ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളായ നഞ്ചിയമ്മയും സുരഭി ലക്ഷ്മിയും റിയാദിലെത്തി
text_fieldsറിയാദ്: നവോദയ സാംസ്കാരിക വേദിയുടെ 13-ാം വാർഷികാഘോഷമായ 'നാട്ടുത്സവം' വെള്ളിയാഴ്ച വൈകീട്ട് ആറിന് റിയാദ് അൽഹൈറിലെ അൽഉവൈദ ഫാമിൽ അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കാൻ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളായ നഞ്ചിയമ്മയും സുരഭി ലക്ഷ്മിയും പ്രശസ്ത ഹാസ്യകലാകാരനും നടനുമായ വിനോദ് കോവൂർ, നാടൻപാട്ട് കലാകാരിയും കേരള ഫോക്ലോർ അക്കാദമി നിർവാഹകസമിതി അംഗവുമായ പ്രസീത ചാലക്കുടി, നാടൻപാട്ട് ഗായകൻ മനോജ് പെരുമ്പിലാവ്, ഹാസ്യകലാകാരൻ സി.ടി. കബീർ എന്നിവരും റിയാദിലെത്തി.
കാൽനൂറ്റാണ്ടായി നാടൻപാട്ടുകൾ പാടി നടന്ന തന്നെ ഇന്നത്തെ നിലയിൽ പ്രശസ്തയാക്കിയത് സച്ചി എന്ന സംവിധായകനാണെന്നും ഇന്ന് ലോകത്ത് എവിടെ ചെന്നാലും മലയാളികൾ സ്നേഹത്തോടെ അണച്ചുപിടിക്കുകയാണെന്നും മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാര ജേതാവായ നഞ്ചിയമ്മ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞാൻ 14 ജില്ലകളിലും പോയി പാടിയിട്ടുണ്ട്. എന്നാൽ സച്ചി എന്ന സംവിധായകന്റെ അയ്യപ്പനും കോശിയും സിനിമയിൽ പാടിയ ശേഷമാണ് കേരളത്തിലുള്ളവർ പോലും എന്നെ അറിഞ്ഞതെന്നും ഇന്ന് ദിവസം അഞ്ഞൂറ് പേരെങ്കിലും തന്നെ കാണാൻ അട്ടപ്പാടിയിലെ വീട്ടിൽ വരാറുണ്ടെന്നും അത് വലിയ സന്തോഷമാണ് നൽകുന്നതെന്നും അവർ പറഞ്ഞു. അട്ടപ്പാടിയിൽ ചിത്രീകരിച്ച കുമാരി എന്ന സിനിമ ഉടൻ പുറത്തിറങ്ങുമെന്നും ആ സിനിമയിൽ നാഞ്ചിയമ്മയുടെ ഭാഷയാണ് തന്റെ കഥാപാത്രം സംസാരിക്കുന്നതെന്നും നടി സുരഭി ലക്ഷ്മി പറഞ്ഞു. ജിദ്ദയിലും ദമ്മാമിലും മുമ്പ് വന്നിട്ടുണ്ടെങ്കിലും റിയാദിൽ ആദ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
മീഡിയാവണ്ണിലെ എം80 മൂസ എന്ന സീരിയൽ അവസാനിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും ആളുകൾക്ക് താൻ മൂസയും സുരഭി പാത്തുമ്മയുമാണെന്നും നാലുവർഷം മാത്രം സംപ്രേഷണം ചെയ്ത ആ പരിപാടി അത്രമാത്രം ജനങ്ങളുടെ മനസിൽ പതിഞ്ഞുപോയെന്നും വിനോദ് കോവൂർ പറഞ്ഞു. മൂസ കഴിഞ്ഞാൽ പിന്നെ 'മറിമായം' പരിപാടിയിലെ മൊയ്തുവാണ് ആളുകളുടെ മനസിൽ താൻ. മറ്റൊരു സീരിയലിൽ അപ്പുണ്ണി എന്ന കഥാപാത്രം ഞാനിപ്പോൾ ചെയ്യുന്നുണ്ട്. ഇനി പേര് മാറും എന്ന് പ്രതീക്ഷിക്കുകയാണെന്നും വിനോദ് കൂട്ടിച്ചേർത്തു.
കേരളത്തിന്റെ തനത് നാടോടി കലകളെ കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാൻ സ്കൂളുകളിൽ പ്രതിദിനം ഒരു പീര്യഡ് മാറ്റിവെക്കണമെന്ന് പ്രസീത ചാലക്കുടി, മനോജ് പെരുമ്പിലാവ് എന്നിവർ ആവശ്യപ്പെട്ടു. നാടൻ പാട്ടുകൾക്ക് മുമ്പെങ്ങത്തേക്കാളും പ്രിയമാണ് ഇപ്പോഴെന്നും പഴയ നാടൻ പാട്ടുകൾ പുതിയ രൂപത്തിൽ വരട്ടെയെന്നും ജനങ്ങൾക്ക് ഇഷ്ടപ്പെട്ട രീതികളിൽ അത് ആസ്വദിക്കപ്പെടട്ടെയെന്നും പ്രസീത പറഞ്ഞു. വിനോദ് കോവൂരാണ് തന്നിലെ കലാകാരനെ വളർത്തിയതെന്നും സൗദിയിൽ മുമ്പ് വന്നിട്ടുണ്ടെന്നും എം80 മൂസയിൽ മൂസയുടെ അളിയൻ കഥാപാത്രമായ സി.ടി. കബീർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ നവോദയ ഭാരവാഹികളായ കുമ്മിൾ സുധീർ, ബാബുജി, രവീന്ദ്രൻ പയ്യന്നൂർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.