പുതിയ മേച്ചിൽപുറങ്ങൾ തേടി ഇന്ത്യൻ ഫുട്ബാൾ
text_fieldsറിയാദ്: അനുഭവങ്ങളുടെയും നൈപുണികളുടെയും പുതിയ മേച്ചിൽപുറങ്ങൾ തേടിയുള്ള സഞ്ചാരത്തിലാണ് ഇന്ത്യൻ ഫുട്ബാൾ. അതിന്റെ ഭാഗമായിട്ടാണ് സന്തോഷ് ട്രോഫി ഫൈനൽ മത്സരങ്ങൾ ഒരു വിദേശ രാജ്യത്ത് നടത്താൻ തീരുമാനിച്ചതെന്ന് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡൻറും കർണാടക ശാന്തിനഗർ എം.എൽ.എയുമായ എൻ.എ. ഹാരിസ് പറഞ്ഞു .
റിയാദിൽ നടന്ന 76ാമത് സന്തോഷ് ട്രോഫി ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് എത്തിയ അദ്ദേഹം ‘ഗൾഫ്മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. പുതിയ ചെറുപ്പക്കാരുടെ ആഗമനവും സ്പോർട്സ് അതോറിറ്റിയുടെ പുതിയ സ്ട്രാറ്റജികളും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സാന്നിധ്യവുമെല്ലാം ഇന്ത്യൻ ഫുട്ബാളിനെ സമീപഭാവിയിൽതന്നെ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനുള്ള ആസൂത്രണവും രൂപരേഖയും തയാറാക്കി വരുകയാണ്. അതിന്റെ ഭാഗമാണ് ഈ സന്ദർശനം.
ഇതേപോലെ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനുമായി സഹകരിച്ച് കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാനും മെച്ചപ്പെട്ട പരിശീലനം നൽകാനും പരിപാടിയുണ്ടെന്നും എൻ.എ. ഹാരിസ് പറഞ്ഞു. ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ചയിൽ കേരളത്തിന് വലിയ സംഭാവനകളർപ്പിക്കാൻ കഴിയും. ചരിത്രമായി മാറിയ ഈ ഫൈനലിൽ കർണാടക കിരീടം നേടിയതിൽ അതീവ സന്തുഷ്ടനാണെന്നും ഇത് കന്നട ഫുട്ബാളിലെ ഒരു നാഴികക്കല്ലാണെന്നും കർണാടക ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് കൂടിയായ അദ്ദേഹം വ്യക്തമാക്കി.
കേരള ടീം നല്ല പെർഫോം കാഴ്ചവെച്ചെങ്കിലും സെമിയിലെത്താൻ കഴിഞ്ഞില്ല, കേരളം കൂടിയുണ്ടായിരുന്നെങ്കിൽ ഇവിടെ നല്ല ജനക്കൂട്ടം ഉണ്ടാകുമായിരുന്നു. ഫൈനൽ മത്സരം നടത്താൻ സൗദി ഫുട്ബാൾ ഫെഡറേഷൻ നൽകിയ സഹകരണം വില മതിക്കാനാകാത്ത ഒന്നായിരുന്നു. ബൃഹത്തായ സൗകര്യങ്ങളാണ് അവർ ഒരുക്കിയത്.
ഒരു വലിയ ഫുട്ബാൾ മേളക്കാവശ്യമായ എല്ലാ തയാറെടുപ്പുകളും കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിൽ ഫുട്ബാൾ ഫെഡറേഷൻ ശ്രദ്ധചെലുത്തിയിരുന്നു. സൗദി ഭരണാധികാരികൾക്കും ഫെഡറേഷൻ ഭാരവാഹികൾക്കും ഇന്ത്യൻ സമൂഹത്തിന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.