നഴ്സറി അധ്യാപകർക്ക് സംഗീത പരിശീലന പരിപാടി
text_fieldsഅൽ ഖോബാർ: സൗദി സാംസ്കാരിക-വിദ്യാഭ്യാസ മന്ത്രാലയങ്ങൾ അധ്യാപകർക്കുള്ള സംഗീത പരിശീലന പരിപാടിയുടെ രണ്ടാംഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു. അടുത്ത സെപ്റ്റംബറിൽ തുടർച്ചയായി നാല് ആഴ്ചകളിലായാണ് പരിശീലനം. സെപ്റ്റംബർ മൂന്നു മുതൽ 28 വരെ നീളുന്ന പരിപാടിയിൽ മൊത്തം 49 മണിക്കൂർ പരിശീലനം നൽകും.
ഇത്തവണ പൊതു-സ്വകാര്യ സ്കൂളുകളിലെ 8,000 കിൻറർഗാർട്ടൻ അധ്യാപകരെ പങ്കെടുപ്പിച്ച് പരിശീലനം നൽകും. കഴിഞ്ഞ മേയിൽ നടന്ന ആദ്യ ഘട്ടത്തിൽ 7,000 കിൻറർഗാർട്ടൻ അധ്യാപകർ പങ്കെടുത്തിരുന്നു.
കുട്ടികളെ മികച്ച രീതിയിൽ സംഗീതം അഭ്യസിക്കാൻ സഹായിക്കുകയാണ് പദ്ധതി ഉന്നം വെക്കുന്നത്. സ്കൂൾ പാഠ്യപദ്ധതിയിൽ സംഗീതം ഉൾപ്പെടുത്താനും സ്വദേശികളെ കുട്ടിക്കാലം മുതലേ സംഗീതത്തിലേക്ക് അടുപ്പിക്കാനും വേണ്ടിയുള്ളതാണ് പരിപാടി. വിദ്യാർഥികളെ ബൗദ്ധികവും ഭാഷാപരവുമായ വികാസത്തിലും സാമൂഹിക-വൈകാരിക വൈദഗ്ധ്യത്തിലും സഹായിക്കുന്നതിനുള്ള രാജ്യത്തിന്റെ നടപടികളുടെ ഭാഗമാണിത്.
പരിശീലനം പൂർത്തിയാക്കുന്ന അധ്യാപകർക്ക് മ്യൂസിക് കമീഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എജുക്കേഷൻ ആൻഡ് പ്രഫഷനൽ ഡെവലപ്മെന്റ് എന്നിവയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നൽകും. ‘റൗദതി’ (മൈ കിൻഡർഗാർട്ടൻ) പ്ലാറ്റ്ഫോമിലൂടെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.