‘നാളത്തെ കഥ പറയാം’: മ്യൂസിയം കാമ്പയിന് തുടക്കം
text_fieldsയാംബു: സൗദിയുടെ മഹത്തായ പൈതൃകവും പാരമ്പര്യ ശേഷിപ്പുകളും സംരക്ഷിക്കാനും ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിനും വേണ്ടി മ്യൂസിയം കമീഷൻ ‘നാളത്തെ കഥ പറയാം’ എന്ന ശീർഷകത്തിൽ മ്യൂസിയം കാമ്പയിൻ ആരംഭിച്ചു. സൃഷ്ടിപരമായ ആവിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ചരിത്രത്തിന്റെ നാൾവഴികൾ പുതുതലമുറക്ക് പകർന്നുനൽകാനും കാമ്പയിൻ ലക്ഷ്യം വെക്കുന്നു.
പൈതൃക ശേഷിപ്പുകളുടെ പുനരുദ്ധാരണം, നവീകരണം, സാംസ്കാരിക നിധികളുടെ സംരക്ഷണം, ഭാവി തലമുറകൾക്കായി സർഗാത്മകത വളർത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമീഷന്റെ കാഴ്ചപ്പാടാണ് കാമ്പയിൻ പ്രതിഫലിപ്പിക്കുന്നത്. കാമ്പയിനിന്റെ ഭാഗമായി രാജ്യത്തെ 11 മേഖലകളിൽ മ്യൂസിയങ്ങൾ വികസിപ്പിക്കുമെന്ന് കമീഷൻ പ്രഖ്യാപിച്ചു.
ബത്ഹ മുറബ്ബയിലെ റിയാദ് നാഷനൽ മ്യൂസിയം, ദീരയിലെ മസ്മക് കൊട്ടാര മ്യൂസിയം, ദറഇയ ജാക്സിലെ സൗദി അറേബ്യ മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട്, ദറഇയ ആർട്ട് ഫ്യൂചേഴ്സ്, ജിദ്ദയിലെ താരിഖ് അബ്ദുൽ ഹക്കിം മ്യൂസിയം, റിയാദിലെ ബ്ലാക്ക് ഗോൾഡ് മ്യൂസിയം, ജിദ്ദയിലെ ചെങ്കടൽ മ്യൂസിയം എന്നിവയുൾപ്പെടെ കമീഷൻ മ്യൂസിയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഉയർത്തിക്കാട്ടുന്ന ഡിജിറ്റൽ ഉള്ളടക്കം കാമ്പയിനോടനുബന്ധിച്ച് കൂടുതൽ പ്രചാരണം നൽകും.
സൗദി പൈതൃകം സംരക്ഷിക്കുന്നതിനായി അൽ ഖസീം, അൽ ജൗഫ്, അസിർ, തബൂക്ക്, ഹാഇൽ, നജ്റാൻ, അറാർ, ദമ്മാം, മക്ക, ജിസാൻ, അൽ ബാഹ എന്നീ 11 പ്രദേശങ്ങളിലെ മ്യൂസിയങ്ങൾ വികസിപ്പിക്കുമെന്ന് കമീഷൻ പ്രഖ്യാപിച്ചു. ‘നമ്മുടെ സൗദി കഥ’ എന്ന ശീർഷകത്തിന് കീഴിലുള്ള പ്രാദേശിക മ്യൂസിയങ്ങൾ വഴി സൗദിയുടെ ചരിത്രവും പൈതൃകവും സ്വത്വവും ആഘോഷിക്കും.
രാജ്യത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളും ചരിത്രത്തിന്റെ നാൾവഴികളും വിവരിക്കാൻ മ്യൂസിയങ്ങളിൽ സംവിധാനം ഒരുക്കും. രാജ്യത്തെ പ്രധാന മ്യൂസിയങ്ങളുമായി ബന്ധപ്പെട്ട് സ്ഥിരമായ ശേഖരങ്ങൾ, താത്കാലിക എക്സിബിഷനുകൾ, വിദ്യാഭ്യാസ പരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഒരുക്കും. അറിവ്, സർഗാത്മകത, സാമൂഹിക നന്മ എന്നിവക്കുള്ള സാംസ്കാരിക ഇടങ്ങളായി മ്യൂസിയങ്ങളെ വികസിപ്പിക്കാൻ കൂടി കാമ്പയിനുമായി ബന്ധപ്പെട്ട് സൗദി മ്യൂസിയം കമീഷൻ അതോറിറ്റി ലക്ഷ്യം വെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.