ദേശീയ ദിനാഘോഷം;യാംബുവിൽ നാളെ ‘മറൈൻ ഷോ’
text_fieldsയാംബു: 93-ാമത് സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യാംബുവിൽ സമുദ്രോത്സവമായ ‘മറൈൻ ഷോ’ സംഘടിപ്പിക്കുന്നു. യാംബു അൽ ബഹ്ർ ഷറം ബീച്ച് ഏരിയയിലുള്ള ചെങ്കടൽ ഭാഗത്താണ് ശനിയാഴ്ച വൈകീട്ട് 4.30ന് കടൽക്കാഴ്ചയൊരുക്കുന്നത്. യാംബുവിലെ അൽ അഹ്ലാം ടൂറിസം ഏരിയയിലാണ് ഫിഷറീസ്, കോസ്റ്റ് ഗാർഡ്, നാവികസേന എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, കടൽ കായിക താരങ്ങൾ തുടങ്ങി നിരവധിയാളുകൾ പങ്കെടുക്കുന്ന ജലറാലി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ദേശീയ ദിനാഘോഷപരിപാടിയുടെ ഭാഗമായി 76 ബോട്ടുകളും 25 മറൈൻ ടാങ്കുകളും പങ്കെടുത്ത ‘മറൈൻ മാർച്ച്’ കാണാൻ നിരവധി സന്ദർശകർ എത്തിയിരുന്നു. സൗദി പൈതൃക കലകളുടെയും പാരമ്പര്യ ദൃശ്യങ്ങളുടെയും അകമ്പടിയോട് കൂടി നടത്തിയ ജലോത്സവം വമ്പിച്ച ആവേശത്തോടെയാണ് സ്വദേശികളും വിദേശികളും വരവേറ്റത്. ഈ വർഷം കൂടുതൽ ഒരുക്കങ്ങളോടെ നടക്കാനിരിക്കുന്ന ‘മറൈൻ ഷോ’ കാണാൻ കാണികളുടെ വമ്പിച്ച സാന്നിധ്യമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.