യാമ്പു പൈതൃകപാർക്കിൽ ദേശീയ ദിനാഘോഷ പരിപാടികൾ തുടങ്ങി
text_fieldsയാമ്പു: ദേശീയ ദിനത്തിെൻറ ഭാഗമായി യാമ്പുവിലെ ഹെറിറ്റേജ് പാർക്കിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി വ്യത്യസ്തതകളോടെയാണ് ആഘോഷനഗരി ഒരുക്കിയത്. യാമ്പു ഗവർണർ എൻജിനീയർ മുസാഇദ് യഹ്‌യ സലിം ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. സർക്കാർ വകുപ്പുമേധാവികൾ ചടങ്ങിൽ സന്നിഹിതരായി. സൗദിയുടെ സാംസ്കാരിക പൈതൃകങ്ങൾ പ്രകടമാക്കുന്ന ദൃശ്യങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു. മക്ക, മദീന,റിയാദ്,നജ്‌റാൻ, ജിദ്ദ, ദമാം, ജിസാൻ,സക്കാക്ക, കസീം, തബൂക്ക്, അസീർ,യാമ്പു പ്രദേശങ്ങളുടെ പ്രതാപം വിളിച്ചോതുന്ന ചരിത്ര ശേഷിപ്പുകളുടെ കളിമൺ മാതൃകകളും ആവിഷ്കാരങ്ങളും ഉണ്ട്.
മക്കയിലെ മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മദായിൻ സാലിഹിലെ ചരിത്രശേഷിപ്പുകൾ എന്നിവയുടെ മോഡലുകൾ മനോഹരമാണ്. ആധുനിക സൗദിയുടെ അടയാളങ്ങൾ രേഖപ്പെടുത്തുന്ന മക്കയിലെ ക്ളോക്ക് ടവർ, റിയാദിലെ കിങ്‌ഡം ടവർ, ജിദ്ദയിലെ ചരിത്ര കവാടം തുടങ്ങിയവയെല്ലാം ആവിഷ്കരിച്ചിട്ടുണ്ട്. സൗദി ഭരണാധികാരികളുടെ ചരിത്രങ്ങൾ വ്യക്തമാക്കുന്ന ഫോട്ടോ പ്രദർശനവും ഒരുക്കി. ആയിരക്കണക്കിനാളുകൾ ആഘോഷ പരിപാടികൾ കാണാൻ നഗരിയിൽ എത്തുന്നുണ്ട്. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും സൗദിയുടെ പതാകയുമേന്തി നടത്തിയ റോഡ് ഷോ ശ്രദ്ധേയമായിരുന്നു. പാരമ്പര്യം വിളിച്ചോതുന്ന കലാ സാംസ്കാരിക പരിപാടികൾ കാണികളുടെ കയ്യടി നേടി.
ദേശീയ ദിനത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടികൾക്കും മത്സരങ്ങൾക്കും തുടക്കം കുറിച്ചു. പച്ചപ്പ് നിലനിർത്തുക എന്ന ആശയം വരുന്ന ‘ഖല്ലിഹാ ബിൽ അഖ്ദർ’ എന്ന സന്ദേശമാണ് നഗരിയിലെങ്ങും എഴുതിവെച്ചത്. സൗദി അറേബ്യ ഇന്ന് എത്തിപ്പെട്ട വഴികൾ പുതു തലമുറക്ക് ബോധ്യപ്പെടുത്തുന്നതോടൊപ്പം രാജ്യത്തോടുള്ള സ്നേഹം ശക്തിപ്പെടുത്താനും പച്ചപ്പിൽ അഭിമാനം കൊള്ളാനും ആഹ്വാനം ചെയ്യുന്നതാണ് പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.