ദേശീയദിനാഘോഷത്തിന് നാളെ സമാപനം
text_fieldsറിയാദ്: 92ാമത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി സൗദിയിലാകമാനം നടക്കുന്നത് രാജ്യസ്നേഹം വിളംബരം ചെയ്യുന്ന പരിപാടികൾ. 'ഇത് നമ്മുടെ വീടാണ്' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച 92ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തിങ്കളാഴ്ച തിരശ്ശീലവീഴും.
രണ്ട് കോവിഡ് വർഷങ്ങൾക്ക് ശേഷം സാമൂഹിക നിയന്ത്രണങ്ങളില്ലാത്ത ദേശീയദിനം ആചരിക്കാൻ സ്ത്രീപുരുഷ ഭേദമന്യേ രാജ്യനിവാസികൾ ആവേശപൂർവം രംഗത്തുവരുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ രണ്ട് ദിവസവും. സൗദി അറേബ്യയോടുള്ള സ്നേഹവും കടപ്പാടും ഹൃദയത്തിൽ സൂക്ഷിക്കുന്ന പ്രവാസികളും ആഘോഷപരിപാടികളിൽ ഭാഗഭാക്കായി. അന്നമൂട്ടി ചേർത്തുനിർത്തിയ നാടിന്റെ ആഘോഷവേളയിൽ ആനന്ദംപ്രകടിപ്പിച്ചും ആശംസയറിയിച്ചുമുള്ള പ്രവാസികളുടെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
രാജ്യചരിത്രത്തിലെ ഗംഭീര വ്യോമ നാവികപ്രകടനങ്ങൾക്കാണ് പ്രധാന നഗരങ്ങളും തീരപ്രദേശ ജനവാസകേന്ദ്രങ്ങളും സാക്ഷ്യംവഹിച്ചത്. സൗദിയുടെ കൂറ്റൻ പതാകയേന്തിയ നാവികസേനയുടെ അത്യന്താധുനിക സൗകര്യങ്ങളുള്ള കപ്പലുകൾ സമുദ്രതീരങ്ങളിൽ ദേശീയഗാന അകമ്പടിയോടെ ഒഴുകിനടന്നു. നേവൽ സ്പെഷൽ സെക്യൂരിറ്റി ഗ്രൂപ്പിന്റെ ഹെലികോപ്ടറുകൾ കൂറ്റൻ ദേശീയപതാകയുമായി നീങ്ങിയത് കാണാൻ ഖോബാർ ബീച്ചിലും വലിയ ജനസഞ്ചയമാണ് അണിനിരന്നത്.
കുതിരപ്പടയും കാലാൾ സൈന്യവും ക്ലാസിക് കാറുകളുടെയും ബാൻഡ് സംഘത്തിന്റെയും അകമ്പടിയോടെ നടത്തിയ പരേഡുകൾ വീക്ഷിക്കാൻ ത്വാഇഫ്, തബൂക്ക്, അബഹ, ജീസാൻ, സകാക്ക, അറാർ, ഹാഇൽ ഉൾപ്പെടെയുള്ള നഗരങ്ങളിലെ വീഥികളിൽ സ്ത്രീകളും കുട്ടികളുമടക്കം ജനം തിങ്ങിനിറഞ്ഞു.
അറബ് പൈതൃകം വിളിച്ചോതുന്ന ദൃശ്യങ്ങളും ചരിത്രത്തിന്റെ പുനരാവിഷ്കാരങ്ങളും സൗദി രാഷ്ട്ര സംസ്ഥാപനത്തിന്റെ നാൾവഴി വിവരണ സദസ്സുകളും ദേശീയ ദിനാചരണത്തിൽ പങ്കുചേർന്നു.
അൽ ഉല ഓപ്പൺ മ്യൂസിയത്തിൽ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടികൾ ശ്രദ്ധേയമായി. ശിലാ വൈവിധ്യങ്ങളാൽ സമ്പന്നമായ അൽ ഉലയുടെ ശാന്തമായ ശരത്കാല അന്തരീക്ഷത്തിൽ അരങ്ങേറിയ സംഗീതസായാഹ്നം ആസ്വദിക്കാൻ നിരവധി കുടുംബങ്ങൾ എത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകപ്രശസ്ത ഗായകരാണ് സംഗീതപരിപാടി അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.