ദേശീയദിനാഘോഷം തുടരുന്നു; ഹരിതാഭയിൽ മുങ്ങി ദമ്മാം
text_fieldsദമ്മാം: സൗദി അറേബ്യയുടെ 93ാമത് ദേശീയദിനം കിഴക്കൻ പ്രവിശ്യയും ആവേശനിറവിൽ ആഘോഷിച്ചു. അൽഖോബാർ, ദഹ്റാൻ, ഖത്വീഫ്, കോർണിഷുകൾ കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടികൾ അധികവും നടന്നത്. വാരാന്ത്യത്തോടൊപ്പമെത്തിയ ദേശീയ ദിനാഘോഷത്തിന് ഇത്തവണ മാറ്റ് കൂടുതലായിരുന്നു. നേരത്തേതന്നെ സൗദി പതാകയും മറ്റ് അലങ്കാരങ്ങളും തീർത്ത് വാഹനങ്ങൾ തയാറാക്കി നിർത്തിയിരുന്നു. ദേശീയ അഭിമാനബോധത്തിൽ തിളങ്ങിയ യുവാക്കളാണ് അധികവും വാഹനങ്ങളുമായി നിരത്തുകളിലെത്തിയത്.
നേരത്തേ വാഹനങ്ങളുമായി അഭ്യാസപ്രകടനങ്ങൾ കാണിച്ചിരുന്ന യുവതലമുറ അച്ചടക്കത്തോടെ രാജ്യത്തിെൻറ അഭിമാനം ഉയർത്തിപ്പിടിച്ച് വഴിയോരങ്ങളിൽ കാത്തുനിന്നവർക്ക് പുഞ്ചിരികൾ സമ്മാനിച്ച് നിരതെറ്റിക്കാതെ വാഹനങ്ങൾ ഓടിച്ച കാഴ്ചയും മനോഹരമായിരുന്നു. വെള്ളിയാഴ്ച രാത്രി മുതൽ ആഘോഷങ്ങൾക്ക് ആവേശം കൂടിയെങ്കിലും ദേശീയദിനമായ ശനിയാഴ്ച ഉച്ചയോടെ നിരത്തുകളിലേക്കും കോർണിഷുകളിലേക്കും ഒഴുകിയെത്തിയ ജനങ്ങളാൽ നഗരം വീർപ്പുമുട്ടി.
ദേശീയ പതാകയും ഹരിത വൈദ്യുതാലങ്കാരങ്ങളും തെരുവുകളിൽ ദേശീയ അഭിമാനബോധം വളർത്തി. കുട്ടികളും സ്ത്രീകളുമുൾപ്പെടെ അണിനിരന്നു. തങ്ങളുടെ പോറ്റമ്മയായ സൗദിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി സമൂഹവും ആഘോഷപ്പൊലിമക്ക് നിറവേകാനെത്തി. ആഘോഷങ്ങളിൽ പങ്കുചേരാനെത്തിയ ഭേദങ്ങളില്ലാത്ത പുഞ്ചിരിയും നൽകിയാണ് സ്വദേശികൾ സ്വീകരിച്ചത്. യുവസമൂഹത്തിെൻറ ഗായകസംഘങ്ങൾ കോർണിഷുകളിൽ പാട്ടുപാടി ആളുകളെ ആകർഷിച്ചു. പണ്ടെങ്ങുമില്ലാത്ത വിധത്തിൽ യുവാക്കളായ അനവധി ഗായകരാണ് സംഗീതോപകരണങ്ങളുമായി തെരുവുകളിൽ പ്രത്യക്ഷപ്പെട്ടത്.
സൗദിയുടെ സാംസ്കാരിക കേന്ദ്രമായ ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് ലോക സാംസ്കാരിക കേന്ദ്രം (ഇത്റ), വെള്ള, പച്ച വർണങ്ങളിലുള്ള നിയോൺ വെളിച്ചത്തിൽ തിളങ്ങിയാണ് സന്ദർശകരെ സ്വീകരിച്ചത്. ഇത്തവണ ഇത്റയിലെ ആകർഷണം അരാംകോ പുറത്തിറക്കിയ വലിയ പെയിൻറിങ് ‘സൈറ്റ്സ് ഓഫ് ഗ്രാൻഡിയർ’ ആയിരുന്നു. അതിനുമുന്നിൽനിന്ന് ഫോട്ടോയെടുക്കാൻ സന്ദർശകർ മത്സരിക്കുകയായിരുന്നു. വസ്ത്ര, വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലുമൊക്കെ ദേശീയദിനത്തിൽ അണിയാനുള്ള വൈവിധ്യമാർന്ന തുണിത്തരങ്ങളും പതാകകളും തൊപ്പികളും കലാരൂപങ്ങളും അലങ്കാരസാമഗ്രികളും കൗതുക വസ്തുക്കളുമൊക്കെ വാങ്ങാനെത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു.
വിവിധ പ്രവാസി സംഘടനകളും ദേശീയദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അൽഖോബാർ കോർണീഷിൽ തൊഴിൽ വകുപ്പിെൻറ നേതൃത്വത്തിൽ നടന്ന ദേശീയദിന ആഘോഷ പ്രകടനത്തിൽ പങ്കെടുക്കാൻ മലയാളികളും ഇന്ത്യക്കാരും ആവേശത്തോടെയാണ് എത്തിച്ചേർന്നത്. സ്വദേശികളോടൊപ്പം നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെയുള്ളവരും ആഘോഷത്തിൽ പങ്കാളികളാകാനെത്തി. ഒക്ടോബർ രണ്ടുവരെയാണ് എയർഷോ അടക്കമുള്ള ദേശീയദിനാഘോഷ പരിപാടികൾ രാജ്യത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.