'നാഫിസ്' പ്ലാറ്റ്ഫോം: കായിക മേഖലക്ക് കുതിപ്പേകാൻ ഡിജിറ്റൽ സംരംഭം
text_fieldsജിദ്ദ: സൗദിയിൽ ക്ലബുകൾക്കും അക്കാദമികൾക്കും സ്വകാര്യ ജിമ്മുകൾക്കും ലൈസൻസ് നൽകുന്നതിന് 'നാഫിസ്' എന്ന പേരിൽ പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് കായികമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭം. രാജ്യവാസികളുടെ ജീവിതത്തിെൻറ ഗുണമേന്മ വർധിപ്പിക്കാനുള്ള പരിപാടിയുടെ പരിധിയിൽപെടുന്നതാണ് ഇൗ സംരംഭം.
കായിക മേഖലയിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയെ പ്രാപ്തമാക്കുക, പ്രാദേശിക-വിദേശ നിക്ഷേപകർക്ക് സ്വകാര്യ ക്ലബുകൾ, അക്കാദമികൾ, ജിമ്മുകൾ എന്നിവ സ്ഥാപിക്കാനും വികസിപ്പിക്കാനും അവസരമൊരുക്കുക, ആരോഗ്യകരമായ സമൂഹത്തെ കെട്ടിപ്പടുക്കുക, സമ്പദ്വ്യവസ്ഥയുടെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിഷൻ 2030െൻറ ലക്ഷ്യങ്ങൾ നേടിയെടുക്കാനുംകൂടിയാണിത്.
കായികമേഖലയുടെ വികസനത്തിന് പരിധിയില്ലാത്ത പിന്തുണയാണ് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകിവരുന്നതെന്ന് കായികമന്ത്രി വ്യക്തമാക്കി. അതിന് വളരെയധികം നന്ദിയുണ്ട്.
ഇൗ പിന്തുണയിലൂടെ ധാരാളം നിക്ഷേപ അവസരങ്ങളും ആകർഷകമായ അന്തരീക്ഷവുമുണ്ടായിട്ടുണ്ട്. കായികമേഖലക്ക് വലിയ പ്രചോദനവുമാണ്. കഴിഞ്ഞ കാലങ്ങളിൽ കായികമേഖല മുെമ്പാന്നുമില്ലാത്ത ധാരാളം പുരോഗതിക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ കായികമേഖലയുടെ വളർച്ചയിൽ 170 ശതമാനം വർധനയുണ്ടായി. പതിവായി സ്പോർട്സ് പരിശീലിക്കുന്ന പൗരന്മാരുടെ എണ്ണത്തിൽ 19 ശതമാനം വർധനയുണ്ടായി. കായികമേഖലയുടെ മൂല്യം 65 ശതകോടി റിയാലിലെത്തി. ഇപ്പോഴിതാ 'നാഫിസ്' എന്ന പ്ലാറ്റ്ഫോം ആരംഭിച്ചതിലൂടെ സൗദി കായികമേഖല പുതിയൊരു ഘട്ടത്തെ അഭിമുഖീകരിക്കാൻ പോകുന്നു.
ഇൗ പ്ലാറ്റ്ഫോം സൗദി കായികമേഖല വ്യവസായത്തിലെ ഒരു വഴിത്തിരിവായിരിക്കുമെന്നും കായികമന്ത്രി പറഞ്ഞു. ക്ലബുകൾ, അക്കാദമികൾ എന്നിവ സ്ഥാപിക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ നേടുന്നതിലൂടെ സ്വകാര്യമേഖലക്ക് കായികമേഖലയിൽ നിക്ഷേപം നടത്താനും അതിെൻറ വളർച്ചക്കും അഭിവൃദ്ധിക്കും സംഭാവന നൽകാനും പുതിയ പ്ലാറ്റ്ഫോം അവസരമൊരുക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിരവധി കായികയിനങ്ങൾ ഉൾപ്പെടുത്തുന്നുവെന്നത് ശ്രദ്ധേയമാണ്.
ബാസ്കറ്റ്ബാൾ, സ്ക്വാഷ്, റോയിങ്, ഇൻഡോർ റോയിങ്, ജിംനാസ്റ്റിക്സ്, ജൂഡോ, തൈക്വാൻഡോ, കരാട്ടേ, ഗുസ്തി, മിശ്ര ആയോധനകല, കുതിരസവാരി, സൈക്ലിങ്, ഫുട്ബാൾ, ഫെൻസിങ്, ടെന്നിസ്, ബോക്സിങ്, ക്വിക്ക് ബോക്സിങ്, നീന്തൽ, ഇ-സ്പോർട്സ്, ചെസ്, വയർലെസ് സ്പോർട്സ്, ബാഡ്മിൻറൺ എന്നിവക്ക് ക്ലബുകളോ അക്കാദമികളോ സ്ഥാപിക്കുന്നതിന് ലൈസൻസുകൾ നൽകും. ഇതിനായി www.mos.gov.sa/ar/NAFES എന്ന വെബ്സൈറ്റ് ഒരുക്കും.രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ നിക്ഷേപകർക്കും ലിങ്കിൽ പ്രവേശിക്കാമെന്നും കായികമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.