ഞാനും കുടുംബവും സൗദിയിൽ സന്തുഷ്ടരാണ് -റൊണാൾഡോ
text_fieldsറിയാദ്: താനും കുടുംബവും സൗദി അറേബ്യയിൽ സന്തുഷ്ടരാണെന്ന് തുറന്നുപറഞ്ഞ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സീസൺ അവസാനത്തോടെ അൽ നസ്ർ ക്ലബ്ബുമായുള്ള കരാർ തീരുന്ന പോർച്ചുഗീസ് താരം ക്ലബ്ബുമായുള്ള തന്റെ ഭാവിയെക്കുറിച്ച് സൗദി റോഷൻ ലീഗ് വെബ്‌സൈറ്റിനോട് സംസാരിക്കവെയാണ് സൗദിയിലെ ജീവിതത്തെ കുറിച്ച് വാചാലനായത്.
ഈ മനോഹരമായ രാജ്യത്ത് ഞങ്ങൾ ഒരു പുതിയ ജീവിതം ആരംഭിച്ചു. ഞാൻ എല്ലാ ഊർജ്ജവും ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഒപ്പം അൽ നസ്റുമായുള്ള കരാറിനെ ഞാൻ മാനിക്കുന്നു. അൽ നസ്റിന് കൂടുതൽ കിരീടങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നു -റൊണാൾഡോ പറഞ്ഞു. അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നീ ക്ലബ്ബുകളുമായുള്ള മത്സരം ബുദ്ധിമുട്ടാണ്. പക്ഷേ കിരീടങ്ങൾ നേടുന്നതിന് ഞങ്ങൾ പരമാവധി ശ്രമിക്കും. ഫുട്‌ബാളിൽ സന്തോഷകരമായ നിമിഷങ്ങളുണ്ട്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്ലബ്ബിനെ ബഹുമാനിക്കുക, അതുമായുള്ള കരാറിനെ ബഹുമാനിക്കുക, പക്കലുള്ളതെല്ലാം നൽകുക എന്നതാണ്. അൽനസ്റിനൊപ്പം എ.എഫ്.സി ചാമ്പ്യൻസ് ലീഗും സൗദി ലീഗും നേടാൻ ഞാൻ സ്വപ്നം കാണുന്നു. അൽ നസ്റിനെ ചാമ്പ്യൻഷിപ്പുകൾ നേടാൻ സഹായിക്കാൻ ഞാൻ തുടർന്നും ശ്രമിക്കുമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
എല്ലാവരും ക്രിസ്റ്റ്യാനോയെ ഒരു റോൾ മോഡലായി കാണുന്നുണ്ട്. അതിൽ സന്തോഷമില്ലാതില്ല. സൗദി ലീഗ് വികസിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. നിരവധി ഫുട്ബാൾ താരങ്ങൾ സൗദിയിലേക്ക് മാറിയിട്ടുണ്ട്. എെൻറ സ്വപ്നവും ഞാൻ ആഗ്രഹിക്കുന്നതും അടുത്ത അഞ്ച് അല്ലെങ്കിൽ 10 വർഷം കൂടി ലീഗ് വികസിക്കുന്നത് തുടരുക എന്നതാണ്. ക്ലബ്ബ് തലത്തിൽ മാത്രമല്ല, അക്കാദമി തലത്തിലും മറ്റ് ലീഗുമായുള്ള മത്സരത്തിലുമെല്ലാം.
അൽ നസ്റിനൊപ്പമുള്ള എെൻറ ഏറ്റവും മികച്ച നിമിഷം അൽ ഹിലാലിനെതിരായ ഫൈനലിൽ ഞാൻ എെൻറ ആദ്യ കിരീടം നേടിയപ്പോഴാണ്. ഒരുപക്ഷേ ഞങ്ങൾ കളിച്ച ഏറ്റവും പ്രയാസകരമായ മത്സരമായിരുന്നു അത്. ഈ വർഷം അൽ നസ്റിന് സന്തോഷകരമായ വർഷമായിരിക്കും. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ക്ലബ്ബിനായി വിജയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അൽ നസ്റിനെ കിരീടങ്ങൾ നേടാൻ സഹായിക്കും. ഈ വർഷം വിജയത്തിെൻറ നല്ല വർഷമാകുമെന്ന് കരുതുന്നുവെന്നും റൊണാൾഡോ പറഞ്ഞു.
അൽ നസ്റുമായുള്ള കരാറിൽ റോണാൾഡോ ആറ് മാസത്തെ ഫ്രീ പിരീയഡിൽ പ്രവേശിച്ചിരിക്കുകയാണ്. പുതിയ സീസണിൽ ഒരു സ്വതന്ത്ര കളിക്കാരൻ എന്ന നിലയിൽ ഏതെങ്കിലും ക്ലബ്ബുമായി പരസ്യമായി ചർച്ചകൾ നടത്താനോ ട്രാൻസ്ഫർ കരാർ ഒപ്പിടാനോ അദ്ദേഹത്തിന് അവകാശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.