മഹാവിജയത്തിന്റെ ആഹ്ലാദനിറവ്
text_fieldsഹജ്ജ് മഹാവിജയമായതിെൻറ ആഹ്ളാദ നിറവിലാണ് സൗദി അറേബ്യ ഇത്തവണയും ദേശീയദിനം ആഘോഷിക്കുന്നത്. ലോകത്ത് ഉപമകളില്ലാത്ത മനുഷ്യമഹാസംഗമം സംഘടിപ്പിച്ച് വീണ്ടും ഇതിഹാസം രചിച്ചിരിക്കുകയാണ് രാജ്യം. 23 ലക്ഷത്തിൽ പരം തീർഥാടകർ കർമപ്രധാനമായ ഹജ്ജ് സുഗമമായി നിർവഹിച്ചാണ് ഇൗ രാജ്യത്തോട് നന്ദിയോടെ വിടചൊല്ലുന്നത്. അവർക്ക് സമ്മാനങ്ങൾ നൽകിയും സ്നേഹം പകർന്നും യാത്രാമൊഴി നൽകിക്കൊണ്ടിരിക്കുകയാണ് സംഘാടകർ. അനുപമമാണ് ഇൗ സമാഗമവും തിരിച്ചുപോക്കും. ചരിത്രത്തിെൻറ നിലക്കാത്ത തനിയാവർത്തനം. നാലായിരം സംവത്സരങ്ങളായി തുടരുന്ന ഇൗ ലോകസമ്മേളനം മുടങ്ങാതെ നടക്കുന്നു എന്നത് ദൈവത്തിെൻറ ദൃഷ്ടാന്തമായി കരുതാം.
കഴിഞ്ഞ വർഷം പതിനെട്ട് ലക്ഷത്തിൽ പരം വിശ്വാസികൾ ഹജ്ജ് നിർവഹിച്ചു എന്നായിരുന്നു കണക്ക്. ഇത്തവണ അഞ്ച് ലക്ഷത്തിൽ പരം തീർഥാടകർ അധികമുണ്ടായിരുന്നു. എന്നാൽ അതിെൻറ യാതൊരു തിരക്കും പ്രയാസമായി ആർക്കും അനുഭവപ്പെട്ടില്ല. പറയത്തക്ക അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഒരു ലക്ഷം വിവിധ സേനകൾ അടക്കം മൂന്ന് ലക്ഷം സർക്കാർ ജീവനക്കാരാണ് ഹജ്ജിെൻറ വിജയത്തിന് അഹോരാത്രം പണിയെടുത്തത്. അവരെ നയിക്കാൻ ഹജ്ജ് മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിൻദൻ, മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ തുടങ്ങിയവരുടെ ശക്തമായ നേതൃത്വം. സൗദി അറേബ്യയിലെ മുഴുവൻ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപനത്തിെൻറ വിജയം കൂടിയാണിത്. എല്ലാത്തിലുമുപരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും മുഴുസമയ മേൽനോട്ടം ഹജ്ജിെൻറ വിജയക്കൊടി പാറിച്ചു. ഒരോ വർഷത്തെയും ഹജ്ജ് അടുത്ത വർഷത്തേക്കുള്ള സംഘാടനത്തിെൻറ പരീക്ഷണ ശാലയാണിവിടെ. ഇൗ വർഷത്തെ വീഴ്ചകൾ അടുത്ത വർഷത്തേക്കുള്ള പാഠങ്ങളാണ്. ആത്മാർഥതയും അർപണബോധവുമുള്ള മനസുള്ളവർക്കേ ഇതുപോലൊരു ലോകസമ്മേളനം ഇൗ രീതിയിൽ സംഘടിപ്പിക്കാനാവൂ.
ഹജ്ജിെൻറ മൂന്നാം ദിനത്തിൽ സൈനിക വിഭാഗത്തിെൻറ ഹെലികോപ്ടറിൽ മക്കയുടെ ആകാശത്തിലൂടെ സഞ്ചരിച്ച് ഹജ്ജിെൻറ കാഴ്ചകൾ കാണാൻ അവസരം ലഭിച്ചു. പുണ്യനഗരത്തിനു മുകളിലൂടെയുള്ള യാത്രയുടെ വിസ്മയത്തിനപ്പുറം അൽഭുതപ്പെടുത്തിയത് 23 ലക്ഷം പേർ സംഗമിച്ച സമ്മേളനത്തിെൻറ ശാന്തതയായിരുന്നു. ഇത്ര വലിയൊരു സമ്മേളനം നടക്കുേമ്പാഴും മക്കയുടെ താഴ്വാരങ്ങൾക്ക് വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു. സംഘാടനത്തിെൻറയും പശ്ചാത്തല സൗകര്യവികസനത്തിെൻറയും ആസൂത്രണത്തിെൻറയും മികവാണ് മുകളിൽ നിന്ന് നോക്കിയപ്പോൾ ദർശിക്കാനായത്. അറഫക്കടുത്ത് നിന്നാണ് ഞങ്ങൾ പറക്കാൻ തുടങ്ങിയത്. തലേ ദിവസം 23 ലക്ഷം പേർ ഒരേ സമയം സംഗമിച്ചതിെൻറ അടയാളങ്ങളൊന്നും അവിടെയില്ല. ഒന്നും സംഭവിക്കാത്ത പോലെ അറഫയും ജബലുറഹ്മയും നിസ്സംഗമായി നിൽക്കുന്നു. കഅ്ബയുടെ മുകളിലൂടെ പറന്നപ്പോൾ മനം നിറഞ്ഞു തുളുമ്പി. പട്ടണവഴികളെല്ലാം സാധാരണപോലെ.
