ബഹിരാകാശ സഹകരണം ചർച്ച ചെയ്യാൻ ‘നാസ’ മേധാവി ഇന്ന് സൗദിയിലെത്തും
text_fieldsറിയാദ്: ബഹിരാകാശ സഹകരണം ചർച്ച ചെയ്യാൻ നാസ മേധാവി ബിൽ നെൽസൺ ഇന്ന് സൗദിയിലെത്തും. മേയ് 12 മുതൽ 16 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ സൗദി ബഹിരാകാശ ഏജൻസി അധികൃതരുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും ഭാവി സഹകരണം സംബന്ധിച്ച ചർച്ചകൾ നടത്തും. വിശാലമായ യു.എസ്-സൗദി ബന്ധത്തിന് സിവിൽ ബഹിരാകാശ സഹകരണത്തിന്റെ പ്രാധാന്യം അടിവരയിടാനുള്ള കൂടിക്കാഴ്ചകളും നടത്തും. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജീനീയറിങ്, ഗണിതശാസ്ത്രം എന്നീ മേഖലകളിലെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ റോളുകളെക്കുറിച്ചും വിദ്യാർഥികൾ നെൽസണുമായി സംവദിക്കുന്ന പരിപാടികളും സന്ദർശനത്തോടനുബന്ധിച്ച് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ബഹിരാകാശ മേഖലകളിലും അതിന്റെ സാങ്കേതിക വിദ്യകളിലും സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ താൽപര്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നാസ മേധാവിയുടെ സൗദി സന്ദർശനം. ബഹിരാകാശ മേഖല വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ സഹകരണത്തിനുള്ള അവസരങ്ങൾ പരിശോധിക്കുന്നതിലും ആ മേഖലയിലെ ഭാവി സംയുക്ത പദ്ധതികളിൽ നിക്ഷേപിക്കുന്നതിലും സൗദി അറേബ്യ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ നാസ മേധവിയുടെ സന്ദർശനം ബഹിരാകാശ മേഖലക്ക് വലിയ മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.