ഹജ്ജ് നടപടിക്രമങ്ങൾ പൂർവസ്ഥിതിയിലാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത് മുസ്‌ലിം വേൾഡ് ലീഗ്
text_fieldsറിയാദ്: ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കോവിഡ് കാല നിയന്ത്രണങ്ങളിൽനിന്ന് മുക്തമാക്കുമെന്ന ഹജ്ജ് മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തെ മുസ്‌ലിം വേൾഡ് ലീഗ് (എം. ഡബ്ലിയു.എൽ) സ്വാഗതം ചെയ്‌തു. പ്രായപരിധി ഒഴിവാക്കുമെന്നും ഇക്കൊല്ലത്തെ തീർഥാടകരുടെ എണ്ണം കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് ഉയർത്തുമെന്നും ഹജ്ജ്-ഉംറകാര്യ മന്തി തൗഫീഖ് അൽ റബീഅ വ്യക്തമാക്കിയിരുന്നു.
ഹജ്ജ്, ഉംറ തീർഥാടകരുടെ ഇൻഷുറൻസ് തുക 73 ശതമാനം വരെ കുറക്കുമെന്നും ജിദ്ദയിൽ സംഘടിപ്പിച്ച ഹജ്ജ് എക്‌സ്‌പോയിൽ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നുള്ള തീർഥാടകർക്ക് ഗുണകരമായ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും അസോസിയേഷൻ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് ചെയർമാനുമായശൈഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ ഹജ്ജ് തീർഥാടകർക്ക് ഏർപ്പെടുത്തിയ 65 വയസ്സ് പ്രായപരിധി ഇക്കൊല്ലം മുതൽ ഒഴിവാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വിവിധ രാജ്യങ്ങളുടെ ഹജ്ജ് ക്വാട്ട പൂർവസ്ഥിതിയിലാക്കിയതായും അദ്ദേഹം പറഞ്ഞു. തീർഥാടകരെ സേവിക്കാനുള്ള ശ്രമങ്ങളും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ മുൻകരുതലുകളും പ്രശംസനീയമാണെന്ന് ഡോ. അൽ ഈസ പറഞ്ഞു.
ഉംറ നിർവഹിക്കുന്നവർക്കുള്ള ഇൻഷുറൻസ് ചെലവ് 73 ശതമാനം കുറയ്ക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലെ തീർഥാടകർക്ക് അവരുടെ ആവശ്യകതകൾ നിറവേറ്റുന്നതിന് സൗദിയിലെ ലൈസൻസുള്ള ഏത് കമ്പനിയുമായും ബന്ധപ്പെടാനുള്ള അവസരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഉംറ വിസയുടെ കാലാവധി 30 നിന്ന് 90 ദിവസമായി ഉയർത്തുകയും ഉംറ തീർഥാടകർക്ക് രാജ്യത്തെ ഏത് പ്രദേശവും സന്ദർശിക്കാൻ അനുമതി നൽകുകയും ചെയ്തു.
ഏത് തരം വിസയിൽ രാജ്യത്ത് എത്തുന്നവർക്കും ഉംറ നിർവഹിക്കാൻ അനുമതിയുമുണ്ട്. രണ്ട് വിശുദ്ധ മസ്ജിദുകൾക്കുള്ള സേവനവും അവിടെയെത്തുന്ന സന്ദർശകർക്ക് നൽകുന്ന പരിചരണവും രാജ്യത്തിന്റെ സൽപ്പേര് വർധിപ്പിക്കുമെന്ന് ഡോ. ഈസ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.