നാഷനൽ പ്രവാസി സാഹിത്യോത്സവ്: കെ.ഇ.എൻ മുഖ്യാതിഥി
text_fieldsദമ്മാം: 13ാമത് സൗദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിൽ എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രഭാഷണങ്ങളിലും രചനകളിലും പുതിയ കാലത്തോട് പുലർത്തേണ്ട ജാഗ്രത സന്നിവേശിപ്പിച്ച സാംസ്കാരിക പ്രവർത്തകനാണ് കെ.ഇ.എൻ എന്ന് അവർ പറഞ്ഞു. രാഷ്ട്രീയബോധമുള്ള പൗരനിർമിതിയിലും സംവാദാത്മക പോർമുഖങ്ങളുടെ പരിസര സൃഷ്ടിപ്പിലും പ്രവാസി സാഹിത്യോത്സവ് സമൂഹത്തിൽ നിർവഹിച്ചുപോരുന്ന ദൗത്യപൂരണത്തിന് വലിയ മുതൽക്കൂട്ടാകും അദ്ദേഹത്തിന്റെ സാന്നിധ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ഐ.പി.ബി ഡയറക്ടർ മജീദ് അരിയല്ലൂരും നാഷനൽ സാഹിത്യോത്സവിൽ സംബന്ധിക്കും. ഈ മാസം 27ന് നടക്കുന്ന സാഹിത്യോത്സവിൽ ‘യുവതലമുറയുടെ സംവാദാത്മകത; രാഷ്ട്രീയ പ്രവാസത്തിന്റെ സാധ്യത’ എന്ന വിഷയത്തിൽ ചർച്ചയും സംവാദവും നടക്കും. കിഴക്കൻപ്രവിശ്യയിലെ സാംസ്കാരിക, മാധ്യമപ്രവർത്തകർ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. സാംസ്കാരിക സദസ്സ് കെ.ഇ.എൻ. കുഞ്ഞഹമ്മദും സമാപന സമ്മേളനം മജീദ് അരിയല്ലൂരും ഉദ്ഘാടനം ചെയ്യും.
കലാലയം സാംസ്കാരിക വേദിയാണ് സാഹിത്യോത്സവ് സംഘാടകർ. 30 വയസ്സ് വരെയുള്ള യുവതീയുവാക്കൾക്ക് വേണ്ടി പ്രവാസലോകത്ത് വ്യവസ്ഥാപിതമായി നടക്കുന്ന ഏകശ്രേണീമത്സരമാണ് സാഹിത്യോത്സവ്. പ്രാദേശിക യൂനിറ്റ് തലം മുതൽ മൂന്ന് ഘട്ടങ്ങളിലായി മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തുന്ന പ്രതിഭകളാണ് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കാനെത്തുക. അൽ ജൗഫ്, ഖസീം, ഹാഇൽ, റിയാദ് സിറ്റി, റിയാദ് നോർത്ത്, അൽഅഹ്സ, ദമ്മാം, അൽഖോബാർ, ജുബൈൽ തുടങ്ങിയ ഒമ്പത് സോണുകളിൽനിന്ന് മത്സരാർഥികളെത്തും.
സ്വാഗതസംഘം ചെയർമാൻ അഷ്റഫ് പട്ടുവം, ജനറൽ കൺവീനർ ഹബീബ് ഏലംകുളം, ജോയൻറ് കൺവീനർ ഇഖ്ബാൽ വെളിയങ്കോട്, ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ സെക്രട്ടറി അബ്ദുൽ റഊഫ് പാലേരി, നാഷനൽ കലാലയം സെക്രട്ടറി മുഹമ്മദ് സ്വാദിഖ് സഖാഫി, നാഷനൽ മീഡിയ സെക്രട്ടറി അനസ് വിളയൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.