ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങളിൽ ഉത്കണ്ഠ -മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി
text_fieldsറിയാദ് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ചെയർമാൻ സി.പി. മുസ്തഫ സംസാരിക്കുന്നു
റിയാദ്: രാജ്യത്ത് മുസ്ലിം സമൂഹം നേരിടുന്ന ആക്രമണങ്ങൾക്കും വെല്ലുവിളികൾക്കുമെതിരെ സമൂഹം മൗനം വെടിഞ്ഞ് ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് റിയാദിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്ലിം സമൂഹം സാംസ്കാരിക രാഷ്ട്രീയ ധാർമിക രംഗത്ത് കൂടുതൽ കരുത്ത് ആർജിക്കാനും ഐക്യത്തോടെ നീങ്ങാനും നേതാക്കൾ ആഹ്വാനം ചെയ്തു.
ബത്ഹ ഡി പാലസ് ഹോട്ടലിൽ ചേർന്ന ഇഫ്താർ സംഗമത്തിൽ ജനറൽ സെക്രട്ടറി റഹ്മത്തെ ഇലാഹി നദ്വി സ്വാഗതം പറഞ്ഞു. അധ്യക്ഷതവഹിച്ച ചെയർമാൻ സി.പി. മുസ്തഫ രാഷ്ട്രീയ ശാക്തീകരണത്തിനും പ്രവാസത്തിലേക്ക് കടന്നുവരുന്ന പുതിയ തലമുറക്ക് മാർഗനിർദേശങ്ങൾ നൽകുവാനും സംഘടന മുന്നിൽ നിൽക്കുമെന്ന് പറഞ്ഞു. പ്രാദേശിക കൂട്ടായ്മകളെ അണിനിരത്തി നാടിനെ ലഹരിമുക്തമാക്കാൻ നേതൃത്വം നൽകണമെന്ന് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ സെക്രട്ടേറിയറ്റംഗം അഡ്വ. അബ്ദുൽ ജലീലും ക്രിയാത്മകമായ നിർദേശങ്ങൾ നടപ്പാക്കാൻ കോഓഡിനേഷൻ കമ്മിറ്റി മുന്നോട്ട് വരണമെന്ന് എം.ഇ.എസ് റിയാദ് ചാപ്റ്റർ ട്രഷറർ ഫൈസൽ പൂനൂരും ആവശ്യപ്പെട്ടു.
മുസ്ലിം സമൂഹത്തിന്റെ ആവശ്യങ്ങളെ കുറിച്ച് കാമ്പയിൻ സംഘടിപ്പിക്കണമെന്ന് ഐ.സി.എഫ് പ്രതിനിധി മുനീർ കൊടുങ്ങല്ലൂരും മതപരമായ വിദ്യാഭ്യാസം വർധിപ്പിക്കാൻ ബോധവത്കരണം നടത്തണമെന്ന് ആർ.ഐ.സി.സി ഭാരവാഹി ഷാനിദും ആവശ്യപ്പെട്ടു. അസ്തിത്വം ചോദ്യം ചെയ്യുന്നിടത്ത് രാഷ്ട്രീയമായി സംഘടിക്കേണ്ടതിന്റെ ആവശ്യകതയെ കെ.എം.സി.സി പ്രതിനിധി യു.പി. മുസ്തഫ ചൂണ്ടിക്കാണിച്ചു.
സിജി റിയാദ് ചാപ്റ്റർ ചെയർമാൻ മുനീബും തനിമ റിയാദ് പ്രൊവിൻസ് പ്രസിഡൻറ് സിദ്ദീഖ് ജമാലും സമസ്ത ഇസ്ലാമിക് സെന്റർ പ്രതിനിധി സജീർ ഫൈസി, സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ മാർക്കസ് ദഅ്വ പ്രതിനിധി സയ്യിദ് സുല്ലമി, സുൽഫിക്കർ (ഇസ്ലാഹി സെന്റർ), സലീം മാഹി (തനിമ) എന്നിവരും സംസാരിച്ചു. വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ അബ്ദുറഹ്മാൻ മൗണ്ടു (യൂത്ത് ഇന്ത്യ) ഖിറാഅത്ത് നിർവഹിച്ചു. ശുഹൈബ് (കെ.എം.സി.സി ജനറൽ സെക്രട്ടറി) നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.