വേറിട്ട കാഴ്ചയൊരുക്കി മുങ്ങൽ വിദഗ്ധരുടെ ദേശീയദിനാഘോഷം
text_fieldsജിദ്ദ: കടലിലെ മുങ്ങൽ വിദഗ്ധരുടെ സൗദി ദേശീയദിനാഘോഷം വേറിട്ട കാഴ്ചയായി. സൗദി വടക്കൻ അതിർത്തിയിലെ തബൂക്ക് മേഖലയിൽ അൽവജ്ഹിലെ ശറമ് സാഇല എന്ന തീരപ്രദേശത്തോടു ചേർന്നുള്ള ചെങ്കടൽ ഭാഗത്താണ് ഒരുപറ്റം മുങ്ങൽ വിദഗ്ധർ കടലിൽ മുങ്ങി ദേശീയദിനം ആഘോഷിച്ചത്. കുറഞ്ഞ തിരമാലകളുള്ള ഇൗ ഭാഗത്ത് അർജൻറീനക്കാരായ മുങ്ങൽ വിദഗ്ധരുടെ സഹകരണത്തോടെ സൗദി മുങ്ങൽ വിദഗ്ധർ കടലിൽ 10 മീറ്റർ ആഴത്തിലേക്ക് ദേശീയ പതാകയുമായി ഇറങ്ങുകയായിരുന്നു. സമുദ്രജീവികളും വർണാഭമായതും വൈവിധ്യമാർന്നതുമായ പവിഴങ്ങളും നിറഞ്ഞ കടലിൽ സൗദി പതാക ഉയർത്താൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് തങ്ങളെന്ന് പ്രമുഖ അണ്ടർവാട്ടർ ഫോേട്ടാഗ്രാഫർ മുഹമ്മദ് അൽശരീഫ് പറഞ്ഞു. ദേശീയദിനത്തിൽ ആളുകൾക്ക് വേറിട്ട കാഴ്ചയൊരുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ വടക്കു ഭാഗത്തെ പ്രധാന കടൽത്തീരങ്ങളിലൊന്നാണ് ശറമ് സാഇം. ഒഴിവുസമയം ചെലവഴിക്കാനും ഡൈവിങ് നടത്താനും നിരവധി വിനോദസഞ്ചാരികൾ എത്തുന്ന മനോഹരമായ കടൽത്തീരമാണിത്. സന്ദർശകർക്കായി കുടകൾ, ഇരിപ്പിടങ്ങൾ, ടോയ്ലറ്റുകൾ, കഫറ്റീരിയ, കുട്ടികൾക്കായുള്ള ഗെയിമുകൾ എന്നിവ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് വിവിധങ്ങളായ ആഘോഷപരിപാടികൾ ഇൗ കടൽത്തീരത്ത് നടത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.