അമേരിക്കൻ കോൺഗ്രസിൽ ഇഫ്താർ ഒരുക്കി മുസ്ലിം വേൾഡ് ലീഗ്
text_fieldsഅമേരിക്കൻ കോൺഗ്രസിൽ മുസ്ലിം വേൾഡ് ലീഗ് ഒരുക്കിയ ഇഫ്താർ വിരുന്നിലെ കാഴ്ചകൾ
റിയാദ്: അമേരിക്കൻ കോൺഗ്രസിൽ മുസ്ലിം വേൾഡ് ലീഗ് റമദാൻ ഇഫ്താർ വിരുന്നൊരുക്കി. നിരവധി ഇസ്ലാമിക വ്യക്തികൾ, മറ്റു മതങ്ങളുടെ അനുയായികൾ, കോൺഗ്രസ് അംഗങ്ങൾ, റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ഇസ്ലാം സമൂഹവും മറ്റുള്ളവരും തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങൾ മുസ്ലിം വേൾഡ് ലീഗ് മതപരമായ പരിപാടികളിലൂടെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽഈസ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
യു.എസ് കോൺഗ്രസിൽ ആദ്യമായാണ് ഇഫ്താർ ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവർ അതിൽ പങ്കെടുത്തു. അമേരിക്കൻ വൈവിധ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രക്രിയയുടെ സുപ്രധാന ഘടകമാണിതെന്നും അൽഈസ പറഞ്ഞു.
നോമ്പിന്റെ മാസമായ റമദാന്റെ അർഥം വ്യക്തമാക്കുന്നതാണ് ഈ ചടങ്ങിലേക്ക് ഇതര മതവിശ്വാസികളെ ക്ഷണിക്കുന്നതെന്ന് അൽഈസ വിശദീകരിച്ചു. ഇത് ഈ ആചാരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയെ പ്രതിഫലിപ്പിക്കുന്നു.
ദൈവം നമുക്കുവേണ്ടി നൽകിയ അനുഗ്രഹങ്ങളെ വിലമതിക്കാനും ഈ ലോക നിവാസികൾക്കിടയിലെ ദരിദ്രരുടെ കഷ്ടപ്പാടുകൾ തിരിച്ചറിയാനും റമദാൻ നമ്മെ അനുവദിക്കുന്നു. ദൈവത്തെ അനുസരിക്കാനുള്ള ഭക്തി, ആത്മനിയന്ത്രണം, പ്രതിബദ്ധത എന്നിവയുടെ പരീക്ഷണമാണ് വ്രതമെന്നും അൽഈസ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.