‘മ്യൂസിക് എ.ഐ’; സൗദിയിൽ സംഗീതപഠനത്തിന് ഡിജിറ്റൽ ഗ്ലോബൽ പ്ലാറ്റ്ഫോം ആരംഭിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ സംഗീതപഠനത്തിന് ഡിജിറ്റൽ ഗ്ലോബൽ പ്ലാറ്റ്ഫോം ആരംഭിച്ചു. സൗദി മ്യൂസിക് കമീഷൻ ‘മ്യൂസിക് എ.ഐ’ (MusicAI) എന്ന ഇന്ററാക്ടിവ് ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് വികസിപ്പിച്ചത്. അറബിക്, പാശ്ചാത്യ സംഗീതോപകരണങ്ങൾ വായിക്കാൻ ഇതിലൂടെ പരിശീലിപ്പിക്കാനാവും. സൗദിയിൽനിന്നും ലോകത്ത് എവിടെയുമിരുന്ന് അഭ്യസിക്കാനാവുന്ന ഈ പ്ലാറ്റ്ഫോം വിദ്യാർഥികൾക്കും സംഗീതജ്ഞർക്കും പ്രഫഷനലുകൾക്കും പ്രയോജനകരമാണ്.
ഏതൊരാൾക്കും സംഗീതം പഠിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് മ്യൂസിക് കമീഷൻ പ്രസ്താവനയിൽ പറഞ്ഞു. ഈ ആപ്പിൽ ലഭ്യമായ പ്രോഗ്രാമുകളും പരിശീലന കോഴ്സുകളും നേരിട്ടുള്ള വിദ്യാഭ്യാസത്തിന്റെയും സ്വയം പഠനത്തിന്റെയും സംയോജനത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് പരിശീലകരുമായി നേരിട്ട് ആശയവിനിമയം നടത്താനാകും. അല്ലെങ്കിൽ സ്വന്തമായി പഠിക്കാനാകും.
കോഴ്സുകളിലേക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാനും ഏത് കോഴ്സിനെക്കുറിച്ചുമുള്ള വിവരങ്ങൾ നേടാനും കഴിയും. എപ്പോൾ, എവിടെയും വിഡിയോ സ്ട്രീമിങ് സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും പരിശീലനം പൂർത്തിയാക്കി അംഗീകൃത സർട്ടിഫിക്കറ്റുകൾ നേടാനുമുള്ള സാധ്യതകളാണ് ഇത് തുറന്നിടുന്നത്.
പരിശീലനം രണ്ട് പ്രധാന ട്രാക്കുകളിലൂടെയാണ്. ആദ്യ ട്രാക്ക് സർഗാത്മക സംഗീതജ്ഞരെ സംബന്ധിക്കുന്നതാണ്. അറബ്, പാശ്ചാത്യ സംഗീത ഉപകരണങ്ങളെക്കുറിച്ചുള്ള പരിശീലനം ഇതിലുൾപ്പെടുന്നു. രണ്ടാമത്തെ ട്രാക്ക് സംഗീത വ്യവസായത്തിൽ വിദഗ്ധരായ പ്രഫഷനലുകൾക്കുള്ളതാണ്. ഈ ട്രാക്ക് സംഗീത നിർമാണവും അനുബന്ധ ജോലികളും സംബന്ധിച്ച കോഴ്സുകളിൽ വിദഗ്ധരായ പരിശീലകരാൽ പഠനം പൂർത്തിയാക്കാൻ സഹായിക്കുന്നതാണ്.
വിവിധ തരത്തിലുള്ള സംഗീതോപകരണങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കാനും സംഗീത നിർമാണ മേഖലകളിൽ മികച്ച പരിശീലനങ്ങൾ നൽകാനുമാണ് കമീഷന്റെ ഈ സംരംഭം ശ്രമിക്കുന്നത്.
കൂടാതെ രാജ്യത്തെ സംഗീത പഠനപ്രക്രിയയെ സമ്പന്നമാക്കുകയും പ്രാദേശികവും ആഗോള തലത്തിലും എല്ലാവർക്കും ഇത് ലഭ്യമാക്കുകയും ചെയ്യുന്നു. ഇത് വിപുലമായ സംഗീത കോഴ്സുകൾ നൽകുകയും രാജ്യത്തെ സംഗീത വ്യവസായത്തിൽ വൈദഗ്ധ്യമുള്ള സംഗീതജ്ഞരുടെയും പ്രഫഷനലുകളുടെയും പൊതുനില മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സംഗീത പ്രതിഭകളെ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും സംഗീത സംസ്കാരത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും സംഗീത സാംസ്കാരിക ഐഡന്റിറ്റി വികസിപ്പിക്കുന്നതിനുമുള്ള കമീഷന്റെ ശ്രമഫലമായാണ് പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായ ജീവിതനിലവാരത്തിന്റെ ആവശ്യകതകൾക്കിടയിലുള്ള സംഗീത സാംസ്കാരിക അവബോധത്തിന്റെ ഭാഗം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.