അധ്യാപികമാരായ ഗായത്രി ടീച്ചർ, ഡോ. സിന്ധു ബിനു, നാടക പ്രവർത്തകൻ ജയൻ തച്ചമ്പാറ, ദമ്മാം ഖൊസാമ സ്കൂൾ അക്കാദമിക് കോഓഡിനേറ്റർ വേണുഗോപാൽ, നവോദയ സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് മോഹനൻ വെള്ളിനേഴി, സൗദി ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്സൻ ഷാഹിദ ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ രണ്ടുവർഷമായി സേവനം നിർവഹിക്കുന്ന അധ്യാപകരെയും വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും ആദരിച്ചു. വിവിധ പഠന കേന്ദ്രങ്ങളിൽനിന്നായി വിദ്യാർഥികൾ സംഗീത ശിൽപം, വിവിധ നൃത്തനൃത്യങ്ങൾ, നാട്ടൻ പാട്ടുകൾ, കവിതകൾ, ഉപകരണ സംഗീതം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. സജീഷ് മോഹൻദാസ്, ബിന്ദു ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദമ്മാം മേഖല സെക്രട്ടറി അനുരാജേഷ് സ്വാഗതവും കൺവീനർ നരസിംഹൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.