പ്രവാസി കാല്പന്ത് മൈതാനത്ത് കാരുണ്യസാന്നിധ്യമായി 'നര്‍ഗീസ് ബീഗം'
text_fieldsദമ്മാം: ഡിഫ സംഘടിപ്പിക്കുന്ന ടൂർണമെന്റിന് വ്യത്യസ്തത ചാർത്തി കേരളത്തിലെ ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗവും. ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന ഡ്രീം ഡസ്റ്റിനേഷന്‍ സൂപ്പര്‍ കപ്പ് മത്സരങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആരവങ്ങളിലേക്കാണ് ഭര്‍ത്താവ് സുബൈര്‍ ചെർപ്പുളശ്ശേരിക്കൊപ്പം നര്‍ഗീസ് ബീഗമെത്തിയത്.
മേളയുടെ വേദിയായ അല്‍ഖോബാര്‍ സ്പോട്ട് യാഡ് സ്റ്റേഡിയത്തില്‍ നര്‍ഗീസ് ബീഗത്തോടൊപ്പം ദമ്മാമിലെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ വനിതാനേതാക്കള്‍ സാന്നിധ്യമറിയിച്ചതോടെ പ്രവാസി ഫുട്ബാള്‍ മേളകളില്‍ പുതുചരിത്രംതന്നെ സ്യഷ്ടിച്ചു. ആദ്യ വിദേശയാത്രയില്തന്നെ പ്രവാസികളുടെ കാല്പന്ത് ആവേശം കാണാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ എത്താന്‍ സാധിച്ചത് ഏറെ അഭിമാനം നല്‍കുന്നുവെന്ന് നര്‍ഗീസ് ബീഗം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കുന്നത് പ്രവാസികളാണ്. അവരുടെ സ്നേഹവായ്പ് തനിക്ക് ഏറെ ആസ്വദിക്കാന്‍ ലഭിച്ചത് അസുലഭ നിമിഷമായി സ്റ്റേഡിയത്തില്‍ നല്കിയ സ്വീകരണപരിപാടികളെ കാണുന്നുവെന്ന് നര്‍ഗീസ് ബീഗം പറഞ്ഞു. പ്രധാന വേദി പൂർണമായും വനിതാനേതാക്കള്ക്കുവേണ്ടി മാത്രം മാറ്റിവെച്ച സംഘാടകര്‍ കളിക്കാരെ പരിചയപ്പെടുന്ന ചടങ്ങിനും നിയോഗിച്ചത് വനിതാ നേതാക്കളെയായിരുന്നു.
കളിക്കാര്‍ക്ക് മധുരം നല്കിയ നര്‍ഗീസ് ബീഗം ശേഷം ടൂര്‍ണമെന്റിന് ആശംസകള്‍ നേര്‍ന്ന് കേക്ക് മുറിച്ചു. കോവിഡ് കാലത്ത് നല്കിയ സേവനങ്ങള്‍ക്ക് ഡോ. മാജിദ സുമയ്യ (അല്‍റയാന്‍ മെഡിക്കല്‍ സെന്റര്‍), ദ ഫിഫ്റ്റീന്‍ ഡെയ്സ് ടു കൗണ്ട് എന്ന പുസ്തകം രചിച്ച് പ്രശസ്തയായ വിദ്യാര്‍ഥി ഖദീജ നഫില (അല്‍ഖൊസാമ സ്കൂള്‍) എന്നിവര്‍ക്കുള്ള ഡിഫയുടെ ആദരവ് നര്‍ഗീസ് ബീഗം സമ്മാനിച്ചു.
നര്‍ഗീസ് ബീഗത്തിനുള്ള ഡിഫയുടെ ഉപഹാരം ഡോ. ലിന്‍ഷ അലവി, ഫസീല മുജീബ്, സജിദ ഷഫീഖ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഡോ. സിന്ധു ബിനു, ഷിജില ഹമീദ് (ഒ.ഐ.സി.സി), ഹുസ്ന ആസിഫ്, അര്‍ച്ചന (വേള്‍ഡ് മലയാളി കൗണ്‍സില്‍), മിനി ഷാജി (നവയുഗം), നജ്മുന്നീസ വെങ്കിട്ട (അല്അബീര് പോളിക്ലിനിക്), ഷബ്ന അസീസ്, സുനില സലീം (പ്രവാസി സാംസ്കാരികവേദി), ബിനില റഷാദ് എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ചു.
ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ റഫീഖ് കൂട്ടിലങ്ങാടി, ഷനൂബ് കൊണ്ടോട്ടി, മന്‍സൂര്‍ മങ്കട, റിയാസ് പറളി, ഖലീല്‍ റഹ്മാന്, സഹീര്‍ മജ്ദാല്‍, മുജീബ് പാറമ്മല്‍, ജാബിര്‍ ഷൗക്കത്ത്, സകീര്‍ വള്ളക്കടവ്, ജൗഹര്‍ കുനിയില്‍, റഊഫ് ചാവക്കാട്, ഫസല്‍ ജിഫ്രി, ആശി നെല്ലിക്കുന്ന് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.