മാനവിക, സാേങ്കതികശേഷി വർധിപ്പിക്കും –കിരീടാവകാശി
text_fieldsജിദ്ദ: സൗദിയിൽ ദേശീയ ഗതാഗത, ലോജിസ്റ്റിക് പദ്ധതി ആരംഭിച്ചു. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് കേന്ദ്രമെന്നനിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഇനിയും കൂടുതൽ ഉയർത്തിക്കൊണ്ടുവരുക, എല്ലാസേവനങ്ങളും ഗതാഗതമാർഗങ്ങളും നവീകരിക്കുക, രാജ്യത്തെ സമഗ്ര വികസനപ്രക്രിയയെ പിന്തുണക്കുന്ന ലോജിസ്റ്റിക് സംവിധാനത്തെ ആധുനിക രീതിയിൽ വികസിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
സാമ്പത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന പദ്ധതികളുൾക്കൊണ്ടാണ് പുതിയ ലോജിസ്റ്റിക് പദ്ധതി. ഇതിെൻറ ഭാഗമായാണ് ഗതാഗതമന്ത്രാലയത്തെ 'ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയ' മാക്കാൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്.
ദേശീയ ഗതാഗത, ലോജിസ്റ്റിക് പദ്ധതി രാജ്യത്തെ മാനവികവും സാേങ്കതികവുമായ ശേഷികൾ വർധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത സൗദി കിരീടാവകാശിയും ഗതാഗത, ലോജിസ്റ്റിക് സുപ്രീം കമ്മിറ്റി അധ്യക്ഷനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
ആഗോള സമ്പദ് വ്യവസ്ഥയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും സാധിക്കും. ലോജിസ്റ്റിക് രംഗത്ത് നൂതന വ്യവസായം ആരംഭിക്കുന്നതിലൂടെ ഭൂഖണ്ഡങ്ങളുടെ മധ്യത്തിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്താൻ സൗദി അറേബ്യക്ക് സാധിക്കും. സേവനങ്ങൾക്ക് ഉയർന്നനിലവാരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കാൻ സഹായിക്കും. ലോജിസ്റ്റിക് മേഖലയിലെ ഉൽപാദനക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് വേണ്ട മാതൃകകൾ പ്രയോഗിക്കാൻ കഴിയുമെന്നും കിരീടാവകാശി പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളുടെ വികസനം, രാജ്യത്ത് നിരവധി പ്ലാറ്റ്ഫോമുകളും ലോജിസ്റ്റിക് മേഖലകളും ആരംഭിക്കുക, നൂതന ഒാപറേറ്റിങ് സംവിധാനങ്ങൾ പ്രയോഗിക്കുക, സർക്കാർസംവിധാനങ്ങളും സ്വകാര്യമേഖലകളും തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവ പദ്ധതിയിലുൾപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.
വ്യോമയാനരംഗത്ത് സൗദി അറേബ്യയെ ലോകത്തിലെ അഞ്ചാമത്തെ സ്ഥാനത്തേക്ക് ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 250ലധികം ആയി ഉയർത്തുക, പുതിയ ദേശീയ വിമാനക്കമ്പനി ആരംഭിക്കുക, എയർ കാർഗോ 45 ലക്ഷം ടൺ ആക്കുക, സമുദ്ര ഗതാഗതരംഗത്ത് പ്രതിവർഷം കണ്ടെയ്നറുകളുടെ എണ്ണം 40 ലക്ഷത്തിലധികമാക്കുക, തുറമുഖങ്ങളിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, അന്താരാഷ്ട്ര കപ്പൽപാതകളുമായുള്ള ബന്ധം വിപുലീകരിക്കുക, റെയിൽ, റോഡ് എന്നിവയുമായി തുറമുഖങ്ങളെ ബന്ധിപ്പിക്കുക എന്നിവ പദ്ധതിയിലുൾപ്പെടും. കൂടാതെ അതിവേഗ ഗതാഗത പദ്ധതികൾ, മികച്ച റോഡ് ശൃംഖല, ഗർഫ് മേഖലയിലെ തുറമുഖങ്ങളുമായി രാജ്യത്തിെൻറ തുറമുഖങ്ങളെ ബന്ധിപ്പിക്കുക തുടങ്ങിയവയും പദ്ധതിയിലുൾപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.