കൂടാരനഗരമായ മിന ശാന്തമായ കടൽപോലെ. മിനായിൽ എല്ലാ വഴികളും ജംറയിലേക്ക് ശാന്തമായി ഒഴുകുന്നു. ജംറാത്തിലേക്ക് നിറഞ്ഞ ബോഗികളുമായി കൂകിപ്പാഞ്ഞുകെണ്ടേയിരിക്കുന്ന മശാഇർ മെട്രോ. ലോകം മുഴുവൻ വന്നാലും ഉൾകൊള്ളാൻ പാകത്തിലാണ് ജംറാത്ത് സംവിധാനിച്ചിരിക്കുന്നത്. അത്രമേൽ ശാസ്ത്രീയമായി നിർമിച്ചതിനാൽ എല്ലാവർക്കും പ്രയാസം കൂടാതെ കല്ലെറിയാൻ സാധിക്കുന്നു. ആസൂത്രണത്തിെൻറ ലോകോത്തര മാതൃകയാണിത്.എത്രയൊക്കെ സംവിധാനങ്ങളുണ്ടായാലും ഇത്രയധികം മനുഷ്യർ ഒരേ സമയം ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുേമ്പാൾ ദുരന്തങ്ങളും അത്യാഹിതങ്ങളും പ്രതീക്ഷിക്കണം. പ്രത്യേകിച്ച് പല തരം മനുഷ്യർ. പല ദേശക്കാർ. വ്യത്യസ്ത ഭാഷയും സംസ്കാരവും പെരുമാറ്റ രീതികളുമുള്ളവർ. ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് വലിയൊരു മാനേജ്മെൻറ് ശാസ്ത്രമാണ്. സൗദി അറേബ്യ അവരുടെ പട്ടാളത്തെയും പൊലീസിനെയും മറ്റ് സേനകളെയും സർക്കാർ ജീവനക്കാരെയും ഇൗ ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമുള്ളവരാക്കി മാറ്റിയെടുക്കുന്നു. മിനായിലെ ഹജ്ജ് സെക്യൂരിറ്റി ഫോഴ്സ് കേന്ദ്രം സന്ദർശിക്കാനും അവസരം ലഭിച്ചു. അവിടെ വിന്യസിച്ച സ്ക്രീനുകളിൽ പുണ്യഭൂമിയുടെ ഒാരോ ഇടങ്ങളിലും എന്താണ് നടക്കുന്നത് എന്ന് കാണാം. 5900 കാമറകളാണ് ഹജ്ജ് സുരക്ഷാകേന്ദ്രം പുണ്യഭൂമിയിൽ വിന്യസിച്ചിരിക്കുന്നത്.
911 എന്ന കേന്ദ്രീകൃത ഒാപറേഷൻ സെൻറർ സ്ഥാപിച്ച ആയിരക്കണക്കിന് കാമറകൾ വേറെയുമുണ്ട്. ഇൗ സ്ക്രീനുകൾ സദാ നിരീക്ഷിച്ച് തൽസമയ സുരക്ഷാ നടപടികൾ സ്വീകരിച്ചുകൊണ്ടിരുക്കും പൊലീസ്. ഹജജ്^ഉറ കാലത്തെ മക്കക്ക് സുരക്ഷ ഉറപ്പുവരുത്താനാണ് മിനയിലെ പ്രത്യേക കേന്ദ്രം. ഒാരോ വർഷത്തെ ഹജ്ജ് കഴിയുേമ്പാഴും അടുത്ത ഹജ്ജിനുള്ള സുരക്ഷാ ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് സെക്യൂരിറ്റിഫോഴ്സ് മേധാവി പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളുടെ ഏകീകൃത സെൻറർ കൂടിയാണിത്. ഒാരോ വർഷവും സർക്കാർ വിഭാഗങ്ങളിൽ നിന്നും സ്വകാര്യമേഖലയിൽ നിന്നും പ്ളാനുകൾ സ്വീകരിച്ചാണ് ഹജ്ജ് സെക്യരിറ്റി ഫോഴ്സ് പ്്ളാൻ തയാറാക്കുന്നത്. 87 പ്ളാനുകളാണ് ഇത്തവണ വിവിധ വിഭാഗങ്ങളിൽ നിന്നായി ലഭിച്ചതെന്ന് കമാൻറ് ആൻറ് കൺട്രോൾ സെൻറർ മേധാവി പറഞ്ഞു.
ഹജ്ജിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന കൺേട്രാൾ റൂമിൽ കൂറ്റൻ സ്ക്രീനിൽ എല്ലാ പുണ്യസ്ഥലങ്ങളും ദൃശ്യമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായില്ലെന്ന് കൺട്രോൾ റൂം മേധാവി ഇബ്രാഹിം അൽ ബുഷരി പറഞ്ഞു. ഇതെല്ലാം തെളിയിക്കുന്നത് ആസൂത്രണത്തിെൻറ അപാരമായ മികവുകളാണ്. തീർഥാടകരുടെ യാത്രാ സംവിധാനങ്ങളുെട ക്രമീകരണമാണ് മറ്റൊരു പ്രധാന യജ്ഞം. വിമാനങ്ങൾ, ബസുകൾ, കപ്പലുകൾ എന്നിവയാണ് നിലവിൽ ഹാജിമാരുടെ യാത്രക്ക് ഉപയോഗിക്കുന്നത്. അടുത്ത വർഷം മുതൽ ഹറമൈൻ ട്രെയിൻ കൂടി യാഥാർഥ്യമാവുന്നതോടെ ഹാജിമാരുടെ മക്ക, മദീന യാത്ര ആനന്ദകരമാവും എന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.