ദേശീയദിനം: ഖത്തറിന് ആശംസ നേർന്ന് യു.എ.ഇ ഭരണാധികാരികൾ
text_fieldsദുബൈ: ദേശീയദിനം ആഘോഷിക്കുന്ന ഖത്തറിന് ആശംസകൾ നേർന്ന് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ എന്നിവർ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിക്ക് അഭിനന്ദന സന്ദേശമയച്ചു.
ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ ഖത്തർ ഭരണകൂടത്തിനും ജനങ്ങൾക്കും ആശംസ നേർന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ്, ഗൾഫ് സഹകരണ കൗൺസിലിലൂടെയും ജനങ്ങളുടെ അഭിലാഷങ്ങളിലൂടെയും പരസ്പരം ബന്ധുക്കളും സഹോദരങ്ങളുമാണ് ഇരു രാജ്യങ്ങളുമെന്ന് പറഞ്ഞു. ഖത്തറിന് കൂടുതൽ സുരക്ഷിതത്വവും സുസ്ഥിരതയും ഐശ്വര്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
50ാമത് ദേശീയ ദിനത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിലുള്ള ഖത്തറിനും അവിടുത്തെ ജനങ്ങൾക്കും ഐശ്വര്യവും വിജയവും തുടരട്ടെയെന്ന് ആശംസിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിച്ച് യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ ഖത്തറിെൻറ ദേശീയദിനം ആഘോഷിച്ചു. 'യു.എ.ഇ-ഖത്തർ: മെനി ഹാപ്പി റിട്ടേൺസ്' എന്ന പ്രമേയത്തിലാണ് ആഘോഷങ്ങൾ ഒരുക്കിയത്. എക്സ്പോ 2020 ദുബൈയിലും ഗ്ലോബൽ വില്ലേജിലും പ്രത്യേക ആഘോഷ പരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.