അവധി രണ്ടുനാളാക്കി; പുതിയ മാനം നൽകി ദേശീയദിനാഘോഷം
text_fieldsറിയാദ്: ദേശീയദിനാഘോഷത്തിന് പുതിയ മാനം നൽകി പൊതുഅവധി രണ്ടുനാളാക്കി സൽമാൻ രാജാവ് ഉത്തരവിട്ടു. സൗദി അറേബ്യൻ ഏകീകരണത്തിെൻറ വാർഷികദിനമായ സെപ്റ്റംബർ 23ന് മാത്രമായിരുന്നു ഇതുവരെയെങ്കിൽ ഇക്കുറി തൊട്ടടുത്ത ദിവസത്തേക്ക് കൂട്ടി നീട്ടി. ഇതോടെ തിങ്കളാഴ്ചയും പൊതുഅവധിയായി. 1932 സെപ്റ്റംബർ 23നാണ് അബ്ദുൽ അസീസ് രാജാവ് അറേബ്യയിലെ വിവിധ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് സൗദി അറേബ്യ സ്ഥാപിച്ചത്. അതിെൻറ വാർഷികം ഇത്തവണ മുൻകാലങ്ങളെക്കാൾ പ്രൗഢോജ്ജ്വലമായി ഞായറാഴ്ച രാജ്യമൊട്ടുക്ക് കൊണ്ടാടി. മുഴുവൻ നഗരങ്ങളും പട്ടണങ്ങളും തെരുവീഥികളും എടുപ്പുകളുമെല്ലാം പച്ചപുതച്ച് മിന്നിത്തിളങ്ങി.
ആകാശത്തും ഹരിത ശോഭ വിരിഞ്ഞു. ഒമ്പത് ലക്ഷം കരിമരുന്നുകളുടെ പ്രയോഗം ഗിന്നസ് റെക്കോർഡ് ഭേദിച്ചു. രാജ്യത്തെ 58 സ്ഥലങ്ങളിലാണ് കരിമരുന്ന് പ്രയോഗം നടന്നത്. കമ്പപൂത്തിരികളുടെ വെളിച്ചം ആകാശത്ത് ദേശീയ പതാകയുടെ ഹരിത വർണം വരച്ചു. അതിൽ 300 ഡ്രോണുകൾ ലേസർ രശ്മികൾ കൊണ്ട് രാജ്യമുദ്രയും ആപ്തവാക്യവും എഴുതി. ഇതും മറ്റൊരു ഗിന്നസ് റെക്കോർഡായി. ഇതിനിടെ 88ാം ദേശീയദിനം പ്രമാണിച്ച് സൽമാന രാജാവ് ഗുരുതര കുറ്റകൃത്യങ്ങളിൽ പെടാത്ത തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. താഇഫ് മേഖലയിലെ ജയിലുകളിൽ കഴിയുന്നവർക്കാണ് ഇൗ ആനുകൂല്യം.
ക്രിമിനൽ കേസുകളിൽ അല്ലാത്ത മറ്റ് കേസുകളിൽപെട്ട് ജയിലുകളിൽ കഴിയുന്ന മുഴുവനാളുകളേയും മോചിപ്പിക്കാനാണ് നിർദേശം. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ താഇഫ് സന്ദർശനത്തെ തുടർന്നാണ് രാജകൽപനയുണ്ടായത്.
അതിനിടെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പുറപ്പെടുവിച്ച പ്രസ്താവനയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജ്യത്തിെൻറ സമഗ്ര പരിവർത്തന പദ്ധതി ‘വിഷൻ 2030’െൻറ ലക്ഷ്യ പൂർത്തീകരണത്തിനും ഇൗ വർഷത്തെ ഹജ്ജ് തീർഥാടനം വിജയകരമാക്കാനും സൗദി ജനത നൽകുന്ന സംഭാവനകളെ പ്രകീർത്തിച്ചു.
തലസ്ഥാന നഗരിയിലെ ആദ്യകാല ഭരണസിരാകേന്ദ്രമായിരുന്ന ബത്ഹയിലെ മുറബ്ബ ഡിസ്ട്രിക്റ്റിലുള്ള റിയാദ് നാഷനൽ മ്യൂസിയത്തിലും ചേർന്നുള്ള അൽവത്വൻ പാർക്കിലും ശനിയാഴ്ച മുതലേ ആഘോഷപരിപാടികൾ തുടങ്ങിയിരുന്നു. സൗദി കുടുംബങ്ങളടക്കം വൻ തിരക്കാണ് ഇവിടെ. റിയാദ് നഗരത്തിെൻറ ആദ്യ ലാൻഡ് മാർക്കായ വാട്ടർ ടാങ്ക് ടവറും മ്യൂസിയം, കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻറർ, ലൈബ്രറി കെട്ടിടങ്ങളും ദീപാലങ്കാരങ്ങൾ കൊണ്ട് പച്ചവെളിച്ചത്തിെൻറ ഒരു മായികലോകം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഇൗ കാഴ്ച തന്നെ ഹൃദയഹാരിയാണ്. മുൻകാലങ്ങളിലെ പോലെ ഇത്തവണയും ഗൂഗ്ൾ പച്ചവർണമണിഞ്ഞ ഡൂഡിലുണ്ടാക്കി സൗദി ആഘോഷത്തിൽ പങ്കാളിയായി. ആദ്യകാല തപാൽ മുദ്ര ഡൂഡിലിൽ പതിച്ചാണ് ഏറ്റവും വലിയ ബ്രൗസർ എൻജിൻ സൗദിയെ ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.