മതസംഘടനകളുടെ കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെടാറില്ല -പി.എം.എ സലാം
text_fieldsദമ്മാം: മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും മതസംഘടനകളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ഖത്വീഫ് കെ.എം.സി.സിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം ദമ്മാമിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നിലവിൽ സമസ്തയിൽ രൂപപ്പെടുന്ന തർക്കങ്ങളിൽ ലീഗിന് ഒരു പങ്കുമില്ല. ഏതെങ്കിലും ഒരു മത സംഘടനയോട് പ്രത്യേക അടുപ്പമോ വിദ്വേഷമോ ഇല്ല. എന്നാൽ മുസ്ലിം ലീഗിന്റെ ചില നേതാക്കൾ സമസ്ത ഉൾപ്പടെ മതസംഘടനകളുടെ തലപ്പത്ത് പ്രവർത്തിക്കുന്നവരാണ്.
അഞ്ച് ലക്ഷം പാർട്ടി മെമ്പർഷിപ്പുകളിൽ 51 ശതമാനവും സ്ത്രീകളാണ്. എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ സ്ത്രീകൾക്ക് ഭാരവാഹിത്വം നൽകുന്ന കാര്യം പരിഗണനയിലില്ലെന്ന പാർട്ടിയുടെ നയം അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്ക് പ്രവർത്തിക്കാനുള്ള ഇടം വനിതാ ലീഗിലുണ്ട്. ‘ഹരിത’യിലുമുണ്ട്. അവർ അത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഭാരവാഹികൾക്ക് മാത്രമേ ഇരട്ട സ്ഥാനം പാടില്ല എന്ന നിയമം ബാധകമാവുകയുള്ളൂ. എം.എൽ.എ മാർക്ക് ഇത് ബാധകമല്ലാത്തത് കൊണ്ടാണ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ഭാരവാഹിത്വത്തിൽ താൻ ഉൾപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
പാർട്ടിക്കെതിരെ ശബ്ദിക്കുന്നവർ ഏത് ഉന്നതരായാലും വെച്ചുപൊറുപ്പിക്കാനാവില്ല. പാർട്ടി പുറത്താക്കിയ ഹരിത പ്രതിനിധികളെ ചില മാധ്യമങ്ങൾ തോളത്ത് പേറി നടന്നുവെങ്കിലും ഇപ്പോൾ അവർ തന്നെ അവരെ ഒഴിവാക്കിയിരിക്കുകയാണ്. കേരളത്തിലെ സർക്കാർ ന്യൂനപക്ഷ വിരുദ്ധരായി മാറിയിരിക്കുകയാണ്. അവർ ബി.ജെ.പിയുമായി നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് ഭരണ തീരുമാനങ്ങൾ. എൻ.ആർ.സി സമരത്തിൽ യു.പിയിൽ 900 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 835 കേസുകൾ രജിസ്റ്റർ ചെയ്ത് രണ്ടാം സ്ഥാനത്ത് എത്തിയത് പിണറായി സർക്കാരാണ്. പാർട്ടി അണികൾ ചെയ്ത കൊലപാതക ഉൾപ്പടെയുള്ള ക്രിമിനൽ കുറ്റങ്ങളെ വെളുപ്പിക്കാൻ പൊതു ഖജനാവിൽ നിന്ന് ഒരു ധാർമികതയും തടസ്സമാകാതെ ലക്ഷങ്ങൾ കൊള്ളയടിക്കുകയാണ്.
കേരളത്തിലെ ജനങ്ങളുടെ മുന്നിൽ പറയാൻ വികസന നേട്ടങ്ങൾ ഒന്നുമില്ലാത്ത സർക്കാർ ജനകീയ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർവ നികുതയും വർധിപ്പിച്ച് ജനങ്ങളുടെ മുതുകൊടിക്കുന്ന സർക്കാർ വെള്ളം കുടിച്ച് മരിക്കാൻ പോലും ജനങ്ങളെ അനുവദിക്കാതെ വെള്ളക്കരവും ക്രമാതീതമായി കൂട്ടിയിരിക്കുകയാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തൊഴിലിന് വേണ്ടി കാത്തുനിൽക്കുമ്പോൾ പാർട്ടിക്കാരേയും ഇഷ്ടക്കാരേയും പിൻവാതിൽ നിയമനം നടത്തി യുവജനങ്ങളെ കബളിപ്പിക്കുകയാണ്. രണ്ടാം പിണറായി സർക്കാറിനെ ജനം ഇപ്പോൾ തന്നെ കൈയ്യൊഴിഞ്ഞിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഖാദർ ചെങ്കള, ഈസ്റ്റേൺ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ, മുസ്ലീം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറർ ഇബ്രാഹിം കുട്ടി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.