അഫ്ഗാൻ സ്ത്രീകൾക്കുവേണ്ടി മുസ്‍ലിം രാജ്യങ്ങൾ ശബ്ദമുയർത്തണം -യു.എസ് പ്രതിനിധി
text_fieldsറിയാദ്: അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുംവേണ്ടി സൗദി അറേബ്യ ഉൾപ്പെടെയുള്ള മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങൾ ശക്തമായി ശബ്ദമുയർത്തണമെന്ന് അഫ്ഗാൻ വനിതകൾക്കും പെൺകുട്ടികൾക്കും മനുഷ്യാവകാശങ്ങൾക്കുമുള്ള യു.എസ് പ്രത്യേക പ്രതിനിധി റിന അമീരി. മുസ്‍ലിംലോകം മൊത്തത്തിൽ ഉറ്റുനോക്കുന്ന രാജ്യമായതിനാൽ ഇക്കാര്യത്തിൽ മുന്നിൽനിന്ന് നയിക്കേണ്ടത് സൗദി അറേബ്യയാണെന്നും സൗദി പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അമീരി പറഞ്ഞു.
മനുഷ്യാവകാശങ്ങളുമായും സ്ത്രീകളുടെ അവകാശങ്ങളുമായും വളരെ യോജിച്ച മതമാണ് ഇസ്‍ലാം. മുസ്‍ലിമായ എന്റെ സ്വന്തം അനുഭവത്തിൽനിന്നും ചരിത്രത്തിൽനിന്നും സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകിയ ആദ്യത്തെ മതം ഇസ്‍ലാമാണെന്ന് എനിക്കറിയാം. ഇപ്പോൾ നിലവിലുള്ള എല്ലാ പദ്ധതികൾക്കും ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. നാമെല്ലാവരും ഒരുമിച്ച് ചെയ്യേണ്ട ജോലിയാണിത്. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഞങ്ങൾ അഫ്ഗാൻ ജനതക്ക് പിന്തുണ നൽകണം. താലിബാൻ അധികാരം ഏറ്റെടുത്ത് ഒരുവർഷത്തിനുശേഷം അഫ്ഗാനിസ്താനിലെ മനുഷ്യാവകാശ സാഹചര്യത്തെ 'വലിയ ദുരന്തം' എന്നാണ് അവർ വിശേഷിപ്പിച്ചത്. മാർച്ച് 23 മുതൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കുറഞ്ഞത് 16 ഉത്തരവുകളെങ്കിലും ഉണ്ടായിട്ടുണ്ട്.
പല മേഖലകളിലും ജോലിചെയ്യുന്നത് തടയുക, സെക്കൻഡറി വിദ്യാഭ്യാസത്തിൽനിന്ന് വിലക്കുക, വസ്ത്രധാരണരീതിയിൽ പിന്തിരിപ്പൻ നടപടികൾ അവതരിപ്പിക്കുക. അവരുടെ സ്വാതന്ത്ര്യത്തിന്റെ എല്ലാ തലങ്ങളും ചലനത്തിനുള്ള അവരുടെ അവകാശം ഇല്ലാതാക്കുന്നു. തങ്ങളെ ജയിലിലടച്ചതായി സ്ത്രീകൾക്ക് തോന്നുന്നു. ഭാവിയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷ അവർക്ക് നഷ്ടപ്പെട്ടു. അഫ്ഗാൻ ജനതയുടെ ശബ്ദത്തെ താലിബാൻ മാനിക്കുന്നില്ല. അവർ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ നിഷേധിക്കുന്നു, അവരുടെ പെൺമക്കളെയും ഭാര്യമാരെയും സ്‌കൂളിൽ പോകാനും ജോലി ചെയ്യാനും അനുവദിക്കുന്നില്ല. ഇതൊക്കെ വൻതോതിലുള്ള കുടിയേറ്റത്തിലേക്ക് നയിക്കും. അഭയാർഥിപ്രവാഹം സൃഷ്ടിക്കും. കൂടുതൽ ദരിദ്രമായ ഒരു രാജ്യത്തിലേക്ക് അഫ്ഗാനെ നയിക്കും. ആത്യന്തികമായി രാജ്യത്ത് കൂടുതൽ അസ്ഥിരത കൈവരും. അതൊരു ദരിദ്രരാജ്യമായിത്തീരും. പ്രതീക്ഷയില്ലാത്ത ഒരു രാജ്യമാകുക എന്നത് അഫ്ഗാനിസ്താന്റെ ഉള്ളിൽ മാത്രമല്ല, മേഖലക്കും ലോകത്തിനും വലിയൊരു അപകടസാധ്യതയുണ്ടാക്കും.
ഇവിടെനിന്നാണ് തീവ്രവാദം വരുന്നത്. ആശയില്ലായ്മയിൽനിന്നും അന്യവത്കരിക്കപ്പെട്ട സമൂഹങ്ങളിൽനിന്നുമാണ് തീവ്രവാദം ഉടലെടുക്കുന്നത്. എന്നാൽ, ജി.സി.സി, ഒ.ഐ.സി പോലുള്ള സ്ഥാപനങ്ങൾ അഫ്ഗാനികളെ കൈവിട്ടിട്ടില്ലെന്നും മുസ്‍ലിം ലോകം അവരോടൊപ്പം നിൽക്കുകയും ഇസ്‌ലാമിന്റെ ചട്ടക്കൂടിനുള്ളിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രയത്നിക്കുകയും ചെയ്യുന്നുവെന്ന് കാണാൻ കഴിയും. മനുഷ്യാവകാശങ്ങൾ വിദ്യാസമ്പന്നർക്ക് മാത്രമാണെന്ന വേർതിരിവ് വരുത്തരുത്. ഏറ്റവും ദുർബലരായ പാവപ്പെട്ട ആളുകൾക്ക് മനുഷ്യാവകാശങ്ങൾ കൂടുതൽ അടിസ്ഥാനപരമാണ്. ഒ.ഐ.സിയും ഇസ്‍ലാമിക് ഡെവലപ്‌മെന്റ് ബാങ്കും സ്ഥാപിച്ച അഫ്ഗാനിസ്താൻ ഹ്യൂമാനിറ്റേറിയൻ ട്രസ്റ്റ് ഫണ്ടിലേക്ക് സൗദി അറേബ്യയുടെ മൂന്നുകോടി ഡോളറിന്റെ സംഭാവനയെ യു.എസ് പ്രതിനിധി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.