ലോക മതകാര്യമന്ത്രിമാരുടെ സമ്മേളനത്തിന് തുടക്കം; സാങ്കേതികവിദ്യകളുടെ അപകടം, തിന്മ എന്നിവക്കെതിരെ ഗൗരവനിലപാട് വേണം -സൗദി മതകാര്യ മന്ത്രി
text_fieldsമക്ക: സാങ്കേതികവിദ്യകളുടെ അപകടത്തിൽനിന്നും തിന്മയിൽനിന്നും സമൂഹത്തെ സംരക്ഷിക്കാൻ പണ്ഡിതന്മാർ, പ്രബോധകർ എന്നിവരിൽനിന്നും ഗൗരവമായ നിലപാട് ആവശ്യമാണെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.
മക്കയിൽ ഇസ്ലാമിക രാജ്യങ്ങളിലെ വഖഫ്, മതകാര്യ മന്ത്രിമാരുടെ ഒമ്പതാമത് സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും മൂല്യങ്ങളും സമാധാനവും ലംഘിക്കുന്നതിനുള്ള ഒരു മേഖലയായി മാറിയിരിക്കുന്നു.
നിരവധി തീവ്രവാദ, ഭീകരവാദ ഗ്രൂപ്പുകളും നിരീശ്വരവാദം, ധാർമിക തകർച്ച, രാജ്യദ്രോഹം എന്നിവയുടെ വക്താക്കളും ഈ പ്ലാറ്റ്ഫോമുകളിൽ അധിനിവേശം നടത്തിയിട്ടുണ്ടെന്നും ഈ സാങ്കേതികവിദ്യകളിൽ അത്തരം ശക്തികൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മതകാര്യ മന്ത്രി സൂചിപ്പിച്ചു.
സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. മതപരമായ പ്രഭാഷണങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
തീവ്രവാദത്തെയും ഭീകരതയെയും നേരിടുന്നതിനുള്ള സംഭവവികാസങ്ങൾ, തീവ്രവാദ വ്യവഹാരങ്ങളിൽനിന്ന് പ്ലാറ്റ്ഫോമുകളെ സംരക്ഷിക്കുന്നതിനുള്ള വഴികൾ, സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, മിതത്വം ഏകീകരിക്കുക, മതപരമായ വ്യവഹാരങ്ങളെക്കുറിച്ചുള്ള ധാരണ ശരിയാക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ലോക മുസ്ലിംകളുടെ ഖിബ്ലയായ കഅ്ബക്കരികെ മക്കയിൽ നാം ഒരുമിച്ചു കൂടിയിരിക്കുന്നത്.
ഇതിന് സഹകരണവും കൂടിയാലോചനയും സംയുക്തപരിപാടികൾ സജീവമാക്കൽ, അംഗങ്ങൾക്കിടയിലെ വിജയകരമായ അനുഭവങ്ങളുടെ കൈമാറ്റം ചെയ്യൽ, ഇമാമുമാർ, പ്രബോധകർ എന്നിവരുടെ പങ്ക് സജീവമാക്കൽ, പള്ളിയുടെ ദൗത്യം ശരിയായ രീതിയിൽ നിർവഹിക്കൽ എന്നിവ ആവശ്യമാണ്.
പള്ളികളുടെ ദൗത്യം വർധിപ്പിക്കുന്ന വളർച്ചയും സുസ്ഥിരതയും കൈവരിക്കുന്നതിന് സഹായിക്കുന്ന എല്ലാ കാര്യങ്ങളും പരിപാലിക്കുകയും വഖഫ് ഫണ്ടുകളുടെയും പങ്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.
തീവ്രവാദത്തെയും ഭീകരതയേയും ചെറുക്കുന്നതിലും മിതത്വത്തിലും അധിഷ്ഠിതമാണ് സൗദി അറേബ്യ. വെല്ലുവിളികളെ ദൃഢനിശ്ചയത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേരിടാൻ പ്രാപ്തരാക്കുന്ന ഇസ്ലാമിക അടിസ്ഥാനങ്ങളും മൂല്യങ്ങളും നമുക്കുണ്ട്.
സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തുമ്പോൾ തന്നെ നമ്മുടെ ആയുധങ്ങൾ ദൈവഭക്തിയും അറിവും ജ്ഞാനവുമാണ്. തീവ്രവാദഭീഷണി നേരിടുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് സൗദിയെന്നും ഭീകരവാദത്തെ നേരിടുന്നതിൽ അനുഭവപരിചയമുണ്ടെന്നും മന്ത്രി പറഞ്ഞു.
മക്കയിലെ ഹിൽട്ടൽ ഹോട്ടലിൽ ആരംഭിച്ച ഇസ്ലാമിക രാജ്യങ്ങളിലെ വഖഫ്, മതകാര്യ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിൽ 62 രാജ്യങ്ങളിൽനിന്നുള്ള 250 പ്രമുഖർ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാർ, മുഫ്തിമാർ, ഇസ്ലാമിക് കൗൺസിൽ മേധാവികൾ, അസോസിയേഷനുകൾ, 60ലധികം രാജ്യങ്ങളിൽനിന്നുള്ള സ്ഥാപനങ്ങളുടെപ്രതിനിധികൾ, നിരവധി ഇസ്ലാമിക, അന്തർദേശീയ പ്രമുഖർ എന്നിവർ ഇതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.